അയല്‍വാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മ അറസ്റ്റില്‍

അയല്‍വാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മ അറസ്റ്റില്‍. വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബി (56) യെയാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം. കഴിഞ്ഞ 3 ന് വൈകിട്ട് 4 മണിയോടെ പട്ടണം മുണ്ടേപ്പാടം ഭാഗത്ത് പുത്തേഴത്ത് വീട്ടില്‍ ഷാജിയെയും മകന്‍ വിഷ്ണുവിനെയും വീട്ടില്‍ അതിക്രമിച്ചു കയറി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
അയല്‍വാസികളായ ബേബിയും ഷാജിയും തമ്മില്‍ വര്‍ഷങ്ങളായി അതിര്‍ത്തിവേലിയെ സംബന്ധിച്ച് തര്‍ക്കം നില നില്‍ക്കുന്നുണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മൂന്നാം തീയതി വൈകിട്ട് ബേബി അതിര്‍ത്തി വേലി പൊളിച്ച് പണിയുന്നത് വിഷ്ണു ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക ശ്രമം നടന്നത്. വിഷ്ണുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ ബേബി കയ്യിലിരുന്ന വാക്കത്തി കൊണ്ട് വിഷ്ണുവിനെയും അതിക്രമം തടയാന്‍ ശ്രമിച്ച അച്ഛന്‍ ഷാജിയേയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
ആക്രമണത്തില്‍ പരിക്കു പറ്റിയ ഷാജിയും വിഷ്ണുവും ആശുപത്രിയില്‍ ചികില്‍സയിലാണ്. വടക്കേക്കര പൊലീസ് ഇന്‍സ്‌പെക്ടര്‍ വി.സി.സൂരജ് എസ്.ഐമാരായ എം.എസ് ഷെറി, വി.എം.റസാഖ് സി.പി.ഒ മാരായ എന്‍.എം. പ്രണവ്, കെ.ജിഷീല എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha
























