ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ സഞ്ചരിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച ആരോപിച്ച് ക്ഷേത്ര ഭരണസമിതി.... സ്വകാര്യ വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറു വിമാനമാണ് പറന്നതെന്നാണു പൊലീസ് വിശദീകരണം...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളിലൂടെ സ്വകാര്യ കമ്പനിയുടെ ഹെലികോപ്റ്റർ സഞ്ചരിച്ച സംഭവത്തിൽ സുരക്ഷാ വീഴ്ച ആരോപിച്ച് ക്ഷേത്ര ഭരണസമിതി. ജൂലൈ 28ന് രാത്രി ഏഴു മണിയോടെ, അഞ്ചു തവണ ഹെലികോപ്റ്റർ ക്ഷേത്രത്തിനു മുകളിലൂടെ പറന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ സ്വകാര്യ വിമാനക്കമ്പനിയുടെ ഉടമസ്ഥതയിലുള്ള ചെറു വിമാനമാണ് പറന്നതെന്നാണു പൊലീസ് വിശദീകരണം.
സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ല എന്നാണ് സിറ്റി പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന്റെ വിലയിരുത്തൽ. വിമാനത്താവളത്തിലെ എയർ ട്രാഫിക് കൺട്രോൾ നിർദേശിച്ച വഴിയിലൂടെയാണ് സഞ്ചരിച്ചതെന്ന് ഏവിയേഷൻ അധികൃതർ പൊലീസിനോട് വ്യക്തമാക്കി. സൈന്യത്തിൽ നിന്നു വിരമിച്ച പൈലറ്റുമാർ സ്വകാര്യ വിമാനക്കമ്പനികളിൽ പ്രവേശിക്കുന്നതിനു മുൻപ് ഇത്തരം പരിശീലന പറത്തലുകൾ നടത്താറുണ്ടെന്നു പൊലീസ് പറഞ്ഞു.
ക്ഷേത്രത്തിനു മുകളിലൂടെ ഹെലികോപ്റ്റർ പറന്നത് ആശങ്കാജനകമായ വാർത്തയാണെന്ന് ഭരണസമിതിയിലെ കേന്ദ്രസർക്കാർ പ്രതിനിധി കുമ്മനം രാജശേഖരൻ പറഞ്ഞു. ഭക്തജനങ്ങൾ ആശങ്കയിലാണ്. ക്ഷേത്ര നിലവറയിൽ കോടിക്കണക്കിന് രൂപ വില മതിക്കുന്ന സ്വർണശേഖരം കണ്ടെത്തിയ ശേഷം വലിയ സുരക്ഷയാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്. വിമാനം പറന്നത് നിസ്സാരമായി കാണാനാകില്ല. സർക്കാർ ഇക്കാര്യം ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























