കളമശേരി സ്ഫാടനക്കേസിൽ പ്രതി ഡൊമനിക് മാർട്ടിൻ തന്നെയെന്നു പൊലീസ് പറയുമ്പോഴും ദുരൂഹത നീങ്ങുന്നില്ല... ഇയാൾ തെളിവുകൾ സൂക്ഷിച്ചുവച്ചതിലെ ദുരൂഹത ദേശീയ അന്വേഷണ ഏജൻസിക്കും ഉണ്ട്... മറ്റ് വ്യക്തികളിലേക്കും സംഘടനകളിലേക്കും അന്വേഷണം നീളാതിരിക്കാൻ ബോധപൂർവം ഇയാൾ തെളിവുകളും ശേഖരിച്ചതാവാം എന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം...

കളമശേരി സ്ഫാടനക്കേസിൽ പ്രതി ഡൊമനിക് മാർട്ടിൻ തന്നെയെന്നു പൊലീസ് പറയുമ്പോഴും ദുരൂഹത നീങ്ങുന്നില്ല. ഇയാൾ തെളിവുകൾ സൂക്ഷിച്ചുവച്ചതിലെ ദുരൂഹത ദേശീയ അന്വേഷണ ഏജൻസിക്കും ഉണ്ട്. മറ്റ് വ്യക്തികളിലേക്കും സംഘടനകളിലേക്കും അന്വേഷണം നീളാതിരിക്കാൻ ബോധപൂർവം ഇയാൾ തെളിവുകളും ശേഖരിച്ചതാവാം എന്നാണ് കേന്ദ്ര ഏജൻസികളുടെ നിഗമനം. ഇക്കാര്യത്തിൽ കേരളാ പൊലീസിനും നിരവധി സംശയമുണ്ട്. സ്ഫാടനത്തിന്റെ ഉത്തരവാദിത്തം തന്നിൽ മാത്രം ഒതുങ്ങിനിൽക്കണമെന്ന നിർബന്ധബുദ്ധി മാർട്ടിനുള്ളതായി കേന്ദ്ര ഏജൻസികൾ വിലയിരുത്തുന്നു.
വിദേശത്തുവച്ചു ആരുടെയെങ്കിലും സഹായമോ പ്രേരണയോ ലഭിച്ചിരിക്കാനുള്ള സാധ്യതയാണു പരിശോധിക്കുന്നത്. യഹോവയുടെ സാക്ഷികളുടെ കൂട്ടായ്മയിൽനിന്നു തെറ്റിപ്പിരിഞ്ഞവരേയും പൊലീസ് ചോദ്യം ചെയ്യും. മാർട്ടിനുമായി ഇവരിൽ പലർക്കും അടുപ്പമുണ്ട്. മാർട്ടിന്റെ മൊെബെൽഫോൺ ഫോറൻസിക് പരിശോധനയ്ക്കു നൽകിയിട്ടുണ്ട്. ഇയാളുടെ സോഷ്യൽമീഡിയ അക്കൗണ്ടുകൾ വിശദമായി പരിശോധിക്കും. എൻഐഎയും കേസിൽ പരിശോധനകൾ തുടരുന്നുണ്ട്. ഇപ്പോഴും കേസ് അന്വേഷിക്കുന്നത് കേരളാ പൊലീസാണ്.
ബോംബ് നിർമ്മിക്കാൻ അസംസ്‌കൃത വസ്തുക്കൾ വാങ്ങിയതിന്റെ ബില്ലുകൾ ഉൾപ്പെടെ ഇയാൾ സൂക്ഷിച്ചിട്ടുണ്ട്. ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മാർട്ടിനു പരസഹായം ലഭിച്ചിരിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണുവിലയിരുത്തൽ. സ്ഫോടനം നടത്താനുള്ള പ്രേരണ, ഒരുക്കം, ബോംബ് നിർമ്മിക്കാനുള്ള പരിശീലനം തുടങ്ങിയ കാര്യങ്ങളിൽ മാർട്ടിൻ പറയുന്ന കാര്യങ്ങൾ പൊലീസ് അപ്പാടെ വിശ്വസിക്കുന്നില്ല. കൃത്യം നടത്തിയതിലും കൊടകരയിൽപോയി കീഴടങ്ങിയതിലും ഹോട്ടലിൽ കയറി വീഡിയോ ചിത്രീകരിച്ചതിലുമെല്ലാം മറ്റാരുടേയോ ഇടപെടലുണ്ടെന്നാണു സംശയം.
