ഹിന്ദു ഐക്യവേദി പ്രതിഷേധ മാര്‍ച്ച്... മിത്ത് വിവാദം തുടരുമെന്ന സൂചനയുമായി നേതാക്കള്‍; ഇന്ന് വിശ്വാസം സംരക്ഷിക്കുന്നവരെ അന്ന് കണ്ടില്ലല്ലോ എന്ന് ഷംസീര്‍; പ്രതിഷേധം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി; ഓഗസ്റ്റ് 9 ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് ഹിന്ദു ഐക്യവേദി പ്രതിഷേധ മാര്‍ച്ച്

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നേയെന്ന പോലെ മറ്റൊരു വിവാദമായി മിത്ത് മാറുകയാണ്. അതിനിടെ വിശ്വാസവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി സ്പീക്കര്‍ എഎന്‍ ഷംസീര്‍ രംഗത്തെത്തി. വിശ്വാസം സംരക്ഷിക്കാന്‍ തെരുവില്‍ അടിയേറ്റവരാണ് കമ്മ്യൂണിസ്റ്റുകാരെന്നും വിശ്വാസികള്‍ക്ക് എതിരാണ് ഞങ്ങള്‍ കമ്യൂണിസ്റ്റുകാരെന്ന് പറയാന്‍ കഴിയുമോ എന്നും സ്പീക്കര്‍ കണ്ണൂരില്‍ ബാലസംഘത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് ചോദിച്ചു.
വിശ്വാസം സംരക്ഷിക്കാന്‍ തെരുവില്‍ അടിയേറ്റവരാണ് കമ്മ്യൂണിസ്റ്റുകാര്‍. അന്ന് അവര്‍ കൊണ്ട തല്ലിന്റെ ഭാഗമായാണ് വിശ്വാസം സംരക്ഷിക്കപ്പെട്ടത്. ഇന്ന് വിശ്വാസം സംരക്ഷിക്കാന്‍ എന്ന പേരില്‍ ഇറങ്ങിയവരെ അന്ന് കണ്ടില്ലെന്നായിരുന്നുവെന്നായിരുന്നു എന്‍എസ്എസിനും ബിജെപിക്കും സ്പീക്കറുടെ പരോഷ മറുപടി.കേരളത്തിന്റെ മണ്ണിനെ മലീമസപെടുത്താന്‍ ആസൂത്രിത നീക്കം നടക്കുകയാണെന്നും സ്പീക്കര്‍ കുറ്റപ്പെടുത്തി.
ഒരു പ്രത്യേക രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിലും വെറുപ്പിന്റെ പ്രചാരകര്‍ ആകുന്നു. ഭരണഘടന തന്നെ എത്രകാലം നില നില്‍ക്കുമെന്ന് സംശയമാണ്. ഭരണഘടന മാറ്റാന്‍ വെറുപ്പിന്റെ പ്രചാരകര്‍ ശ്രമിക്കുന്നു. ചരിത്രത്തെ വക്രീകരിക്കാനുള്ള ശ്രമം നടക്കുന്നു. ശാസ്ത്ര ചിന്ത പ്രചരിപ്പിക്കരുത് എന്ന് പറയുന്നു. പാഠപുസ്തകങ്ങള്‍ എഡിറ്റ് ചെയ്യുന്നു. ഗാന്ധി വധം ഒഴിവാക്കുന്നു. അബ്ദുല്‍ കലാം ആസാദിനെ ഒഴിവാക്കുന്നു. എന്ത് വില കൊടുക്കേണ്ടി വന്നാലും അത്തരം ശ്രമം നടക്കുമ്പോള്‍ ഞങ്ങള്‍ വിളിച്ചു പറഞ്ഞുകൊണ്ടേയിരിക്കും.
ചരിത്രത്തെ വക്രീകരിക്കാന്‍ ശ്രമിക്കുമ്പോള്‍, എത്ര ഒറ്റ തിരിഞ്ഞു ആക്രമിക്കാന്‍ ശ്രമിച്ചാലും സത്യം പറയും. കീഴടങ്ങില്ല. സത്യം പറയുമ്പോള്‍ മുഖം ചുളിയും. ഞങ്ങള്‍ വിശ്വാസികളുടെ പക്ഷത്താണ്. വര്‍ഗീയത കൊണ്ട് ഏതെങ്കിലും നാടിനു പുരോഗതി ഉണ്ടായോ എന്നും ഷംസീര്‍ ചോദിച്ചു.
