കേരളീയം 'ഷോക്കാകുമെന്ന്' പേടിച്ചു.... നാല് കൊല്ലത്തേക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ദ്ധനയാണ് വൈദ്യുതി ബോര്‍ഡ് ആവശ്യപ്പെടുന്നത്.... റെഗുലേറ്ററി കമ്മിഷന്‍ ഇത് സംബന്ധിച്ച് മേയ് 23ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു....ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതിയില്‍ നിന്ന് മുട്ടന്‍ പണികിട്ടി.... സ്റ്റേ വന്നു. അത് മാറ്റിയതോടെയാണ് ചാര്‍ജ്ജ് കൂട്ടാന്‍ കട്ടയ്ക്ക് മുന്നോട്ട് ഇറങ്ങുന്നത്...

ഇതിന്റെയെല്ലാം കേട് തീര്‍ക്കാനായി പുതിയ നിരക്ക് വര്‍ദ്ധന സംബന്ധിച്ച തീരുമാനം ചൊവ്വാഴ്ച റഗുലേറ്ററി കമ്മിഷന്‍ തീരുമാനിച്ചിരുന്നു. ഇതിന് മുമ്പ് റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍മാന്‍ ടി.കെ ജോസ് ചൊവ്വാഴ്ച മുഖ്യമന്ത്രിയെ കണ്ടിരുന്നു. എന്നാല്‍ കേരളീയം ധൂര്‍ത്തിനായി വൈദ്യുതി നിരക്ക് കൂട്ടി ജനങ്ങളെ ഷോക്കടിപ്പിക്കുകയാണെന്ന വിമര്‍ശനം സമൂഹമാധ്യമങ്ങളില്‍ ഉണ്ടാകുമെന്ന് ഭയന്ന് മുഖ്യമന്ത്രി ഇടപെട്ടു. നിരക്ക് വര്‍ദ്ധന തല്‍ക്കാലം വേണ്ടെന്ന് നിര്‍ദ്ദേശിച്ചു. വൈദ്യുതി ബോര്‍ഡിന്റെ പദ്ധതികള്‍ സംബന്ധിച്ച ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിന് താഴെ ഉപഭോക്താക്കള്‍ തെറിയഭിഷേകവും പൊങ്കാലയും ഇട്ടു. ബാധ്യതകള്‍ മുഴുവനും ജനങ്ങളുടെ മേല്‍ എടുത്തുവയ്ക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാതെ കേരളീയം അര്‍മാദിക്കുന്നതിനെതിരെ നഗരത്തിലെ സാധാരണക്കാരും പാവങ്ങളും വിമര്‍ശനം ഉന്നയിക്കുന്നു. നഗരത്തിന്റെ പല ഭാഗങ്ങളും തെരുവ് വിളക്കുകള്‍ കത്തുന്നില്ല. പക്ഷെ, സെക്രട്ടറിയേറ്റിലും കനകക്കുന്നിലും മറ്റും ലേസര്‍ ലൈറ്റുകളുടെ പ്രവാഹമാണ്. സത്യത്തില്‍ ഇതൊക്കെ എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറായി മാറുകയാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് യാതൊരു ശ്രമവും ഉണ്ടാകുന്നില്ല. മിശ്രവിവാഹിതരുടെ മക്കള്‍ക്ക് നല്‍കുന്ന ആനുകൂല്യത്തില്‍ 10 കോടി രൂപ കുടിശികയുണ്ട്. മൂവായിരത്തിലധികം അപേക്ഷകള്‍ പെന്‍ഡിംഗിലാണ്. ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തിട്ടില്ല. കെ.എസ്.ആര്‍.ടി.സിക്ക് ശമ്പളം കൊടുക്കാനാവില്ലെന്നും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കെ.എസ്.ആര്‍.ടി.സിയിലെ നൂറുകണക്കിന് ജീവനക്കാരും അവരുടെ കുടുംബവും പട്ടിണിയില്‍ കഴിയുമ്പോഴാണ് തലസ്ഥാനനഗരത്തില്‍ സര്‍ക്കാര്‍ കേരളീയ മാമാങ്കം നടത്തുന്നത്.