പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷത്തില്‍പരം രൂപയുടെ തട്ടിപ്പ് ...ഒന്നാം പ്രതിക്കും രണ്ടാം പ്രതിക്കും പ്രൊഡക്ഷന്‍ വാറണ്ട്, റിമാന്റില്‍ പാര്‍പ്പിച്ചിട്ടുള്ള പ്രതികളെ കോടതി ഹാജരാക്കാന്‍ അടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു

പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷത്തില്‍പരം രൂപയുടെ ജോലി തട്ടിപ്പ് നടത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ രാജലക്ഷ്മിക്കും രശ്മിക്കും പ്രൊഡക്ഷന്‍ വാറണ്ട്. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിലേക്ക് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാന്‍ ജയിലില്‍ നിന്നും പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചുത്തരവുണ്ടാകണമെന്ന പ്രൊഡക്ഷന്‍ വാറണ്ടപേക്ഷ അന്വേഷണ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചത്.
തട്ടിപ്പിന്റെ ആഴവും വ്യാപ്തിയും കണ്ടെത്താനും ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും വഞ്ചനയിലൂടെ സ്വരൂപിച്ച പണം വീണ്ടെടുക്കുന്നതിനും പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതിക്കായുള്ള കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് പ്രൊഡക്ഷന്‍ വാറണ്ടപേക്ഷ സമര്‍പ്പിച്ചത്.
അപേക്ഷ അനുവദിച്ച കോടതി റിമാന്റില്‍ പാര്‍പ്പിച്ചിട്ടുള്ള പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിനോട് കോടതി ഉത്തരവിട്ടു.
പി.എസ്.സി.യില്‍ ജോലി വാഗ്ദാനംചെയ്ത് 35 ലക്ഷത്തില്‍ പരം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതി രശ്മിയാണ് ആദ്യം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മിയാണ് മൂന്നുവയസ്സുള്ള കുട്ടിയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ സെപ്റ്റംബര്‍ 17 ന് കീഴടങ്ങിയത്.
ഒന്നാം പ്രതി രാജലക്ഷ്മി സെപ്റ്റംബര്‍ 18 ന് കഴക്കൂട്ടം സ്റ്റേഷനില്‍ കീടങ്ങി. 2023 സെപ്റ്റംബര്‍ ആദ്യ വാരത്തിലാണ് ജോലി തട്ടിപ്പ് സംഭവം പുറം ലോകമറിയുന്നത്. വിജിലന്‍സ്, ഇന്‍കം ടാക്‌സ്, ജി.എസ്.ടി. വകുപ്പുകളില്‍ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പിന് കളമൊരുക്കിയത്. പണംനല്‍കി ഒന്നരവര്‍ഷത്തോളം കഴിഞ്ഞിട്ടും ജോലികിട്ടാതായതോടെ പലരും ബഹളമുണ്ടാക്കിത്തുടങ്ങി. ഇതോടെയാണ് പി.എസ്.സി.യില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്താനെന്ന പേരില്‍ വ്യാജകത്തുണ്ടാക്കിയത്.
പി.എസ്.സി.യുടെ വ്യാജകത്ത് നിര്‍മ്മിച്ച് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഉദ്യോഗാര്‍ഥികളെ അയച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്.
ഒന്നാംപ്രതി രാജലക്ഷ്മിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് രശ്മിയുടെ പോലീസ് മൊഴി. ജോലിതേടിയാണ് രശ്മിയും രാജലക്ഷ്മിയെ സമീപിക്കുന്നത്. തുടര്‍ന്ന് തട്ടിപ്പില്‍ പങ്കാളിയാവുകയായിരുന്നു. രാജലക്ഷ്മി പണം വാങ്ങിയത് പോലീസ് ഉദ്യോഗസ്ഥ എന്ന വ്യാജേനയായിരുന്നു. വാടകക്കെടുത്ത പോലീസ് യൂണിഫോം ധരിച്ച് പോലീസ് ഉദ്യോഗസ്ഥയായി ആള്‍മാറാട്ടം നടത്തിയാണ് ഉദ്യോഗാര്‍ത്ഥികളെ തട്ടിപ്പിനിരയാക്കിയത്.ഇതിനായി യൂണിഫോം ധരിച്ച ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
കൂടുതല്‍ തസ്തികകളുണ്ടെന്നും ഒരുമിച്ചാണ് ആളുകളെ എടുക്കുന്നതും പറഞ്ഞ് കൂടുതല്‍പ്പേരെ കൊണ്ടുവരാന്‍ രാജലക്ഷ്മി, രശ്മിയോടു നിര്‍ദേശിക്കുകയായിരുന്നു. ഇത്തരത്തില്‍ മണിചെയിന്‍ മാതൃകയിലാണ് ഇവര്‍ ആളുകളെ കണ്ടെത്തുന്നത്.
ഒരുമിച്ചാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും കൂടുതല്‍പ്പേരെ കൊണ്ടുവരാനും നിര്‍ദേശിക്കും. കൂടുതല്‍ ആളുകളെ എത്തിച്ചാല്‍ നല്‍കേണ്ട പണത്തിന് ഇളവുകളും വാഗ്ദാനംചെയ്യും. ഇത്തരത്തില്‍ തട്ടിപ്പിനിരയായവര്‍തന്നെ കൂടുതല്‍ ആളുകളെ കൊണ്ടുവന്നിട്ടുണ്ട്. വിശ്വസ്തരായവരെ മാത്രമേ കൊണ്ടുവരാവൂ എന്നും നിര്‍ദേശിക്കും. ഇവരെ വിശ്വസിപ്പിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ പലര്‍ക്കും ജോലികിട്ടിയെന്ന് പ്രചരിപ്പിക്കുകയും ചെയ്യും. 35 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, ഇതിലേറെ രൂപ ഇവര്‍ തട്ടിയെടുത്തെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
ജോലി നല്‍കാമെന്നപേരില്‍ ഒട്ടേറെപ്പേരെ വഞ്ചിച്ചിട്ടുണ്ട്. വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജി.എസ്.ടി. വകുപ്പുകളില്‍ ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. രണ്ടുലക്ഷം രൂപ മുതല്‍ 4.5 ലക്ഷം രൂപവരെയാണ് ഉദ്യോഗാര്‍ഥികളില്‍നിന്ന് തട്ടിയെടുത്തതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചിട്ടുള്ള വിവരം.
വ്യാജകത്ത് ലഭിച്ചതോടെ പി.എസ്.സി. പോലീസിന് പരാതി നല്‍കി. ഇതോടെ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha





















