തന്റെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ സുഹൃത്ത് മനഃപൂർവം കഞ്ചാവ് ബാഗ് നായ വളർത്തൽ കേന്ദ്രത്തിൽ വച്ചുവെന്ന് റോബിന്‍:- അനന്തുവിനെതിരെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു...

തന്റെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ സുഹൃത്ത് മനഃപൂർവം കഞ്ചാവ് ബാഗ് നായ വളർത്തൽ കേന്ദ്രത്തിൽ വച്ചതാണെന്ന ആരോപണവുമായി അറസ്റ്റിലായ റോബിന്‍ ജോര്‍ജ്. തന്റെ ബിസിനസ് സാമ്രാജ്യം തകര്‍ക്കാന്‍ അനന്തു പ്രസന്നന്‍ എന്ന സുഹൃത്താണ് കഞ്ചാവ് നായ പരിശീലന കേന്ദ്രമായ ഡെല്‍റ്റ കെ9 ല്‍ കൊണ്ടുവച്ചതെന്നാണ് തെളിവെടുപ്പിന് എത്തിച്ചപ്പോൾ റോബിൻ മാധ്യമങ്ങളോട് പറഞ്ഞത്. അനന്തു ഇപ്പോള്‍ എവിടെയുണ്ടെന്ന് അറിയില്ല എന്നും റോബിന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ റോബിന്റെ വാദം പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. റോബിന്‍ പറയുന്ന അനന്തു പ്രസന്നനെതിരേയും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കോട്ടയം പൂവന്‍തുരുത്ത് സ്വദേശിയാണ് അനന്തു പ്രസന്നന്‍. ഇക്കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് പരിശോധനയ്ക്കായി എത്തിയ പൊലീസ് സംഘത്തിന് നേരെ റോബിന്‍ നായ്ക്കളെ തുറന്ന് വിട്ട് രക്ഷപ്പെട്ടത്. വിദേശത്തേക്കും മറ്റ് ദൂരയാത്രക്കും പോകുന്നവരുടെ നായ്ക്കളെ പരിചരിക്കാനും നായ്ക്കളെ പ്രത്യേകം പരിശീലിപ്പിക്കാനുമാണ് ഡെല്‍റ്റ കെ9 തുടങ്ങിയത്.
അതീവ വന്യത പ്രകടിപ്പിക്കുന്ന നായ്ക്കളെ കാക്കി കണ്ടാല്‍ കടിക്കാന്‍ വേണ്ടിയുള്ള പരിശീലനം നടത്തിയിരുന്നതായാണ് പൊലീസ് പറയുന്നത്. ഇവിടെ നിന്ന് 17.8 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. റോബിന്റെ പിതാവിന്റെ തട്ടുകടയിലെ തൊഴിലാളിയായ തെങ്കാശി സ്വദേശിയുമായുള്ള ബന്ധം വഴിയാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞത്.
വാടകവീട്ടിൽ കഞ്ചാവു കണ്ടെത്തിയ 2 ബാഗുകൾ സുഹൃത്ത് കൊണ്ടുവച്ചതാണെന്ന് റോബിന്റെ ഭാര്യയും പറയുന്നു. അന്വേഷണത്തെ വഴിതിരിക്കാനുള്ള ശ്രമമാണിതെന്ന് പൊലീസ് കരുതുന്നു. കോടതി റോബിനെ റിമാൻഡ് ചെയ്തു. പൊലീസ് അടുത്ത ദിവസം കസ്റ്റഡി അപേക്ഷ നൽകും. കസ്റ്റഡിയിലെടുത്ത ശേഷമാകും കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിനുള്ള നീക്കം. ലഹരിമരുന്നു കടത്തൽ കുറ്റമാണു റോബിന് എതിരെ ചുമത്തിയത്. റോബിന്റെ ഒളിയിടത്തെക്കുറിച്ച് അറിവു ലഭിച്ചത് പിതാവിന്റെ ഫോൺ വിളിയിൽ നിന്നായിരുന്നു.
റോബിന്റെ കുടുംബാംഗങ്ങളുടെ ഫോൺ വിവരങ്ങൾ ശേഖരിക്കുന്നതിനിടെയാണ് പിതാവിന്റെ ഫോണിൽ നിന്നു തമിഴ്നാട്ടിലേക്ക് വിളി പോയിട്ടുണ്ടെന്നു മനസ്സിലാക്കിയത്. തുടർന്നാണു സംസ്ഥാനത്തിനു പുറത്തേക്കു പൊലീസിന്റെ ശ്രദ്ധ കാര്യമായി പതിയുന്നത്. സുരണ്ടൈ സ്വദേശിയായ ഒരാൾ റോബിന്റെ പിതാവിന്റെ തട്ടുകടയിൽ ജീവനക്കാരനായുണ്ടെന്നും മനസ്സിലാക്കി.
ഇതിനിടെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പിതാവിൽനിന്നു പൊലീസ് വിവരങ്ങൾ ശേഖരിച്ചിരുന്നു. പൊലീസിനു നേരെ നായ്ക്കളെ തുറന്നുവിട്ട് കടന്ന റോബിന്റെ വാർത്തയ്ക്കു വലിയ പ്രാധാന്യം ലഭിച്ചതോടെ ഇയാളുടെ സുഹൃത്തുക്കൾ വിവരം നൽകാൻ മടിച്ചു. ഇവരുടെ സഹായം കാര്യമായി ലഭിക്കുന്നില്ലെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇതോടെയാണു ബന്ധുക്കളെത്തന്നെ നിരീക്ഷിച്ചത്. പൊലീസിന്റെ പിടിയിൽ നിന്നു രണ്ടു തവണ രക്ഷപ്പെട്ട ശേഷം ഓട്ടോറിക്ഷയിൽ കറങ്ങിയ റോബിൻ കഞ്ഞിക്കുഴിയിലെത്തി പിതാവിനെ കണ്ടതായും പൊലീസ് പറഞ്ഞു. പിതാവിനൊപ്പമാണു ബസ് സ്റ്റാൻഡിലെത്തി തമിഴ്നാട്ടിലേക്കു കടന്നത്.
ലൊക്കേഷൻ ലഭിക്കാതിരിക്കാൻ ഫോൺ ഉപേക്ഷിച്ചു. പകരം പുതിയതു വാങ്ങി. എടിഎം വഴി പണം പിൻവലിച്ചാൽ പിടിക്കപ്പെടുമെന്നു കരുതി അതൊഴിവാക്കി കോട്ടയത്തു നിന്നു പണവുമായാണു മുങ്ങിയത്. പ്രതി ഒളിവിൽ കഴിയുന്ന പ്രദേശത്തേക്കു നേരിട്ടു ചെന്നാൽ സംഘർഷ സാധ്യത അന്വേഷണ സംഘം മനസ്സിലാക്കി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് തമിഴ്നാട് പൊലീസിനെ ബന്ധപ്പെട്ടു.
തമിഴ്നാട് പൊലീസിനൊപ്പം അന്വേഷണ സംഘം റോബിൻ ഒളിവിൽക്കഴിഞ്ഞ സ്ഥലത്ത് വ്യാഴാഴ്ച രാത്രി എത്തി. റോബിൻ ആ നാട്ടുകാരനാണെന്നു പറഞ്ഞ് സംരക്ഷണമൊരുക്കാൻ അവിടെയുള്ളവർ ശ്രമം നടത്തി. റോബിനെ കൊണ്ടുപോകാൻ സമ്മതിക്കില്ലെന്നും അവർ അറിയിച്ചു. അന്വേഷണ സംഘം പിന്മാറിയില്ല. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha