508 സ്റ്റേഷനുകളിലും ഒരേ സമയം ശിലാസ്ഥാപനം...ചരിത്രത്തിൽ ഇതാദ്യം; പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും.... ഓഗസ്റ്റ് ആറിന് ഓൺലൈനായിട്ടാണ് ചടങ്ങ്....24,470 കോടി രൂപ ചെലവിൽ 2025-ഓടെയാകും പൂർത്തിയാകുക.... കേരളത്തിൽ 35 സ്റ്റേഷനുകളും നവീകരിക്കും....

508 സ്റ്റേഷനുകളിലും ഒരേ സമയം ശിലാസ്ഥാപനം, കേരളത്തിൽ നിന്ന് 35 സ്റ്റേഷനുകൾ; ചരിത്രമാകാൻ അമൃത് ഭാരത് പദ്ധതി; ചടങ്ങിന് മാറ്റുകൂട്ടാൻ നാടൻ കലാരൂപങ്ങളും.അമൃത് ഭാരത് പദ്ധതിയ്‌ക്ക് കീഴിൽ മുഖം മിനുക്കാനൊരുങ്ങി റെയിൽവേ സ്റ്റേഷനുകൾ. രാജ്യത്തെ 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിടും. ഓഗസ്റ്റ് ആറിന് ഓൺലൈനായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.24,470 കോടി രൂപ ചെലവിൽ 2025-ഓടെയാകും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുക. പ്രാദേശിക സംസ്‌കാരം, പൈതൃകം, വാസ്തുവിദ്യ എന്നിവയിൽ നിന്ന് പ്രോചദനം ഉൾക്കൊണ്ടാകും സ്‌റ്റേഷൻ കെട്ടിടങ്ങളുടം രൂപകൽപ്പന. ഇത്രയധികം റെയിൽവേ സ്റ്റേഷനുകൾ ആദ്യമായാണ് ഇത്തരത്തിൽ ഒരേ സമയം നവീകരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ഇത് ചരിത്രപരമായ നീക്കമാകുമെന്ന് റെയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രധാനമന്ത്രിയുടെ നിരീക്ഷണവും ദർശനവുമാണ് ഇവയുടെ നവീകരണത്തിലേക്ക് എത്തിച്ചതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.27 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള ഈ 508 സ്റ്റേഷനുകളാണ് നവീകരിക്കുക. ഉത്തർപ്രദേശിലും രാജസ്ഥാനിലും 55 വീതവും ബിഹാറിൽ 49, മഹാരാഷ്‌ട്രയിൽ 44, പശ്ചിമ ബംഗാളിൽ 37, മദ്ധ്യപ്രദേശിൽ 34, അസമിൽ 32, ഒഡീഷയിൽ 25, പഞ്ചാബിൽ 22 ഗുജറാത്തിലും തെലങ്കാനയിലും 21 വീതവും ഝാർഖണ്ഡിൽ 20,ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും 18 വീതവും ഹരിയാനയിൽ 15-ഉം കർണാടകയിൽ 13-ഉം കേരളത്തിൽ 35 സ്റ്റേഷനുകളും നവീകരിക്കും. പാലക്കാട് ഡിവിഷനിൽ കണ്ണൂർ ഉൾപ്പെടെ 16 സ്‌റ്റേഷനുകളുണ്ട്. ഇതിൽ ആറെണ്ണത്തിന്റെ ശിലാസ്ഥാപനച്ചടങ്ങാണ് നാളെ നടക്കുക. സംസ്ഥാനത്ത് അഞ്ച് സ്റ്റേഷനുകളിൽ അമൃത് പദ്ധതിയുടെ ശിലാസ്ഥാപനം നടക്കും.ഷൊർണൂർ ജംഗ്ഷൻ, തിരൂർ, വടകര, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജംഗ്ഷൻ, നാഗർകോവിൽ എന്നീ സ്‌റ്റേഷനുകളിൽ രാവിലെ എട്ട് മുതൽ ആഘോഷം ആരംഭിക്കും.
