ആകാംക്ഷയോടെ ജനങ്ങള്‍... കേരളത്തെ ഞെട്ടിച്ച് വന്ദേഭാരത് കളം നിറയും; രണ്ടാം വന്ദേഭാരത് റൂട്ടും സമയക്രമവും ആയി; ഞായറാഴ്ച മുതലെത്തിയേക്കും; വന്ദേഭാരത് തീവണ്ടി നിര്‍മിക്കുന്നത് 50 ദിവസത്തിനുള്ളില്‍

കേരളം ഏറെ സന്തോഷത്തോടെ വരവേറ്റ ട്രെയിനാണ് വന്ദേ ഭാരത്. ഇപ്പോഴിതാ കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് ഞായാറാഴ്ച മുതല്‍ സര്‍വീസ് തുടങ്ങാന്‍ സാധ്യത. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് ആലപ്പുഴ വഴിയായിരിക്കും സര്‍വീസ്. രണ്ടാം വന്ദേഭാരതിന്റെ സമയമക്രമവും തയ്യാറായി.
രാവിലെ ഏഴു മണിക്ക് കാസര്‍കോട് നിന്ന് യാത്ര തുടങ്ങും. തിരുവനന്തപുരത്ത് 3.05 ന് എത്തും. തിരുവനന്തപുരത്ത് നിന്ന് 4.05 ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 11.55 ന് കാസര്‍കോട് എത്തും. ആഴ്ചയില്‍ ആറു ദിവസം സര്‍വീസുണ്ടായിരിക്കും. ഈ മാസം 24 ഞായറാഴ്ച മുതല്‍ കാസര്‍കോട് നിന്നും സര്‍വീസ് തുടങ്ങാനാണ് സാധ്യത.
ആകെ 9 വന്ദേഭാരത് ട്രെയിനുകള്‍ ഒരുമിച്ച് ഉത്ഘാടനം ചെയ്യുന്നതാണ് റെയില്‍വേയുടെ പരിഗണനയിലുള്ളത്. ഓണസമ്മാനമായി രണ്ടാം വന്ദേഭാരത് എത്തുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ഓറഞ്ച് നിറത്തിലുള്ള പുതിയ വന്ദേ ഭാരത് ദക്ഷിണ റെയില്‍വേക്ക് കൈമാറാനുള്ള തീരുമാനവും യാത്രക്കാര്‍ക്ക് പ്രതീക്ഷ കൂട്ടി. അതിനിടെ കേരളത്തിന് അനുവദിച്ച വന്ദേഭാരത് ഗോവയിലേക്ക് കൊണ്ടുപോകുമെന്ന പ്രചാരവുമുണ്ടായി. ഇലക്ട്രിക്കല്‍ ജോലികള്‍ പൂര്‍ത്തിയാക്കിയെങ്കിലും സര്‍വീസ് എന്ന് തുടങ്ങുമെന്നതില്‍ ഇതുവരെയും വ്യക്തതയുണ്ടായിരുന്നില്ല.