അതേസമയം സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി. ഓഗസ്റ്റ് 9 ന് ദേവസ്വം ബോര്‍ഡ് ആസ്ഥാനങ്ങളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയും വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിയും വ്യക്തമാക്കി. 'രാഷ്ട്രീയക്കാര്‍ ക്ഷേത്രം വിടുക, വിശ്വാസിക്ക് തുറന്ന് കൊടുക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാകും ക്ഷേത്രരക്ഷാ മാര്‍ച്ച് സംഘടിപ്പിക്കുകയെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി.
ക്ഷേത്രകാര്യങ്ങള്‍ മിത്ത് ആണെന്ന് പറയുന്നവര്‍ ക്ഷേത്ര ഭരണംസമിതികളില്‍ തുടരരുതെന്നും കെ പി ശശികലയും വത്സന്‍ തില്ലങ്കേരിയും ആവശ്യപ്പെട്ടു. ഷംസീര്‍ സ്പീക്കര്‍ ആണ് മതപണ്ഡിതന്‍ അല്ല. റൈറ്റ് സഹോദരങ്ങള്‍ അല്ല വിമാനം കണ്ടുപിടിച്ചതെന്ന് ഏത് പഠന സിലബസിലാണ് ഉള്ളതെന്നും ഹിന്ദു ഐക്യവേദി ഭാരവാഹികള്‍ ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും സി പി എം സംസ്ഥാന സെക്രട്ടറിയുടെ വാക്കുകള്‍ ഹൈന്ദവരോടുള്ള വെല്ലുവിളിയാണെന്നും കെ പി ശശികലയും വത്സന്‍ തില്ലങ്കേരിയും അഭിപ്രായപ്പെട്ടു. ഹിന്ദു വിരുദ്ധത സി പി എം അജണ്ടയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഭരണഘടനാസ്ഥാപനത്തിന്റെ തലപ്പത്തിരുന്നുകൊണ്ട് സ്പീക്കര്‍ നടത്തിയ ഗുരുതരമായ പരാമര്‍ശങ്ങള്‍ക്ക് സി പി എം നല്കുന്ന പൂര്‍ണ സംരക്ഷണം മതേതര കേരളത്തെ കുത്തിനോവിക്കുന്നതാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ഭരണകൂടം മതപരമായ കാര്യങ്ങളില്‍നിന്ന് അകന്നു നില്‍ക്കുക എന്നതാണ് മതേതരത്വത്തിന്റെ അടിത്തറ. ഉത്തരവാദിതപ്പെട്ട ഭരണഘടനാ സ്ഥാനത്തിരിക്കുന്ന സ്പീക്കര്‍ മതപരമായ വിഷയങ്ങളില്‍ അഭിപ്രായ പ്രകടനം നടത്തുന്നതില്‍ ജാഗ്രത പുലര്‍ത്തണം. അദ്ദേഹത്തിന്റെ പരാമര്‍ശം വിശ്വാസികള്‍ക്ക് വേദന ഉളവാക്കിയിട്ടുണ്ട്. ജനവികാരം മാനിച്ചുകൊണ്ട് സ്പീക്കര്‍ തെറ്റുതിരുത്തുകയോ സി പി എം അതിനു നിര്‍ദേശിക്കുകയോ ചെയ്യണമായിരുന്നു. സംസ്ഥാനത്ത് വര്‍ഗീയത ആളിക്കത്തിക്കുന്നതിനു പകരം സ്പീക്കര്‍ ഒരു നിമിഷംപോലും വൈകാതെ തെറ്റ് തിരുത്തി പ്രശ്‌നം അവസാനിപ്പിക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
മാപ്പുമില്ല, തിരുത്തുമില്ല എന്ന് ആക്രോശിക്കുന്ന സി പി എം സംസ്ഥാന സെക്രട്ടറി, ശബരിമല വിഷയത്തില്‍ തെറ്റായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് വീടുവീടാന്തരം കയറിയിറങ്ങി മാപ്പുപറഞ്ഞ സമീപകാല ചരിത്രം മറക്കരുത്. വിശ്വാസികള്‍ക്കൊപ്പമാണ് സി പി എം എന്ന് ആവര്‍ത്തിച്ചു പറയുകയും അവരെ ആവര്‍ത്തിച്ച് വ്രണപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് സി പി എം എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അതു തന്നെയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























