നിപ പിടിമുറുക്കുമ്പോള്‍ സര്‍ക്കാര്‍ പിഴവുകള്‍ പുറത്തേക്ക്;2018ല്‍ കേരളത്തെ നടുക്കിയ നിപയുടെ ഉറവിടം കണ്ടെത്താന്‍ കൂടി കഴിഞ്ഞിട്ടില്ല,രോഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രം ആരോഗ്യസംവിധാനം ഉണരുന്നത്,രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറവിടം കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് വിദഗ്ധര്‍,കതിരിന്മേല്‍ വളം വെയ്ക്കുകയാണ് സര്‍ക്കാര്‍

കതിരിന്മേല്‍ വളം വെയ്ക്കുക എന്ന സമ്പ്രദായമാണ് നമുക്കുള്ളത്. ഒരാപത്ത് ഉണ്ടായിക്കഴിഞ്ഞേ ഉണര്‍ന്ന് പ്രവര്‍ത്തിക്കു എന്നാല്‍ അതുണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ നമ്മള്‍ സ്വീകരിക്കാറില്ല. നിപയുടെ കാര്യത്തില്‍ കേരളത്തിന്റെ ആരോഗ്യ രംഗത്തിന് സംഭവിച്ചത് ഇതാണ്. രണ്ട് തവണ നിപ നമ്മളെ ഭയപ്പെടുത്തി എന്നിട്ടിപ്പോഴും ഒരു മുന്‍കരുതലും നമ്മള്‍ സ്വീകരിച്ചിട്ടില്ല. 2018ല്‍ കേരളത്തെ നടുക്കിയ നിപയുടെ ഉറവിടം കണ്ടെത്താന്‍ കൂടി നമുക്ക് കഴിഞ്ഞിട്ടില്ല. കോഴിക്കോട്ട് നിപ വന്നപ്പോള്‍ നടത്തിയ പരിശോധനകളില്‍ വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചെങ്കിലും അതെങ്ങനെ മനുഷ്യരിലേക്കെത്തി എന്നത് ഇപ്പോഴും അവ്യക്തമാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉറവിടം കണ്ടെത്തേണ്ടത് ആവശ്യമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
2018ല്‍ പേരാമ്പ്രയില്‍ ആദ്യം രോഗം വന്നശേഷം പലപ്പോഴായി പഴംതീനി വവ്വാലുകളെ പിടികൂടുകയും പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. 55 സാംപിള്‍ പരിശോധിച്ചതില്‍ 42 എണ്ണം പഴംതീനി വവ്വാലുകളുടേതായിരുന്നു. അതില്‍ 10 വലിയ വവ്വാലുകളിലാണ് നിപ വൈറസ് ഉണ്ടായിരുന്നത്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. അന്ന് ആദ്യം രോഗം വന്ന സാബിത്തിന്റെ വീട്ടിലെ കിണറ്റില്‍ നിന്നുള്‍പ്പെടെ വവ്വാലുകളെ പിടികൂടിയിരുന്നു. പക്ഷേ, അതിലൊന്നും നിപ സാന്നിധ്യമുണ്ടായിരുന്നില്ല. വളര്‍ത്തുമൃഗങ്ങളിലും പരിശോധന നടത്തിയെങ്കിലും നിപയുണ്ടായിരുന്നില്ല.
ലക്ഷം വവ്വാലുകളില്‍ പത്തില്‍ താഴെയെണ്ണത്തിലേ വൈറസ് കാണുകയുള്ളൂവെന്നാണ് അന്ന് വിദഗ്ധര്‍ വ്യക്തമാക്കിയത്. നിപയുടെ സ്വാഭാവിക വാഹകര്‍ മാത്രമാണ് വവ്വാലുകള്‍. കുറ്റ്യാടിപ്പുഴയുടെ ഒരു ഭാഗത്തുള്ള ചങ്ങരോത്ത് സൂപ്പിക്കട പ്രദേശത്താണ് 2018ല്‍ നിപ വ്യാപനം കണ്ടെത്തിയത്. പുഴയുടെ മറുകരയിലുള്ള മരുതോങ്കര ഭാഗത്തുള്ളയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സാബിത്തിന് വവ്വാലുമായി നേരിട്ട് സമ്പര്‍ക്കമുണ്ടായിരിക്കാം എന്നതാണ് അന്നത്തെ നിഗമനം. മറ്റു 16 പേരിലേക്ക് രോഗം എത്തിയത് സാബിത്തില്‍ നിന്നായിരിക്കാമെന്നും അന്ന് മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ജി. അരുണ്‍ കുമാര്‍ അഭിപ്രായപ്പെട്ടിരുന്നു. 2021ല്‍ ചാത്തമംഗലത്ത് പതിമ്മൂന്നുകാരന്‍ നിപ ബാധിച്ച് മരിച്ചതിന്റെയും ഉറവിടം വ്യക്തമായിട്ടില്ല. വവ്വാല്‍ കടിച്ച റംബുട്ടാന്‍ കുട്ടി കഴിച്ചതായി സംശയമുണ്ടായിരുന്നു. എന്നാല്‍, ഇതിനും സ്ഥിരീകരണമില്ല.