വന്ദേഭാരത് ട്രെയിനുകള്‍ കൂടുതല്‍ ജനപ്രിയമാകാന്‍ ഒരുങ്ങുകയാണ്. യാത്രക്കാര്‍ക്ക് ഏറെ ഉപകാരപ്പെടുന്ന സ്ലീപ്പര്‍ ട്രെയിനുകളും മെട്രോ ട്രെയിനുകളും പുറത്തിറക്കുമെന്നാണ് പുതിയ പ്രഖ്യാപനം. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകളുടെ ആദ്യ പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ (ഐസിഎഫ്) ജനറല്‍ മാനേജര്‍ ബിജി മല്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വന്ദേ ഭാരതിന്റെ സ്ലീപ്പര്‍ കോച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പുറത്തിറക്കും. ആദ്യ ട്രെയിന്‍ 2024 മാര്‍ച്ചില്‍ പുറത്തിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഇന്ത്യന്‍ റെയില്‍വേയുടെ നേട്ടമായിരിക്കുമെന്നും ഒറ്റരാത്രികൊണ്ട് അതിവേഗ ട്രെയിനുകളില്‍ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ സാധിക്കുന്നത് യാത്രക്കാര്‍ക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പുഷ്പുള്‍ എല്‍.എച്ച്.ബി. നോണ്‍ എ.സി. എക്സ്പ്രസ് തീവണ്ടി അടുത്തമാസവും വന്ദേ മെട്രോ തീവണ്ടി ഡിസംബറിലും വന്ദേ സ്ലീപ്പര്‍ മാര്‍ച്ചിലും പുറത്തിറക്കുമെന്ന് പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐ.സി.എഫ്.) ജനറല്‍ മാനേജര്‍ ബി.ജി. മല്യ പറഞ്ഞു. പബ്ലിക് റിലേഷന്‍സ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ ചെന്നൈ ചാപ്റ്റര്‍ സംഘടിപ്പിച്ച 'വന്ദേ ഭാരത്-ദ ട്രെയിന്‍ ഓഫ് ദ ഫ്യൂച്ചര്‍' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്തമാസം പുറത്തിറക്കുന്ന പുഷ്പുള്‍ നോണ്‍ എ.സി. വണ്ടിയുടെ മുന്നിലും പിന്നിലുമായി ഒരോ എന്‍ജിനുകള്‍ ഘടിപ്പിക്കും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ വരെ തീവണ്ടി ഓടിക്കാനാകും. 12 സ്ലീപ്പര്‍ കോച്ചുകളും 10 ജനറല്‍ കോച്ചുകളുമുണ്ടാകും. സാധാരണ തീവണ്ടികളിലെ നിരക്കുതന്നെയായിരിക്കും ഈടാക്കുക.
ഈവര്‍ഷം ഡിസംബറോടെ പുറത്തിറക്കുന്ന വന്ദേ മെട്രോ തീവണ്ടിയില്‍ 12 എ.സി. കോച്ചുകളാണുണ്ടാവുക. 108 പേര്‍ക്ക് ഇരിക്കാനും 64 പേര്‍ക്ക് നില്‍ക്കാനും കഴിയുന്ന രീതിയിലാണ് കോച്ചുകളുടെ രൂപകല്പന. ഹ്രസ്വദൂരത്തിലാണ് വന്ദേ മെട്രോ തീവണ്ടികള്‍ ഓടിക്കുക. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തില്‍ സര്‍വീസ് നടത്താനാകും. തീവണ്ടിയുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.
അടുത്തവര്‍ഷം മാര്‍ച്ച് അവസാനത്തോടെ പുറത്തിറക്കുന്ന വന്ദേ സ്ലീപ്പര്‍ തീവണ്ടിയില്‍ 16 കോച്ചുകളാണുണ്ടാവുക. ഇതില്‍ ഒന്‍പത് തേര്‍ഡ് എ.സി. കോച്ചുകളും നാല് സെക്കന്‍ഡ് എ.സി. കോച്ചുകളും ഒരു ഫസ്റ്റ് ക്ലാസ് കോച്ചും ഭിന്നശേഷിക്കാര്‍ക്ക് കയറാനും ലഗേജ് കയറ്റാനുമായി രണ്ടു തേര്‍ഡ് എ.സി. കോച്ചുകളുമാണുള്ളത്. വന്ദേ സ്ലീപ്പര്‍ തീവണ്ടിയിലെ എന്‍ജിന്‍ കാബിനില്‍ത്തന്നെ ലോക്കോ പൈലറ്റുമാര്‍ക്ക് ഉപയോഗിക്കാനായി ശൗചാലയങ്ങളുണ്ടാകും.
നിലവില്‍ 50 ദിവസം കൊണ്ടാണ് ഒരു ട്രെയിനിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതെന്നും 87 ശതമാനം ഉത്പന്നങ്ങളും തദ്ദേശീയമായി നിര്‍മിച്ചതാണ്. ചക്രങ്ങളും ആക്സിലുകള്‍ തുടങ്ങിയ യന്ത്ര ഉത്പന്നങ്ങളാണ് പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്. ഭാവിയില്‍ വന്ദേഭാരതിന് ആവശ്യമായ എല്ലാ സ്പെയര്‍ പാര്‍ട്സുകളും രാജ്യത്ത് തന്നെ നിര്‍മിക്കും.
"
https://www.facebook.com/Malayalivartha





















