പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം നാളെ തുടങ്ങും... നിയമനിര്‍മ്മാണം ലക്ഷ്യമിട്ട് 12 ദിവസത്തേക്കാണ് സമ്മേളനം

പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനം നാളെ തുടങ്ങും. വിലക്കയറ്റവും പ്ലസ് വണ്‍ പ്രവേശനപ്രതിസന്ധിയും ധനപ്രതിസന്ധിയും നിരന്തരം വിവാദത്തിലകപ്പെടുന്ന പൊലീസും കോളേജ് പ്രിന്‍സിപ്പല്‍ നിയമനവിവാദവും എ.ഐ ക്യാമറയിടപാടും ലഹരിമാഫിയയുമെല്ലാമായി ഭരണപക്ഷത്തെ ആക്രമിക്കാന്‍ പ്രതിപക്ഷത്തിന് ആവോളം ആയുധങ്ങളുണ്ട് .
ക്ഷേമ, വികസന കാര്യങ്ങളും മോന്‍സന്‍ കേസിലെ കെ. സുധാകരനെതിരെയുള്ള കേസും വിദേശഫണ്ടുമായി ബന്ധപ്പെട്ട പ്രതിപക്ഷനേതാവിനെതിരായ കേസും ഏക സിവില്‍കോഡിലെ പൊതുരാഷ്ട്രീയവും പറഞ്ഞ് പ്രതിരോധിക്കാന്‍ ഭരണപക്ഷവും സജ്ജമായിരിക്കുകയാണ്.
നിയമനിര്‍മ്മാണം ലക്ഷ്യമിട്ട് 12 ദിവസത്തേക്കാണ് സമ്മേളനം.ഗണപതിയുമായി ബന്ധപ്പെട്ട് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഇളക്കിവിട്ട മിത്ത്- വിശ്വാസ വിവാദം മുറുകിനില്‍ക്കുമ്പോഴാണ് നിയമസഭാസമ്മേളനം ചേരുന്നതെന്ന സവിശേഷതയുമുണ്ട്.
സഭാനാഥന്‍ കേന്ദ്രബിന്ദുവായി അരങ്ങേറുന്ന വിവാദം സഭയ്ക്കകത്ത് ഏതുരീതിയില്‍ പ്രതിഫലിക്കുമെന്നറിയില്ല. സഭാനാഥനായ സ്പീക്കര്‍ക്കെതിരെ സഭയ്ക്കകത്ത് മുന്‍കൂര്‍ അനുമതിയില്ലാതെ ആരോപണമുന്നയിക്കാന്‍ അംഗങ്ങള്‍ക്കാവില്ല. സ്പീക്കര്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ മുന്‍കൂര്‍നോട്ടീസ് നല്‍കി പ്രമേയത്തിന് അനുമതി തേടാനേ പറ്റുകയുള്ളൂ.
സ്പീക്കറുടെ വിവാദപ്രസംഗത്തില്‍ കാര്യമായൊന്നുമില്ലെങ്കില്‍പ്പോലും അങ്ങനെയൊരു വ്യാഖ്യാനത്തിന് വഴിവച്ച് കൊടുക്കരുതായിരുന്നുവെന്ന അഭിപ്രായമാണ് പ്രതിപക്ഷനിരയില്‍ പലര്‍ക്കുമുള്ളത്.
"
https://www.facebook.com/Malayalivartha
























