ഇന്ത്യ വിക്ഷേപിച്ച ആദിത്യ എൽ-1 പേടകം യാത്രയുടെ രണ്ടാം ഘട്ടത്തിൽ.... ലെഗ്രാഞ്ച് പോയിന്റിലേക്കുള്ള പഥത്തിൽ....ഇവിടെ നിന്ന് ദിശതെറ്റാതെ നോക്കുക വെല്ലുവിളിയാണ്....ഭൂമിയിൽ നിന്ന് 15ലക്ഷം കിലോമീറ്റർ ഉയരത്തിലാണ് ലെഗ്രാഞ്ച് പോയിന്റ്....

സൂര്യനെ നിരീക്ഷിക്കാൻ ഇന്ത്യ വിക്ഷേപിച്ച ആദിത്യ എൽ-1 പേടകം യാത്രയുടെ രണ്ടാം ഘട്ടത്തിൽ ലെഗ്രാഞ്ച് പോയിന്റിലേക്കുള്ള പഥത്തിൽ.
ഭൂമിക്ക് ചുറ്റുമായുള്ള സഞ്ചാരപഥം ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് മാറ്റിയത്. ട്രാൻസ് ലെഗ്രാഞ്ചിയൻ പോയിന്റ് ഇൻസേർഷൻ എന്ന ഈ പ്രക്രിയയ്‌ക്കായി ആദിത്യയിലെ ലാംഎൻജിനുകൾ ജ്വലിപ്പിച്ചു. ഇതോടെ ഭൂമിയുടെ ആകർഷണവലയം ഭേദിച്ച പേടകം ലെഗ്രാഞ്ച് പോയിന്റിലേക്കുള്ള പഥത്തിലേക്കെത്തി. ഇവിടെ നിന്ന് ദിശതെറ്റാതെ നോക്കുക വെല്ലുവിളിയാണ്. ഭൂമിയിൽ നിന്ന് 15ലക്ഷം കിലോമീറ്റർ ഉയരത്തിലാണ് ലെഗ്രാഞ്ച് പോയിന്റ്. ഭൂമിയുടേയും സൂര്യന്റേയും ആകർഷണബലം തുല്യമായ അവിടെ മറ്റ് ബഹിരാകാശവസ്തുക്കളുടേയോ, ഗ്രഹങ്ങളുടേയോ,നക്ഷത്രങ്ങളുടേയോ ആകർഷണമില്ലാതെ സുരക്ഷിതമായി പേടകത്തിന് നിൽക്കാനാകും.
അവിടെ നിന്നാൽ ഭൂമിക്കൊപ്പം സൂര്യനെ ഒരുവർഷം കൊണ്ട് വലംവയ്ക്കാനും ഗ്രഹണകാലത്തും സൂര്യനെ കാണാനും കഴിയും. ഇൗ പോയിന്റിന് ചുറ്റും ഭ്രമണം ചെയ്തു കൊണ്ടാവും ആദിത്യയുടെ സൂര്യ നിരീക്ഷണം.ലെഗ്രാഞ്ച് പോയന്റിലേക്ക് എത്തിക്കുന്ന ഘട്ടമാണ് ക്രൂസ് ഫേസ്. ക്രൂസ് ഫേസ്110 ദിവസം നീളും. ഇൗ ഘട്ടത്തിൽ പേടകത്തിലെ ഏഴ് ഉപകരണങ്ങളിൽ ചിലത് പ്രവർത്തിപ്പിക്കും. ബംഗളുരു, ഫിജി, മൗറീഷ്യസ്, ആൻഡമാൻ ഐ.എസ്.ആർ.ഒ. മിഷൻ കൺട്രോൾ കേന്ദ്രങ്ങൾ ക്രൂസ് ഫേസ് നിയന്ത്രിക്കും. ജനുവരിയോടെ ആദിത്യ ലെഗ്രാഞ്ച് പോയന്റിൽ എത്തും.സെപ്തംബർ രണ്ടിനാണ് ആദിത്യവിക്ഷേപിച്ചത്. ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണ പഥം നാലുതവണ ഉയർത്തി ഒന്നേകാൽ ലക്ഷം കിലോമീറ്റർ മുകളിലെത്തിച്ചു. അവിടെ നിന്നാണ് ഇന്നലെ ഗതി മാറ്റിയത്. ഭൂമിയെ വലംവയ്ക്കുമ്പോൾ കിട്ടുന്ന വേഗത ഉപയോഗിച്ചാണ് ട്രാൻസ് പാതയിൽ കുതിക്കുക.
