നിദ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനം...ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയായ നിദയ്ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി

ഫ്രാന്‍സില്‍ നടന്ന ദീര്‍ഘദൂര കുതിരയോട്ട മത്സരമായ ഇക്വസ്ട്രിയന്‍ വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ നേട്ടം കൊയ്ത മലപ്പുറം കല്‍പ്പകഞ്ചേരി സ്വദേശിയായ നിദയ്ക്ക് അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രി. ലോക ചാമ്പ്യന്‍ഷിപ്പില്‍ ദീര്‍ഘദൂര കുതിരയോട്ടം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം കൂടി കരസ്ഥമാക്കിയ നിദ കേരളത്തിന്റെയും രാജ്യത്തിന്റെയും അഭിമാനമായി മാറിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കായികമേഖലയിലേയ്ക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ഇത് പ്രചോദനം പകരുമെന്നും ഇനിയും മികവിലേയ്ക്കുയരാനും കൂടുതല്‍ വിജയങ്ങള്‍ നേടാനും നിദയ്ക്കാകട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുന്നതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ഫ്രാന്‍സിലെ കാസ്റ്റല്‍സെഗ്രാറ്റ് നഗരത്തില്‍ നടന്ന ലോക കുതിരയോട്ടമത്സരത്തിലാണ് നിദ അന്‍ജൂം വിജയം നേടിയത്. ഇന്റര്‍നാഷണല്‍ ഇക്വസ്‌ട്രെയിന്‍ ഫെഡറേഷന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ 120 കിലോമീറ്റര്‍ എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ നാലു ഘട്ടങ്ങളും തരണം ചെയ്ത ആദ്യ ഇന്ത്യക്കാരിയാണ് നിദ. മണിക്കൂറില്‍ 16.7 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചുപായുന്ന കുതിരപ്പുറത്ത് 120 കിലോമീറ്റര്‍ താണ്ടാന്‍ നിദ അന്‍ജൂം എടുത്തത് 7.29 മണിക്കൂര്‍ മാത്രമാണ്. ത്രീ സ്റ്റാര്‍ റൈഡര്‍ പദവി നേടിയ ഏക ഇന്ത്യന്‍ വനിതയുമാണ് നിദ. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെ അബുദാബി എന്‍ഡ്യൂറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ വാള്‍ നേടിയാണ് ലോക ചാമ്പ്യന്‍ഷിപ്പുകളിലേക്ക് കടന്നത്.
ചാമ്പ്യന്‍ഷിപ്പില്‍ 'എപ്‌സിലോണ്‍ സലോ' എന്ന കുതിരയുമായി ഇറങ്ങിയ നിദ ആദ്യഘട്ടത്തില്‍ 23ാമതായും രണ്ടാമത്തേതില്‍ 26ാമതായും മൂന്നില്‍ 24ാമതായും ഫൈനലില്‍ 21ാമതായുമാണ് ഫിനിഷ്‌ചെയ്തത്. മണിക്കൂറില്‍ 16.7 കിലോമീറ്റര്‍ വേഗതയാണ് നിദ നിലനിര്‍ത്തിയത്. യുകെയിലെ ബെര്‍മിങ്ഹാം സര്‍വകലാശാലയില്‍നിന്ന് സോഷ്യല്‍ വര്‍ക്കില്‍ ബിരുദവും റഫാള്‍സ് വേള്‍ഡ് അക്കാദമിയില്‍നിന്ന് ഐബി ഡിപ്ലോമയും നേടിയ നിദ റീജന്‍സി ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ. അന്‍വര്‍ അമീന്‍ ചേലാട്ടിന്റെയും മിന്‍ഹത്ത് അന്‍വര്‍ അമീന്റെയും മകളാണ്. ഡോ. ഫിദ അന്‍ജൂം ചേലാട്ട് സഹോദരിയാണ്.
https://www.facebook.com/Malayalivartha
























