തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവ്താമര ചിഹ്നത്തില്‍ മത്സരിക്കും?..എല്ലാം സെറ്റാക്കി, അണിയറക്കഥ ഇങ്ങനെ

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് പൊടിപാറും മത്സരമാകുമെന്ന കാര്യത്തില്‍ സംശയമില്ല. രാഹുല്‍ ഗാന്ധിയുടെ അയോഗ്യത സുപ്രീംകോടതി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തത് അടക്കമുള്ള കാര്യങ്ങളുടെ ഊര്‍ജ്ജത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ. അതേസമയം മണിപ്പൂര്‍, ബിഹാര്‍ കലാപങ്ങളും ഏക സിവില്‍ കോഡ് പ്രഖ്യാപനം സൃഷ്ടിച്ച അലയൊലികളും ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതില്‍ നിന്ന് പുറത്തുവരാനുള്ള തന്ത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും അടങ്ങുന്ന സംഘം മെനയുകയാണ്.
കര്‍ണാടയിലെ തോല്‍വി ദക്ഷിണേന്ത്യയില്‍ വലിയ തിരിച്ചടിയാണെങ്കിലും അത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള എന്‍.ഡി.എ എം.പിമാരുമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇവരുമൊത്ത് തെക്കേയിന്ത്യന്‍ ശൈലിയിലുള്ള താലിമീല്‍സ് കഴിക്കുന്നതിന്റെ ചിത്രം പ്രധാനമന്ത്രി ട്വീറ്റും ചെയ്തു. കര്‍ണാടകയിലും തമിഴ്‌നാട്ടിലും പ്രതീക്ഷയുണ്ടെങ്കിലും കേരളത്തില്‍ നിന്ന് ഇത്തവണ ഒരു സീറ്റെങ്കിലും ഉറപ്പിക്കും എന്ന വാശിയിലാണ് ബി.ജെ.പിയും എന്‍.ഡി.എയും. ഇതിന്റെ ഭാഗമായി പല പ്രമുഖരുമായും ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്.
മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള ജയസാധ്യതയുള്ളവരെയും പരിഗണിക്കുന്നുണ്ട്. സംസ്ഥാനത്തെ എ ക്ലാസ് മണ്ഡലമായി ബി.ജെ.പി കരുതുന്ന തിരുവനന്തപുരത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്. പ്രത്യേകിച്ച് നഗരസഭയില്‍ നിര്‍ണായ ശക്തിയായി ബി.ജെ.പി വളര്‍ന്നു. ശബരിമല പ്രക്ഷോഭവും നിലവിലെ ഷംസീര്‍ വിവാദവും എന്‍.എസ്.എസും എസ്.എന്‍.ഡി.പിയും അടക്കമുള്ള സാമുദായിക സംഘടനകളുടെയും ശിവഗിരി മഠത്തിന്റെയും നിലപാടുകള്‍ക്ക് പിന്തുണ നല്‍കിയത് വഴി പാര്‍ട്ടിക്ക് വേരോട്ടം ഉണ്ടാക്കാനാകുമെന്ന ആത്മവിശ്വാസമുണ്ട്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ഹൈന്ദവ വോട്ടുകളും കൂടുതലാണ്. 1980കളില്‍ ഹിന്ദുമുന്നണിക്ക് വേണ്ടി മത്സരിച്ച കേരളവര്‍മ നല്ല ശതമാനം വോട്ട് പിടിച്ചിരുന്നു.
നിലയ്ക്കല്‍ സമരമാണ് അതിന് ഊര്‍ജ്ജം പകര്‍ന്നത്. അതിന് സമാനമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. അതുകൊണ്ട് ഹിന്ദുക്കളുടെ വോട്ടും മറ്റ് ജനവിഭാഗങ്ങളുടെയും വോട്ട് നേടാന്‍ കഴിയുന്ന ആളെയാണ് തിരുവനന്തപുരത്ത് നിര്‍ത്തുക. സുരേഷ് ഗോപിക്ക് ഇവിടെ മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് പാര്‍ട്ടിയും അവിടെയുള്ള ബി.ജെ.പി പ്രവര്‍ത്തകരും ആഗ്രഹിക്കുന്നത്. അവരുടെ തീരുമാനത്തിന് താരം വഴങ്ങിയെന്നാണ് അറിയുന്നത്.
തിരുവനന്തപുരത്ത് ശശി തരൂരിനെ പോലെ ശക്തനായ എം.പിയെ തോല്‍പ്പിക്കുക വലിയ വെല്ലുവിളിയാണ്. കാരണം അദ്ദേഹം 2009 മുതല്‍ എം.പിയാണ്. കോണ്‍ഗ്രസ് നേതാവ് എന്നതിലുപരി ജനങ്ങളുമായി നല്ല ബന്ധമുണ്ട്. പ്രത്യേകിച്ച് യുവാക്കളും ടെക്കികളും അടങ്ങുന്ന സമൂഹത്തില്‍. അതുകൊണ്ട് അതിനോട് കിടപിടിക്കുന്ന സ്ഥാനാര്‍ത്ഥിയെ തന്നെ കളത്തിലിറക്കണം. കുമ്മനം രാജശേഖരന്‍ അടക്കമുള്ളബി.ജെ.പി നേതാക്കള്‍ മത്സരിച്ച് പരാജയപ്പെട്ടതിന്റെ കൂടെ അടിസ്ഥാനത്തിലായിരുന്നു ഇത്. അങ്ങനെയിരിക്കുമ്പോഴാണ് മുമ്പേ ബി.ജെ.പിയുമായി ഒത്തുകളിക്കുന്നു എന്ന് ആക്ഷേപമുള്ള കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ വി.എസ് ശിവകുമാര്‍ അനധികൃത സ്വത്ത് സാമ്പാദനം നടത്തിയെന്ന ആരോപണത്തില്‍ ഇ.ഡി റെയ്ഡ് നടത്തിയത്.