വവ്വാലുകളുടെ പ്രജനനകാലത്ത് നിപ വൈറസ് പടരാനുള്ള സാധ്യത കൂടുതലാണെന്ന് 2018ന് ശേഷം കേരളത്തില്‍ നടത്തിയ പഠനം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാത്രമാണ് പ്രതിരോധ, ആരോഗ്യസംവിധാനം സംസ്ഥാനത്ത് ഉണരുന്നത്. ഈ മേഖലകളില്‍ തുടര്‍പഠനം നടത്താന്‍ മൃഗസംരക്ഷണവകുപ്പോ ആരോഗ്യവകുപ്പോ സ്ഥിരം സംവിധാനങ്ങളൊന്നുമൊരുക്കിയിട്ടുമില്ല. 2018ല്‍ നിപ പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്ന് പഠനം നടത്തിയിരുന്നു. രോഗബാധിത മേഖലയില്‍ നിന്ന് പിടികൂടിയ പഴംതീനി വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത് ഈ പഠനത്തിലായിരുന്നു. അന്ന് രോഗികളില്‍ കണ്ട വൈറസും വവ്വാലിലെ സാംപിളും തമ്മിലുള്ള സാമ്യം 99 മുതല്‍ 100 ശതമാനം വരെയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിപയുടെ ഉറവിടം പഴംതീനി വവ്വാലുകളാണെന്ന് നിഗമനത്തിലെത്തിയത്. വവ്വാലിന്റെ സാംപിളില്‍ നിപയ്ക്ക് എതിരായ ഐ.ജി.ജി. ആന്റിബോഡിയുടെ സാന്നിധ്യമാണ് ഗവേഷകര്‍ കണ്ടെത്തിയത്.
ടീറോപസ് എന്ന വലിയ പഴം തീനി വവ്വാലുകളാണ് വൈറസിന്റെ വാഹകര്‍ എന്നാണ് അനുമാനം. വവ്വാലുകളുടെ പ്രജനനകാലമായ ജൂണ്‍ മുതല്‍ നവംബര്‍വരെയുള്ള കാലയളവില്‍ വൈറസ് പടരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതവേണമെന്നായിരുന്നു ആരോഗ്യ, മൃഗസംരക്ഷണ വകുപ്പുകളുടെ മുന്നറിയിപ്പ്. 2019ല്‍ എറണാകുളത്ത് നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തൊടുപുഴ, ആലുവ മേഖലകളില്‍നിന്ന് ശേഖരിച്ച സാംപിളുകളിലും നിപ സാന്നിധ്യം കണ്ടെത്തിയിരുന്നു. കേരളത്തില്‍ കണ്ടെത്തിയ നിപവൈറസ് മലേഷ്യ, കൊളംബിയ, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ കണ്ടെത്തിയ വൈറസിന്റെ വകഭേദമാണെന്ന് ജനിതക ശ്രേണീകരണത്തിലൂടെ സ്ഥിരീകരിച്ചിരുന്നു. ഇത് വടക്കന്‍ ബംഗ്ലാദേശ്, പശ്ചിമബംഗാള്‍ വകഭേദവുമായി വ്യത്യാസമുള്ളതാണെന്നാണ് കരുതുന്നത്. പ്രാദേശികമായി ഈ വൈറസ് നിലനില്‍ക്കുന്നുണ്ടെന്നും വവ്വാലുകളില്‍ തുടര്‍പഠനം ആവശ്യമാണെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha

























