ഗൃഹനാഥന്റെ മൃതദേഹം ചാക്കിൽ കെട്ടി അയൽവാസിയുടെ സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ, പോലീസ് പരിശോധനയിൽ പുറത്തുവന്നത് ഞെട്ടിക്കുന്ന കൊലപാതക വിവരം, മൃതദേഹത്തിന് പൊലീസ് കാവൽ ഏർപെടുത്തി...!

കാസർകോട് കാണാതായ ഗൃഹനാഥന്റെ മൃതദേഹം ചാക്കിലാക്കി സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ കണ്ടെത്തി. സീതാംഗോളി ചൗക്കാട് പിരിപ്പള്ളത്തെ തോമസ് ക്രാസ്റ്റയുടെ (63) മൃതദേഹമാണ് അയൽവാസിയുടെ പറമ്പിലെ അന്യസംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന ഇടത്തെ സെപ്റ്റിക് ടാങ്കിൽ തള്ളിയ നിലയിൽ കണ്ടെത്തിയത്. 25 വർഷം മുമ്പ് വിവാഹ ബന്ധം വേർപെടുത്തിയ ശേഷം ഒറ്റക്ക് സുഹൃത്തുക്കളുടെ ഒപ്പം ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു ഇയാൾ.
എന്നാൽ രണ്ട് ദിവസമായി തോമസ് ക്രാസ്റ്റയെ കാണാത്തതിനെ തുടർന്ന് അയൽവാസികൾ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നി പ്രദേശവാസികൾ നൽകിയ വിവരത്തെ തുടർന്ന് ബദിയഡുക്ക എസ്.ഐ കെ പി വിനോദ് കുമാറും സംഘവും എത്തി പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തായത്.
പൊലീസ് സ്ഥലത്തെത്തി കക്കൂസ് കുഴിയുടെ കോൺക്രീറ്റ് മൂടി തുറന്നു നോക്കിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ചാക്കിന്റെ കെട്ടുകൾ പൂർണ്ണമായി അഴിച്ചിട്ടില്ല. മൃതദേഹം പൊലീസ് പുറത്തെടുത്തിട്ടുമില്ല. മരണത്തിൽ നിറയെ ദുരൂഹതകൾ ഉള്ളതിനാൽ ഇന്ന് രാവിലെ മാത്രമേ പൊലീസ് ചാക്ക് കെട്ട് തുറന്ന് മൃതദേഹം പുറത്തെടുക്കുകയുള്ളൂ. ഞായറാഴ്ച രാവിലെ ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.
അതുവരെ മൃതദേഹത്തിന് പൊലീസ് കാവൽ ഏർപെടുത്തി. വിരലടയാള വിദഗ്ധരും പൊലീസ് നായ ഉൾപെടെയുള്ള സന്നാഹങ്ങളും ഞായറാഴ്ച രാവിലെ സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. കൊല നടത്തിയത് ആരാണെന്നതടക്കമുള്ള വിവരങ്ങൾ ലഭിച്ചിട്ടില്ലെന്നും അന്വേഷണം ഊർജിതമാക്കിയെന്നും ബദിയടുക്ക എസ്.ഐ വിനോദ് കുമാർ പറഞ്ഞു.
https://www.facebook.com/Malayalivartha






















