തലസ്ഥാനത്ത് കാറിന്റെ രഹസ്യ അറയില്‍ വെച്ച് 11 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ കടത്താന്‍ ശ്രമിച്ച കേസ്... സെന്‍ട്രല്‍ ജയിലില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്നാം പ്രതി രാജുവിനെ ജില്ലാ ജയിലിലേക്ക് മാറ്റിയതായി സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു തുടര്‍ പരാതിയില്ലെന്ന് രാജു കോടതിയില്‍ ബോധിപ്പിച്ചു

തലസ്ഥാനത്ത് വെണ്‍പാല വട്ടത്ത് കാറില്‍ രഹസ്യ അറയില്‍ കടത്താന്‍ ശ്രമിച്ച 11കോടി രൂപയുടെ ഹാഷിഷ് ഓയില്‍ കേസില്‍ , സെന്‍ട്രല്‍ ജയിലില്‍ ക്രൂര മര്‍ദ്ദനത്തിനിരയായ മൂന്നാം പ്രതി രാജുവിനെ ജില്ലാ ജയിലിലേക്ക് മാറ്റിയതായി പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് തലസ്ഥാന വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി. രാജേഷ് മുമ്പാകെയാണ് ജയില്‍ മാറ്റ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരിഗണിക്കവേ കോടതിയില്‍ ഹാജരാക്കിയ രാജു മര്‍ദ്ദനമേറ്റ സംഭവത്തില്‍ തനിക്ക് തുടര്‍ പരാതിയില്ലെന്ന് കോടതിയില്‍ ബോധിപ്പിച്ചു.
മൃഗീയ മര്‍ദ്ദനമേറ്റതായി രാജു സമര്‍പ്പിച്ച പരാതിയില്‍ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് നല്‍കിയ ഉത്തരവിലാണ് പ്രതിയെ ജില്ലാ ജയിലിലേക്ക് മാറ്റിയതായി കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പരാതിക്കാരന് തുടര്‍ പരാതിയില്ലാത്തതിനാല്‍ മര്‍ദ്ദന പരാതി കോടതി ക്ലോസ് ചെയ്തു.
അതേ സമയം രാജു അടക്കമുള്ള കൊച്ചിക്കാരായ 3 പ്രതികള്‍ക്കെതിരെ തലസ്ഥാന ജില്ലാ വിചാരണ കോടതിയില്‍ നടക്കുന്ന വിചാരണ അന്തിമഘട്ടത്തിലെത്തി. എറണാകുളം സ്വദേശികളായ മനുവില്‍സണ്‍, അന്‍വര്‍ സാദത്ത്, രാജു എന്നിവരാണ് വിചാരണ നേരിട്ട പ്രതികള്‍.
എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ലഹരി വേട്ടയില്‍ തൊണ്ടി ഹാഷിഷ് ഓയിലുമായി എറണാകുളം സ്വദേശികളായ 3 പേര്‍ പിടിയിലായ കേസിലാണ് വിചാരണ പൂര്‍ത്തിയാകുന്നത്. 2019 മുതല്‍ ജാമ്യം നിരസിക്കപ്പെട്ട് പ്രതികള്‍ കല്‍ തുറുങ്കില്‍ കഴിഞ്ഞ് കസ്റ്റോഡിയല്‍ വിചാരണ നേരിടുകയാണ്.
പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് 11 സാക്ഷികളെ വിസ്തരിക്കുകയും 25 തൊണ്ടി മുതലുകളും 102 രേഖകളും കോടതി തെളിവില്‍ സ്വീകരിക്കുകയും ചെയ്തു. പ്രതി ഭാഗത്തേക്ക് 2 സാക്ഷികളെ വിസ്തരിച്ചു.
"
https://www.facebook.com/Malayalivartha
