ഐ.എസ്.ആർ.ഒ.ആദ്യമായാണ് ബഹിരാകാശത്തെ ഒരു സാങ്കൽപ്പിക ബിന്ദുവിനെ ഭ്രമണം ചെയ്യാൻ പേടകം അയയ്‌ക്കുന്നത് . ഇന്ത്യയുടെ അഞ്ചാമത്തെ ഗ്രഹാന്തര യാത്രയാണിത്.ഇന്ത്യയുടെ ആദ്യ സൗര്യ ഗവേഷണ പേടകമായ ആദിത്യ എൽ-1 നിർണായക വിവരങ്ങൾ ശേഖരിക്കാനാരംഭിച്ചു. സൂര്യകണങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങളാണ് പേടകത്തിലെ സ്റ്റെപ്സ് ( സുപ്ര തെർമൽ ആൻഡ് എനർജറ്റിക് പാർട്ടിക്കിൽ സ്പെക്ട്രോമീറ്റർ) എന്ന ഉപകരണം ശേഖരിക്കുക. ആദിത്യ സോളാർ വിൻഡ് പാർട്ടികിൾ എക്സ്പിരിമെന്റിന്റെ ഭാഗമാണ് സ്റ്റെപ്സ്.സെപ്റ്റംബർ പത്ത് മുതലാണ് സ്റ്റെപ്സ് പ്രവർത്തനനിരതമായത്. എക്സ് പ്ളാറ്റ്ഫോമിലാണ് ഇത് സംബന്ധിച്ച വിവരം ഐഎസ്ആർഒ പങ്കുവച്ചത്. ഭൂമിയിൽ നിന്ന് 50,000 കിലോ മീറ്റർ അകലെയുള്ള വിവരങ്ങളാണ് ശേഖരിക്കുന്നത്. സൗരവാതത്തിലെ അയോണുകളുടെയും ഇലക്ട്രോണുകളും അടക്കമുള്ള ഊർജ്ജ കണങ്ങളെ സംബന്ധിച്ച ശാസ്ത്രീയ വിവരങ്ങളാണ് സ്റ്റെപ്സ് ഒപ്പിയെടുക്കുക.
ഭൂമിയ്ക്ക് ചുറ്റുമുള്ള കണങ്ങളുടെ സ്വഭാവത്തെക്കുറിച്ച് മനസിലാക്കാൻ സ്റ്റെപ്സ് കൈമാറുന്ന വിവരങ്ങൾ ഐഎസ്ആർഒയെ സഹായിക്കും.സൂര്യനെയും ബഹിരാകാശ കാലാവസ്ഥയുടെ വ്യതിയാനങ്ങളുമാണ് ആദിത്യ എൽ 1 വഴി നിരീക്ഷിക്കുക. ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ, സൂര്യന്റെ ഏറ്റവും പുറമേയുള്ള ഭാഗമായ കൊറോണ എന്നിവയെ വൈദ്യുതി കാന്തിക, കണിക, കാന്തിക മണ്ഡല മാപിനികൾ വഴി നിരീക്ഷിക്കുന്നതിനായി ഏഴ് പേലോഡുകൾ പേടകത്തിലുണ്ടാകും. ഇതിൽ നാല് പേലോഡുകൾ നേരിട്ട് സൂര്യനെ നിരീക്ഷിച്ചു കൊണ്ടിരിക്കും. കൊറോണൽ ഹീറ്റിംഗ് മൂലമുള്ള പ്രശ്നങ്ങൾ, കൊറോണൽ മാസ് ഇജക്ഷൻ, പ്രിഫ്ളെയർ, ഫ്ളെയർ പ്രവർത്തനങ്ങളും അവയുടെ സവിശേഷതകളും, ബഹിരാകാശ കാലാവസ്ഥാ ഡൈനാമിക്സ് എന്നിവയെക്കുറിച്ചുമെല്ലാം നിർണ്ണായകമായ വിവരങ്ങൾ ശേഖരിക്കാൻ സൗരദൗത്യത്തിലൂടെ കഴിഞ്ഞേക്കും.
https://www.facebook.com/Malayalivartha





















