ഇന്ന് നിര്‍ണായക തീരുമാനം... വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരന്‍ നായരുടെ കുങ്കുമപ്പൊട്ടിന്റെ താഴെ കണ്ണട, അത് ശാസ്ത്രമെന്ന് പി ജയരാജന്‍; മിത്ത് വിവാദത്തില്‍ സ്പീക്കറെ ഗോവിന്ദന്‍ തിരുത്തണമെന്ന് കെ സുധാകരന്‍; എന്‍എസ്എസിന്റെ നേതൃയോഗം ഇന്ന്

നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ മിത്ത് വിവാദം വീണ്ടും സജീവമാകുകയാണ്. മിത്ത് വിവാദത്തില്‍ സുകുമാരന്‍ നായരെ പരിഹസിച്ച് പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. വിശ്വാസമാണ് വലുതെന്ന് പറഞ്ഞ സുകുമാരന്‍ നായരുടെ മുഖത്തെ കുങ്കുമപ്പൊട്ട് വിശ്വാസവും കണ്ണട ശാസ്ത്രവുമാണ് പി ജയരാജന്‍ പറഞ്ഞു.
സങ്കല്‍പ്പങ്ങളെ ശാസ്ത്രത്തിന് പകരം വെക്കാനാകില്ല. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം സ്പീക്കര്‍ ഷംസീറിനെ വല്ലാത്ത രീതിയില്‍ ചിത്രീകരിച്ചുകൊണ്ടും എ കെ ബാലനെ ഇകഴ്ത്തിയും പ്രയോഗം നടത്തി. വിശ്വാസമാണ് ശാസ്ത്രത്തേക്കാള്‍ വലുതെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ആ സമയത്ത് സുകുമാരന്‍ നായരുടെ മുഖമാണ് ശ്രദ്ധിച്ചത്. സുകുമാരന്‍ നായറുടെ മുഖത്തെ കുങ്കുമപ്പൊട്ട് വിശ്വാസത്തിന്റെ ഭാഗമാണ്. അതിന് താഴെ ഒരു കണ്ണട ധരിച്ചിട്ടുണ്ട്.
അത് ശാസ്ത്രമാണ്. ശാസ്ത്രത്തിന്റെ പുരോഗതിയുടെ ഭാഗമാണത്. സുകുമാരന്‍ നായര്‍ മൈക്കില്‍ പ്രസംഗിക്കുന്നു. മൈക്ക് ശാസ്ത്ര പുരോഗതിയുടെ ഭാഗമാണ്. ഗണപതി പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണ് ഉണ്ടായതെന്ന് ഏതെങ്കിലും പുരാണത്തില്‍ പറഞ്ഞിട്ടുണ്ടോ? അങ്ങനെയെങ്കില്‍ വിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത് മോദിയാണെന്നും പി ജയരാജന്‍ പറഞ്ഞു.
അതേ സമയം, യുവമോര്‍ച്ചക്കെതിരെ താന്‍ നടത്തിയ മോര്‍ച്ചറി പരാമര്‍ശം കലാപാഹ്വാനമല്ലെന്നും പി ജയരാജന്‍ വിശദീകരിച്ചു. യുവമോര്‍ച്ചയ്ക്ക് മനസ്സിലാകുന്ന ഭാഷയാണ് ഉപയോഗിച്ചതെന്നാണ് ജയരാജന്റെ വിശദീകരണം. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ മതമാണ് ആര്‍എസ്എസ് വിമര്‍ശനത്തിന്റെ അടിസ്ഥാനം. ഷംസീറിനെ സംരക്ഷിക്കുക എന്നത് കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ തന്നെ ചുമതലയാണെന്നും ജയരാജന്‍ പറഞ്ഞു.
അതേസമയം മിത്ത് വിവാദത്തില്‍ സ്പീക്കറെ തിരുത്താന്‍ സിപിഎം സെക്രട്ടറി എം വി ഗോവിന്ദന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. എന്‍എസ്എസ് തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തില്‍ പിന്‍വലിക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.
ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരുന്ന് വിവാദങ്ങളുടെ കെട്ടഴിച്ചുവിട്ട സ്പീക്കര്‍ സിപിഎം സെക്രട്ടറി ചെയ്തതിനേക്കാള്‍ വലിയ തെറ്റാണ് ചെയ്തതെന്ന് സുധാകരന്‍ പറഞ്ഞു. നിയമസഭാ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ സ്പീക്കര്‍ തെറ്റു തിരുത്തി സഭാ സമ്മേളനം സഭയ്ക്കകത്തും പുറത്തും പ്രക്ഷുബ്ധമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
ശബരിമലയില്‍ തിരുത്തിയതിനേക്കാള്‍ ശരവേഗത്തില്‍ മിത്ത് വിവാദത്തില്‍ ഗോവിന്ദന്‍ തിരുത്തിയത് സ്വാഗതാര്‍ഹമാണ്. ഇത് ആത്മാര്‍ത്ഥമാണെങ്കില്‍ നാമജപയാത്രയില്‍ പങ്കെടുത്ത ആയിരത്തോളം പേര്‍ക്കെതിരേ എടുത്ത കേസും ശബരിമലയില്‍ രണ്ടായിരത്തോളം പേര്‍ക്കെതിരേ എടുത്ത കേസും പിന്‍വലിക്കണം. അതോടൊപ്പം സ്പീക്കര്‍ തെറ്റ് തിരുത്തുകയും ചെയ്താല്‍ സിപിഎമ്മിന്റെ ആത്മാര്‍ത്ഥത ജനങ്ങള്‍ക്ക് ബോധ്യപ്പെടുമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
മണിപ്പൂരിലും ഹരിയാനയിലും വര്‍ഗീയ വികാരം ആളിക്കത്തിക്കൊണ്ടിരിക്കുമ്പോള്‍ അത്തരം ചില സാധ്യതകള്‍ക്കാണ് ബിജെപി ശ്രമിക്കുന്നത്. ശബരിമല വിവാദത്തെ സുവര്‍ണാവസരമായി കണ്ട ബിജെപി മിത്ത വിവാദത്തേയും അതേ ദുഷ്ടലാക്കോടെയാണ് കാണുന്നത്. മണിപ്പൂരിനെയും ഹരിയാനയേയും പ്രക്ഷുബ്ധമാക്കിയ ബിജെപിയുടെ തനിപ്പകര്‍പ്പാണ് കേരളത്തിലുമുള്ളത്. ബിജെപിയുടെ വര്‍ഗീയ അജന്‍ഡ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവര്‍ത്തിക്കുകയാണ് സിപിഎം ചെയ്യേണ്ടതെന്ന് സുധാകരന്‍ പറഞ്ഞു.
ഇരുതലമൂര്‍ച്ചയുള്ള കത്തിപോലെയാണ് കേരളത്തില്‍ സിപിഎം ബിജെപി ടീം പ്രവര്‍ത്തിക്കുന്നത്. കുഴല്‍പ്പണക്കേസ് ഒത്തുതീര്‍പ്പാക്കിയപ്പോള്‍ പകരം സ്വര്‍ണക്കടത്തുകേസ് ഒത്തതീര്‍പ്പാക്കി. ഡീലുകള്‍ അതിന്റെ വഴിക്കു നടക്കട്ടെ എന്നാല്‍ കേരളത്തെ വര്‍ഗീയമായി വിഭജിക്കുന്ന ഡീലുകള്‍ ഇനിയെങ്കിലും ഇരുകൂട്ടരും ഉപേക്ഷിക്കണമെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha
























