മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു....കഴിഞ്ഞ ഒന്നരമാസമായി ഗ്രോ വാസു ജയിലിലായിരുന്നു

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു....കഴിഞ്ഞ ഒന്നരമാസമായി ഗ്രോ വാസു ജയിലിലായിരുന്നു.
മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡി. കോളജ് മോര്‍ച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത കേസിലാണ് ഗ്രോ വാസു ജയിലിലായത്. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.
2016 നവംബറില്‍ നിലമ്പൂര്‍ കരുളായി വനത്തില്‍ 2 മാവോവാദികള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ ഇരുവരുടെയും മൃതദേഹമെത്തിച്ച കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിക്കുമുന്നില്‍ തടിച്ചുകൂടി മാര്‍ഗതടസ്സം സൃഷ്ടിച്ചുവെന്നാണ് ഗ്രോ വാസുവിനെതിരായ കേസ്.
7 വര്‍ഷത്തിനു ശേഷം ജൂലൈ 29നാണ് ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തിനു കുന്നമംഗലം ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ജാമ്യം അനുവദിച്ചെങ്കിലും, ഭരണകൂടത്തോടുള്ള പ്രതിഷേധം രേഖപ്പെടുത്താനായി പിഴയടയ്ക്കാനോ രേഖകളില്‍ ഒപ്പുവയ്ക്കാനോ തയ്യാറാവാതെ ജയില്‍വാസം തിരഞ്ഞെടുത്തു. ഗ്രോ വാസുവിന് എതിരെ പൊലീസെടുത്ത കേസ് കോടതി തള്ളി.
ഐപിസി 283, 143, 147 വകുപ്പുകള്‍ പ്രകാരം കേസ് നിലനില്‍ക്കില്ലെന്നു വ്യക്തമാക്കി കോടതി . വിഡിയോ കോണ്‍ഫറന്‍സ് വഴിയാണു കോടതി വിധി പറഞ്ഞത്. 20 പേരാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 17 പേരെയും കോടതി നടപടികളുമായി സഹകരിച്ചതിനാല്‍ നേരത്തേ വിട്ടയച്ചിരുന്നു. രണ്ടു പേരെ 200 രൂപ പിഴയടപ്പിച്ചും കോടതി വിട്ടയച്ചു.
ഗ്രോ വാസു ജാമ്യമെടുക്കാനോ പിഴയടയ്ക്കാനോ തയ്യാറായില്ല. അതേ തുടര്‍ന്ന് റിമാന്‍ഡ് ചെയ്തു കോഴിക്കോട് സബ് ജയിലിലേക്കു മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha

























