മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവും മുന്നറിയിപ്പുമായി ഹൈക്കോടതി. നിരന്തരം നിര്‍ദേശിച്ചിട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസിന്റെ അന്വേഷണത്തില്‍ ഒന്നും സംഭവിക്കുന്നില്ല. കേസ് കൈകാര്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലെന്നും ജസ്റ്റിസ് എ.ബദറുദീന്‍ വാക്കാല്‍ പറഞ്ഞു. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കിയില്ലെങ്കില്‍ എസ്പി എസ്.ശശിധരനെ അന്വേഷണ ചുമതലയില്‍ നിന്നു മാറ്റി മറ്റൊരു ഉദ്യോഗസ്ഥനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.
ഈ മാസം 20നകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദേശിച്ചിരുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ വീണ്ടും സമയം നീട്ടി ചോദിക്കുക മാത്രമാണ് സംഭവിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചത്. കേസ് ജൂലൈ എട്ടിന് വീണ്ടും പരിഗണിക്കും. സമുദായത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്ക് 5 ശതമാനം പലിശയ്ക്കു വായ്പ നല്‍കുന്ന മൈക്രോഫിനാന്‍സ് പദ്ധതിയില്‍ ക്രമക്കേടുണ്ടെന്ന് കാട്ടി മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലുള്ള കേസാണിത്.
വെള്ളാപ്പള്ളി നടേശനു പുറമേ യോഗം പ്രസിഡന്റ് എന്‍.സോമന്‍, മൈക്രോഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ കെ.കെ.മഹേശന്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന എസ്.ശശിധരന്‍ തന്നെയാണ് ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷിക്കുന്നതും.
https://www.facebook.com/Malayalivartha





















