മിത്ത് വിവാദം..വാ തുറക്കാത്തവർ എല്ലാം വാ തുറക്കുന്നു...'സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നാണെങ്കിൽ സുരേന്ദ്രൻ കെട്ടിപ്പിടിച്ചേനേ' പരിഹസിച്ച് മുഹമ്മദ് റിയാസ്...വർഗീയതയുടെ കാര്യത്തിൽ ഷംസീറിന്റെ മൂത്താപ്പ; മുഖ്യമന്ത്രിയുടെ മെഗാഫോൺ; തിരിച്ചടിച്ച് സുരേന്ദ്രനും...

മിത്ത് വിവാദം ഒരു തരത്തിലും അവസാനിക്കാൻ പോകുന്നില്ലെന്ന് മനസിലാക്കിയത് കൊണ്ടാവാം. ഇപ്പോൾ ഓരോരുത്തരും ന്യായീകരിച്ചു മെഴുകി കൊണ്ട് രംഗത്ത് വരുന്നുണ്ട്. മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തില്‍ മത-സാമുദായിക ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. സ്പീക്കർ എ എം ഷംസീര്‍ പറഞ്ഞത് വ്യക്തമാണ്. ഒരു മത വിശ്വാസത്തിനും എതിരായ അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. പാർട്ടി സെക്രട്ടറിയും കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ബോധപൂർവം സംഘപരിവാര്‍ അജണ്ട നടപ്പാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സ്പീക്കറുടെ പേര് ഗോഡ്‌സെ എന്നാണെങ്കിൽ സുരേന്ദ്രൻ കെട്ടിപ്പിടിച്ച് സിന്ദാബാദ് വിളിക്കുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.അതേസമയം, മിത്ത് വിവാദത്തില്‍ തുടർ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എൻഎസ്എസ്.
നാളെ അടിയന്തര പ്രതിനിധി സഭയും ഡയറക്ടർ ബോർഡും ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ നിലപാടിൽ നിന്ന് പിന്നോട്ട് പോയെങ്കിലും എ എന്‍ ഷംസീറും പ്രസ്താവന തിരുത്തണമെന്ന ആവശ്യത്തിൽ ഉറച്ച് നില്‍ക്കുകയാണ് എൻഎസ്എസ്. തുടർസമര രീതികൾ നാളത്തെ നേതൃയോഗങ്ങളിൽ തീരുമാനിക്കുമെന്നും എൻഎസ്എസ് നേതൃത്വം വ്യക്തമാക്കി. മിത്ത് വിവാദത്തിൽ നിലപാട് തിരുത്തി എംവി ഗോവിന്ദൻ ഇന്നലെ രംഗത്തെത്തിയിരുന്നു.ഗണപതി മിത്താണെന്ന് താനും സ്പീക്കറും പറഞ്ഞിട്ടില്ലെന്നാണ് ഗോവിന്ദന്‍റെ തിരുത്ത്. സംസ്ഥാന സെക്രട്ടറിക്ക് പിന്നാലെ സ്പീക്കറും നിലപാട് തിരുത്തണമെന്ന് കോൺഗ്രസും ആവശ്യപ്പെടുന്നുണ്ട്.അല്ലാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്നാണ് എംവി ഗോവിന്ദൻ ഇന്നലെ പറഞ്ഞത്. ഗണപതി മിത്താണെന്ന് താനോ സ്പീക്കർ എഎൻ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. പരശുരാമൻ മഴു എറിഞ്ഞ് കേരളം ഉണ്ടാക്കിയെന്നത് മിത്താണ്.
വിശ്വാസികൾ വിശ്വാസത്തിന്റെ ഭാഗമായി അല്ലാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതാരും ചോദ്യം ചെയ്തിട്ടില്ല. കള്ള പ്രചാരവേലകളാണ് നടക്കുന്നതെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.വർഗീയതയുടെ കാര്യത്തിൽ ഷംസീറിന്റെ മൂത്താപ്പയാണ് മുഹമ്മദ് റിയാസെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പച്ചയായ വർഗീയ ധ്രുവീകരണത്തിന് വേണ്ടി ആദ്യം മുതലേ പരിശ്രമിക്കുന്ന നേതാവാണ് റിയാസ്. ഹിന്ദു വിശ്വാസങ്ങളെ അട്ടിമറിച്ച് മുസ്ലീം സമുദായത്തിന്റെ വോട്ട് ബാങ്ക് ഒരു പെട്ടിയിലേക്ക് എത്തിക്കാനുള്ള ആസൂത്രിതമായ ശ്രമമാണ് കേരളത്തിൽ ഇന്ന് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഹിന്ദു വിഭാഗത്തെ ആക്ഷേപിച്ച് ഒരു വിഭാഗത്തെ സന്തോഷിപ്പിക്കുകയാണ് സിപിഎം. പിണറായി സർക്കാരിനെ ഇനി പിടിച്ചുനിർത്താൻ വർഗീയ ധ്രുവീകരണം മാത്രമേ സഹായകമാകൂ എന്ന് കണ്ടാണ് ഈ പ്രവൃത്തി.
കേരളത്തിലെ സമാധാനം നശിപ്പിച്ച് വോട്ട് നേടാനുള്ള ബോധപൂർവ്വമായ ശ്രമമാണെന്ന് എല്ലാവരും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ മെഗാഫോൺ ആണ് മുഹമ്മദ് റിയാസ്. കാരണം മുഖ്യമന്ത്രിയുടെ മനസ്സിലുള്ളതാണ് മുഹമ്മദ് റിയാസ് പുറത്തു പറയുന്നത്. സംസ്ഥാനത്ത് ഇത്രമാത്രം പ്രക്ഷോഭം സൃഷ്ടിച്ച വിഷയത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ലെന്നും അദ്ദേഹത്തിന്റെ നിലപാട് അറിയാനാണ് കേരളം കാത്തിരിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha
