ഈ പരിപാടി പിണറായി സര്‍ക്കാരിന്റെ ആണിക്കല്ല് ഇളക്കുമെന്നാണ് പൊതുവെയുള്ള ജനസംസാരം. സപ്‌ളൈ കോയില്‍ സബ്‌സിഡി സാധനങ്ങളില്ല. കരാറുകാര്‍ക്ക് പണം കൊടുക്കാനുള്ളതിനാല്‍ നവംബര്‍ ഒന്നു മുതല്‍ സാധനങ്ങള്‍ നല്‍കില്ലെന്ന് അവര്‍ വ്യക്തമാക്കി കഴിഞ്ഞു. ഒഴിഞ്ഞ ഷോറൂമുകളും തുറന്ന് ജീവനക്കാര്‍ കാറ്റുകൊള്ളുകയാണ്. സര്‍ക്കാരിനെ കുറിച്ച് ജനങ്ങള്‍ക്കുള്ള മതിപ്പറിയാനായി സപ്‌ളൈ കോ ഔട്ട്‌ലെറ്റുകളിലോ, റേഷന്‍ കടകളിലോ അല്‍പസമയം ചെലവഴിച്ചാല്‍ മതിയാകും. ഭക്ഷ്യവകുപ്പിനെതിരെ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തന്നെ രംഗത്തെത്തി. ഇത്തരമൊരു സ്ഥിതിവിശേഷം ഇതുവരെ ഉണ്ടായിട്ടില്ല. പ്രഗല്‍ഭരായ മന്ത്രിമാരുണ്ടായിരുന്ന സി.പി.ഐയ്ക്ക് നാണക്കേടായി മാറിയിരിക്കുകയാണ് കാനത്തിന്റെ മൂന്ന് ഭൂതഗണങ്ങളായ രാജനും അനിലും പ്രസാദും. ക്ഷീരവികസന മന്ത്രി ചിഞ്ചുറാണിയാണ് കുറച്ചെങ്കിലും ഭേദം. സി.പി.എം മന്ത്രിമാരെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. സ്വന്തം വകുപ്പ് കാര്യക്ഷമമായി നടത്താന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞിട്ടില്ല. അനുഭവസമ്പത്തില്ലാത്തവര്‍ മന്ത്രിസഭയിലെത്തിയാല്‍ ഇങ്ങിനെയായിരിക്കും കാര്യങ്ങള്‍. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി കാര്യങ്ങള്‍ പറയാന്‍ മറ്റ് മന്ത്രിമാര്‍ക്ക് മുട്ടിടിക്കുന്ന അവസ്ഥയാണുള്ളത്.
തൊളിലാളി പ്രസ്ഥാനങ്ങളായ സി.പി.എമ്മും സി.പി.ഐയും ഭരിക്കുമ്പോള്‍ നെല്‍ കര്‍ഷകരടക്കമുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ല. നെല്ല് ഏറ്റെടുക്കുന്നത് സംബന്ധിച്ച കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത തുടരുന്നു. നെല്ല് ഏറ്റെടുത്ത് അരിയാക്കി ഇരട്ടി ലാഭത്തിന് വിറ്റാലും കര്‍ഷകര്‍ക്ക് പണം കൊടുക്കാത്ത സര്‍ക്കാരിനെ കര്‍ഷക ദ്രോഹികളെന്ന് വിളിക്കുന്നതില്‍ തെല്ലും അത്ഭുതമില്ല. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനാകാത്തതിനാല്‍ ധൂര്‍ത്ത് നടത്തി കമ്മിഷന്‍ കീശയിലാക്കുകയാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. എനിക്ക് ശേഷം പ്രളയം എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. അത് സംസ്ഥാനത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുന്ന കാര്യമാണ്. വാഴനാരിന്റെ പോലും ബലമില്ലാത്ത പ്രതിപക്ഷമുള്ളപ്പോള്‍ എന്തും ആകാമെന്ന അവസ്ഥയിലാണ് സര്‍ക്കാര്‍. ധൂര്‍ത്ത് നടത്തി നാറട്ടെ... അങ്ങനെ ജനം ഇവരെ പുറത്താക്കട്ടെ എന്ന ലൈനാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. ഈ രണ്ട് കൂട്ടര്‍ക്കുമിടയില്‍ പെട്ട് ഞെരിഞ്ഞമരുകയാണ് പാവം ജനങ്ങള്‍.
https://www.facebook.com/Malayalivartha


























