കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രത്തില്‍ കൈകുടുങ്ങിയ യുവാവിനെ ഒടുവില്‍ കൈ മുറിച്ച് മാറ്റി രക്ഷപ്പെടുത്തി

കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രത്തില്‍ കൈകുടുങ്ങിയ യുവാവിനെ ഒടുവില്‍ കൈ മുറിച്ച് മാറ്റി രക്ഷപ്പെടുത്തി. യന്ത്രം വൃത്തിയാക്കുന്നതിനിടെ കൈ കുടുങ്ങി പൂവാര്‍ തിരുപുറം അംബേദ്കര്‍ നഗറില്‍ മനു എന്ന അരുണ്‍കുമാറാണ് (31) ഒരുമണിക്കൂറോളം നരകയാതന അനുഭവിച്ചത്. വിഴിഞ്ഞം കാവുവിളാകം തോട്ടിന്‍കരയിലെ നടവഴിയില്‍ വ്യാഴാഴ്ച വൈകിട്ട് 4.30ഓടെയായിരുന്നു അപകടം.
വലതുകൈപ്പത്തി ഉള്‍പ്പെടെയുള്ള ഒരു ഭാഗം ചതഞ്ഞ് യന്ത്രത്തില്‍ കുടുങ്ങിക്കിടന്നിരുന്നു. ഒരു മണിക്കൂറോളം വേദനയില്‍ പുളഞ്ഞ് രക്തം വാര്‍ന്ന മനുവിനെ ഒപ്പമുണ്ടായിരുന്നവര്‍ ഗ്ലൂക്കോസും വെള്ളവും ഇടയ്ക്കിടെ നല്‍കി ആശ്വസിപ്പിച്ചു. ഇതിനുശേഷം മനുവിനെയും ഒടിഞ്ഞ് തൂങ്ങിയ കൈയും ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
നഗരസഭയുടെ ഇടവഴികള്‍ കോണ്‍ക്രീറ്റ് ചെയ്യുന്ന പദ്ധതി ഭാഗമായി നടന്ന ജോലിക്കുശേഷം യന്ത്രം വൃത്തിയാക്കുമ്പോഴാണ് അപകടം. യന്ത്രം ഓഫാക്കാതെ പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച് വൃത്തിയാക്കവേയായിരുന്നു മനുവിന്റെ കൈ കുടുങ്ങിയത്. യന്ത്രത്തിന്റെ ചക്രങ്ങള്‍ക്കിടയില്‍ ചാക്ക് കുടുങ്ങി കൈ അകപ്പെടുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഒടുവില്‍ ഫയര്‍ഫോഴ്‌സിനെയും വിഴിഞ്ഞം പൊലീസിനെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി യന്ത്രത്തിന്റെ ലോക്ക് കട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ഡോ.എസ്. ആമിന സ്ഥലത്തെത്തി കൈ മരവിപ്പിച്ച ശേഷം മുട്ടിന് മുകളില്‍വച്ച് മുറിച്ചുമാറ്റിയാണ് യുവാവിനെ രക്ഷിച്ചത്.
https://www.facebook.com/Malayalivartha