ചടങ്ങിന് മാറ്റുകൂട്ടാനായി തിരുവാതിര കളി, നാടോടി നൃത്തം ഉൾപ്പെടെയുള്ള കലകളുണ്ടാകും. ഓരോ സ്‌റ്റേഷനിലും മന്ത്രിമാർ, എംപിമാർ ഉൾപ്പട്ട ജനപ്രതിനിധികൾ പങ്കെടുക്കുന്നതിന്റെ ഷെഡ്യൂൾ റെയിൽവേ പുറത്തിറക്കി. ഷൊർണൂരിൽ രണ്ട് മന്ത്രിമാരടക്കം ആറ് പേരെയാണ് ക്ഷണിച്ചത്. തിരൂർ സ്റ്റേഷനിൽ കൗൺസിലറടക്കം എട്ട് പേരുണ്ടാകും. വടകരയിൽ മന്ത്രിമാരടക്കം പത്ത് പേരുണ്ടാകും. കാസർകോട് സ്‌റ്റേഷനിൽ നാല് പേരും മംഗളൂരുവിൽ കർണാടക മന്ത്രിയടക്കം ഏഴ് പേരും പങ്കെടുക്കും.ഡിവിഷനിലെ ഷൊർണൂർ, തിരൂർ, വടകര, പയ്യന്നൂർ, കാസർകോട്, മംഗളൂരു ജങ്ഷൻ എന്നീ സ്‌റ്റേഷനുകളിലെ നവീകരണത്തിനാണ് ഞായറാഴ്‌ച കല്ലിടുന്നത്. പ്രാദേശിക ഉദ്‌ഘാടനവും ഉണ്ടാകും. പാലക്കാട് ഡിവിഷനിൽമാത്രം 230 കോടി രൂപയുടെ നവീകരണത്തിനാണ് അംഗീകാരം ലഭിച്ചത്. 2024 മാർച്ചിൽ പദ്ധതി പൂർത്തിയാക്കും.
പാലക്കാട് ഡിവിഷനുകീഴിൽ സംസ്ഥാനത്ത് 14ഉം കർണാടകത്തിൽ രണ്ടും തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒന്നുവീതവും സ്‌റ്റേഷനുകളാണ് ഒന്നാംഘട്ടത്തിൽ നവീകരിക്കുന്നത്. കൂടാതെ തിരുവനന്തപുരം ഡിവിഷനിലെ 22ഉം മധുര ഡിവിഷനിലെ ഒരു സ്റ്റേഷനും ഉൾപ്പെടും.നടപ്പാലങ്ങൾ, ലിഫ്റ്റ്, പാർക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും യാത്രക്കാർക്ക് അറിയാൻ കഴിയുന്ന സംയോജിത സംവിധാനം, പ്ലാറ്റ്ഫോമിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, കാത്തിരിപ്പുമുറികളുടെ നവീകരണം, വിശ്രമ മുറികളിൽ മോഡുലാർ ടോയ്‌ലെറ്റ്, യാത്രക്കാർക്ക് ഇരിക്കാൻ സൗകര്യപ്രദമായ ഫർണിച്ചർ, പ്ലാറ്റ് ഫോമുകളിൽ കൂടുതൽ മേൽക്കൂര, കുടിവെള്ള സംവിധാനം, സുരക്ഷ വർധിപ്പിക്കൽ, ഊർജം–- വെള്ളം എന്നിവയുടെ ഫലപ്രദ ഉപയോഗം, മാലിന്യ സംസ്‌കരണ സംവിധാനം മെച്ചപ്പെടുത്തൽ തുടങ്ങിയ നവീകരണങ്ങളാണ് നടപ്പാക്കുകയെന്ന് ഡിആർഎം പറഞ്ഞു.
https://www.facebook.com/Malayalivartha
























