എം ശിവശങ്കര്‍ കാക്കനാട് ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങി... ചികിത്സ ആവശ്യത്തിന് മാത്രം ഈ കാലാവധി ഉപയോഗിക്കണമെന്ന കര്‍ശന വ്യവസ്ഥയിലാണ് ജാമ്യം

ലൈഫ് മിഷന്‍ കോഴ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് ഇടക്കാല ജാമ്യം ലഭിച്ച എം ശിവശങ്കര്‍ കാക്കനാട് ജില്ലാ ജയിലില്‍ നിന്നും പുറത്തിറങ്ങി. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ജാമ്യാപേക്ഷയിലാണ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചത്. ചികിത്സ ആവശ്യത്തിന് മാത്രം ഈ കാലാവധി ഉപയോഗിക്കണമെന്ന കര്‍ശന വ്യവസ്ഥയിലാണ് ജാമ്യം. ജയില്‍ നിന്നും ചികിത്സയ്ക്കായി കൊണ്ട് പോകാന്‍ ശിവശങ്കറിന്റെ കുടുംബം എത്തിയിരുന്നു.
ഇഡി രജിസ്റ്റര്‍ ചെയ്ത ലൈഫ് മിഷന്‍ കോഴ കേസില്‍ ഒന്നാം പ്രതിയായ എം ശിവശങ്കര്‍ ഫെബ്രുവരി 14 മുതല്‍ റിമാന്‍ഡിലാണ്. സുപ്രീം കോടതി ഉത്തരവിന് പുറമെ സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസിലെ പ്രൊഡക്ഷന്‍ വാറണ്ട് പിന്‍വലിച്ചുള്ള സെഷന്‍സ് കോടതി ഉത്തരവ് ജയിലില്‍ ലഭിച്ച ശേഷം ഉച്ചക്ക് 2.30 മണിയോടെ ആണ് ശിവശങ്കര്‍ ജയില്‍ മോചിതനായത്.
ചികിത്സയ്ക്ക് വേണ്ടി സുപ്രീംകോടതിയാണ് ശിവശങ്കറിന് രണ്ട് മാസത്തേക്ക് ജാമ്യം അനുവദിച്ചത്. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ജാമ്യം. കസ്റ്റഡിയില്‍ ശസ്ത്രക്രിയ നടത്താം എന്ന ഇഡിയുടെ വാദം കോടതി തള്ളി. നട്ടെല്ലിന് ശസ്ത്രക്രിയ വേണമെന്ന് നിര്‍ദ്ദേശിച്ച് എറണാകുളം മെഡിക്കല്‍ കോളേജിലെ വിദഗ്ധര്‍ നല്കിയ റിപ്പോര്‍ട്ട് എം ശിവശങ്കര്‍ ഹാജരാക്കി. കേസിലെ മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം കിട്ടിയതാണെന്നും എം ശിവശങ്കറിന്റെ അഭിഭാഷകന്‍ ജയ്ദദിപ് ഗുപ്ത ചൂണ്ടിക്കാട്ടി.
ജാമ്യാപേക്ഷയെ ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായി എതിര്‍ത്തു. കസ്റ്റഡിയില്‍ തുടരുമ്പോള്‍ തന്നെ ശിവശങ്കര്‍ നിശ്ചയിക്കുന്ന ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്താവുന്നതാണെന്ന് തുഷാര്‍ മേത്ത വാദിച്ചു. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് ശേഷവും ചികിത്സ വേണ്ടി വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് രണ്ട് മാസത്തെ ജാമ്യം കോടതി നല്കിയത്. സാക്ഷികളെ കാണുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്ന കര്‍ശന ഉപാധിയോടെയാണ് ജാമ്യം. ലൈഫ് മിഷന്‍ കേസില്‍ ഫെബ്രുവരി പതിനാലിനാണ് എം ശിവശങ്കറെ ഇഡി അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
https://www.facebook.com/Malayalivartha























