കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം

കൊല്ലം കുറ്റിച്ചിറ തൃശൂര്‍ ജുവലറിയില്‍ നിന്ന് ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം. ജുവലറിയില്‍ 18 വര്‍ഷമായി ജോലി ചെയ്യുന്ന പ്രശാന്ത് എന്നയാളാണ് വിദഗ്ദ്ധമായ മോഷണം നടത്തിയത്. ഭാരം കൂടിയ ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം അതേ മോഡലിലുള്ള ഭാരം കുറഞ്ഞ ആഭരണം വച്ചാണ് ഇയാള്‍ മോഷണം നടത്തിക്കൊണ്ടിരുന്നത്.
സ്വര്‍ണത്തില്‍ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ നിരീക്ഷണത്തിലാണ് മോഷണം നടക്കുന്നുണ്ടെന്ന് മനസിലായത്. ഇതോടെ ജുവലറി ഉടമ ഹസീനയുടെ മകന്‍ ആസിഫ് നജീബ് പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് കിളികൊള്ളൂര്‍ പൊലീസ് ഇക്കഴിഞ്ഞ മേയ് 17ന് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം നടത്തിയ ചോദ്യംചെയ്യലില്‍ പ്രശാന്ത് കുറ്റം സമ്മതിച്ചു.
ഹസീനയുടെ ഭര്‍ത്താവ് നജീബ് ദാവൂദ് ആറ് മാസം മുമ്പാണ് മരണപ്പെട്ടത്. ഈ സമയം മുതലെടുത്തായിരുന്നു മോഷണം. തന്റെ വീടും വസ്തുവും വിറ്റ് പണം തിരികെ നല്‍കാമെന്ന് പറഞ്ഞെങ്കിലും മേയ് 19ന് പ്രശാന്ത് ഒളിവില്‍പ്പോയി. ശേഷം ഇയാള്‍ ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും ലഭിച്ചില്ല. തുടര്‍ന്ന് പ്രതി ഹൈക്കോടതിയെ സമീപിച്ചു.
എന്നാല്‍, ജാമ്യാപേക്ഷ റദ്ദാക്കിയ ഹൈക്കോടതി ഏഴ് ദിവസത്തിനുള്ളില്‍ സ്‌റ്റേഷനില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടു. തുടര്‍ന്ന് ജൂണ്‍ 17 ബുധനാഴ്ച പ്രതി കിളികൊള്ളൂര്‍ സ്‌റ്റേഷനില്‍ ഹാജരായി. നിലവില്‍ പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
https://www.facebook.com/Malayalivartha

