2020ല്‍ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വസതിയിലും ബിനാമികളെന്ന് അവകാശപ്പെടുന്ന മുന്‍ സ്റ്റാഫുകളായ എം. രാജേന്ദ്രന്‍, ഷൈജു ഹരന്‍, എന്‍.എസ്. ഹരികുമാര്‍ എന്നിരുടെ വീടുകളിലും ഇ.ഡി പരിശോധന നടത്തി. അനധികൃത സ്വത്ത് സാമ്പാദനക്കേസില്‍ വിജിലന്‍സ് കേസും ശിവകുമാറിനെതിരെയുണ്ടായിരുന്നു. ഇത് സംബന്ധിച്ച് കോടതിയില്‍ എഫ്.ഐ.ആറും സമര്‍പ്പിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇ.ഡി നടപടിയുണ്ടയത്. എന്നാല്‍ മറ്റ് പല നേതാക്കളെയും ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പോലെയോ പരിശോധന നടത്തിയപ്പോഴുള്ളത് പോലെയോ ഉള്ള നാടകീയ രംഗങ്ങളില്ലായിരുന്നു എന്നത് ശ്രദ്ധേയം. കേന്ദ്ര ഏജന്‍സി ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വസതിയില്‍ പരിശോധന നടത്തിയപ്പോഴുണ്ടായ പുകില് എല്ലാവരും കണ്ടതാണ്. റെയ്ഡിന് പിന്നാലെ ഇ.ഡി ശിവകുമാര്‍ ഹാജരാകാന്‍ നോട്ടീസും കൊടുത്തിരുന്നു. തലസ്ഥാനത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ വില്‍പ്പനയുമായി ബന്ധപ്പെട്ട് ശിവകുമാറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു.
ഇക്കാര്യവും ഇ.ഡി പരിശോധിച്ചെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാഹുല്‍ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡി.കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കളെ കുരുക്കാന്‍ ഇ.ഡി ശ്രമിക്കുന്നെന്ന് ആരോപിച്ച് വലിയ കോലാഹലങ്ങളുണ്ടാക്കിയ കോണ്‍ഗ്രസ് പക്ഷെ, വി.എസ് ശിവകുമാറിന്റെ കാര്യത്തില്‍ കനത്ത മൗനംപാലിച്ചു. പാര്‍ട്ടിയുടെ പിന്തുണ തനിക്ക് ലഭിച്ചില്ലെന്ന ആക്ഷേപം വി.എസ് ശിവകുമാറും എവിടെയും ഉന്നയിച്ചതായി കണ്ടില്ല. എന്നാല്‍ അനധികൃത സ്വത്ത് സമ്പാദനക്കേസിലെ ഇ.ഡി അന്വേഷണം ഒച്ചിനേക്കാള്‍ വേഗത്തില്‍ ഇഴയുകയാണ്. ഇത് ശിവകുമാറിനെ സംരക്ഷിക്കാനാണെന്ന കരക്കമ്പി തലസ്ഥാനത്ത് ഓടുന്നുണ്ട്. കേസില്‍ നിന്ന് രക്ഷപെടുത്താനായി ശിവകുമാറിനോട് ബി.ജെ.പിയില്‍ ചേരണമെന്നും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയാക്കാമെന്നും ചില കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടു. ഇതിനോട് വി.എസ് ശിവകുമാര്‍ എങ്ങനെ പ്രതികരിച്ചെന്ന വിവരം ഇതുവരെയും പുറത്തായിട്ടില്ല.
എന്തായാലും ശിവകുമാറിന്റെ തീരുമാനം ബി.ജെ.പിക്കും കോണ്‍ഗ്രസിനും നിര്‍ണായകമാണ്. ശിവകുമാര്‍ പോയാല്‍ നാളെ ശശിതരൂരും പോകുമെന്ന് പറഞ്ഞ് ഇടതുപക്ഷത്തിന് കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താം. അതേസമയം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായാല്‍ പാറശ്ശാല, നെയ്യാറ്റിന്‍കര അടക്കമുള്ള നിയമസഭാ മണ്ഡലങ്ങളിലും തിരുവനന്തപുരം നഗരപരിധിയിലുമുള്ള ശിവകുമാറിന്റെ സ്വാധീനം ബി.ജെ.പിക്ക് നേട്ടമാകും. ചെന്നിത്തല ഗ്രൂപ്പ് വിട്ട് കെ.സി വേണുഗോപാലിനൊപ്പം നില്‍ക്കുന്ന വി.എസ് ശിവകുമാര്‍ എ.ഐ.സി.സി അംഗമാണ്. ശിവകുമാര്‍ ബി.ജെ.പിയോട് യെസ് പറഞ്ഞാലത് ചരിത്രമാകും. ഇല്ലെങ്കില്‍ കാര്യങ്ങള്‍ ഇ.ഡി തീരുമാനിക്കുമായിരിക്കും.
https://www.facebook.com/Malayalivartha
























