ശരിക്കുമുള്ള യാത്രയയപ്പാകുമോ... ഉമ്മന്‍ചാണ്ടിയുടെ ശരിക്കുമുള്ള യാത്രയയപ്പാണ് ഇന്നത്തെ തെരഞ്ഞെടുപ്പെന്ന അച്ചു ഉമ്മന്റെ പ്രസ്താവന ഏത് വഴിക്കാകുമെന്ന് കണ്ടറിയാം; പുതുപ്പള്ളി പോളിംഗ് ബൂത്തില്‍; 7 സ്ഥാനാര്‍ത്ഥികള്‍; 182 ബൂത്തുകള്‍, വിജയപ്രതീക്ഷയില്‍ മുന്നണികള്‍

ഉമ്മന്‍ചാണ്ടിയുടെ ശരിക്കുമുള്ള യാത്രയയപ്പാണ് ഇന്നത്തെ തെരഞ്ഞെടുപ്പെന്ന അച്ചു ഉമ്മന്റെ പ്രസ്താവന ഏത് അര്‍ത്ഥത്തില്‍ ശരിയാകുമെന്ന് ഇന്നറിയാം. കേരള നിയമസഭയുടെ ചരിത്രത്തിലെ അറുപത്തിയാറാം ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ഇന്ന് രാവിലെ 7മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോട്ടര്‍മാരാണുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികള്‍ കളക്ട്രേറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം അറിയാം.
ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണി സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ ആകെ ഏഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി ജനവിധി തേടുന്നത്.
ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ സ്‌കൂള്‍ ബൂത്തില്‍ വോട്ട് ചെയ്യും. മണര്‍കാട് എല്‍പി സ്‌കൂള്‍ ബൂത്തിലാണ് ജെയ്ക് സി തോമസിന് വോട്ട്. അതേസമയം ബിജെപി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് പുതുപ്പള്ളി മണ്ഡലത്തില്‍ വോട്ടില്ല. മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടി മരിച്ചതിന്റെ അമ്പതാം നാള്‍ ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഏറ്റവും കൂടുതല്‍ ബൂത്തുകളുള്ളത് അയര്‍ക്കുന്നത്തും വാകത്താനത്തുമാണ്. അയര്‍ക്കുന്നം വാകത്താനം പഞ്ചായത്തുകളില്‍ 28 പോളിംഗ് ബൂത്തുകള്‍ വീതമാണുള്ളത്. ഏറ്റവും കുറവ് പോളിംഗ് ബൂത്തുകളുള്ളത് മീനടം പഞ്ചായത്തിലാണ്, 13 എണ്ണം. പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ മൊബൈലിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷക്കായി 675 അംഗ പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷ മേല്‍നോട്ട ചുമതല ജില്ല പൊലീസ് മേധാവിക്കും 5 ഡിവൈഎസ്പിമാര്‍ക്കുമാണ്. കൂടാതെ 64 അംഗ കേന്ദ്ര സായുധ പൊലീസ് സേനയെയും മണ്ഡലത്തില്‍ വിന്യസിച്ചിട്ടുണ്ട്.
പോളിങ് ബൂത്തുകള്‍ക്കും രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും സജ്ജീകരിക്കുന്ന ക്യാംപുകള്‍ക്കും സമീപം ആള്‍ക്കൂട്ടം അനുവദിക്കില്ല. ഇന്നു പുതുപ്പള്ളി മണ്ഡലത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. പെര്‍മിറ്റ് വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം. സമ്മതിദായകര്‍ ഒഴികെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെയോ ഇലക്ഷന്‍ ഓഫിസറുടെയോ നിയമാനുസൃത പാസ് ഇല്ലാത്ത ആരെയും പോളിങ് ബൂത്തുകളില്‍ പ്രവേശിപ്പിക്കില്ല.
പോളിങ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കയ്യില്‍ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല. തിരഞ്ഞെടുപ്പു കമ്മിഷന്‍ നിയോഗിച്ചിട്ടുള്ള നിരീക്ഷകര്‍ക്കും തിരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാര്‍ക്കും മാത്രമാണു ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയുള്ളത്.
പുതുപ്പള്ളി മണ്ഡലത്തില്‍ 8 പഞ്ചായത്തുകളിലായി 182 ബൂത്തുകള്‍. അയര്‍ക്കുന്നം, വാകത്താനം പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ ബൂത്തുകള്‍ 28 എണ്ണം വീതം. മീനടം പഞ്ചായത്തിലാണ് ഏറ്റവും കുറവ് വോട്ട് 13 എണ്ണം.
ഇന്ന് പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്കു പൊതുഅവധിയാണ്. പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയില്‍ ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങള്‍, സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും വേതനത്തോടു കൂടിയ അവധി. പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. വിതരണ, സ്വീകരണ, വോട്ടെണ്ണല്‍ കേന്ദ്രമായ കോട്ടയം ബസേലിയസ് കോളജിന് 8 വരെ അവധിയാണ്.
"
https://www.facebook.com/Malayalivartha
