മാർട്ടിൻ ദുബായിൽ ജോലിചെയ്തിരുന്നപ്പോഴാണ് സ്ഫോടനം നടത്താനുള്ള പദ്ധതിയിട്ടതെന്ന് പൊലീസ് നിഗമനം. സ്ഫോടനത്തിന് പദ്ധതിയിട്ടശേഷമാണ് ഇയാൾ നാട്ടിലേക്കുവന്നതെന്നാണ് ലഭിക്കുന്ന വിവരം. അവിടെവെച്ച് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ദേശീയപാതയോടു ചേർന്നുള്ള ഫ്ലാറ്റിന്റെ ടെറസിൽവച്ചാണ് ബോംബുണ്ടാക്കിയതെന്നാണ് മാർട്ടിന്റെ മൊഴി. ഓൺലൈനിൽ കണ്ട് ഇത്തരത്തിൽ ഒരു ബോംബ് നിർമ്മിക്കാൻ കഴിയുമോയെന്ന സംശയം പൊലീസിനുണ്ട്. കൂടുതൽ ചോദ്യംചെയ്യലിനായി മാർട്ടിനെ കസ്റ്റഡിൽ വാങ്ങാനുള്ള ഒരുക്കത്തിലാണ് പൊലീസ്. അതിനായി ഉടൻ അപേക്ഷനൽകും. ദേശീയ ഏജൻസികളും ചോദ്യം ചെയ്യും.
മാർട്ടിന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്കയക്കുന്നുണ്ട്. സ്ഫോടനം ആസൂത്രണംചെയ്തതുമുതലുള്ള എല്ലാ വിവരങ്ങളും ഫോണിലുണ്ടെന്ന് മൊഴിനൽകിയിരുന്നു. സ്ഫോടകവസ്തു കളമശ്ശേരി ഹാളിൽ ഘടിപ്പിച്ചതുമുതലുള്ള വീഡിയോ ദൃശ്യങ്ങൾ പൊലീസിന് കൈമാറിയിരുന്നു. സ്ഫോടനം നടന്നതിന്റെ തലേദിവസം മാർട്ടിനുവന്ന ഫോൺ സന്ദേശവും സ്ഫോടനംനടന്ന ദിവസം സാമ്ര കൺവെൻഷൻ സെന്ററിലും പരിസരത്തും വന്നുപോയവരുടെ ഫോൺ സന്ദേശങ്ങളുടെ വിശദവിവരങ്ങളും പരിശോധിക്കുന്നുണ്ട്. തലേദിവസത്തെ ഫോൺ വിളിക്ക് ശേഷം മാർട്ടിൻ അസ്വസ്ഥനായിരുന്നുവെന്ന് ഭാര്യ മൊഴി നൽകിയിരുന്നു.
പ്രതി ആരോടെല്ലാം ഫോണിലൂടെ ബന്ധം പുലർത്തിയെന്നു പരിശോധിക്കും. ഏതാനും വർഷത്തെ വാട്‌സാപ് ചാറ്റുകൾ, സമൂഹ മാധ്യമ ഇടപെടലുകൾ എന്നിവയുടെയും ബാക്ക് അപ് പരിശോധിക്കുന്നുണ്ട്. മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ തിരിച്ചറിയൽ പരേഡ് നടത്താനുള്ള അപേക്ഷ ഇന്നലെ അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചില്ല. ഇതിന് ഒരു ദിവസം കൂടി വേണ്ടിവരുമെന്നാണു വിവരം. സാക്ഷികളെയടക്കം തിരിച്ചറിയൽ പരേഡിൽ പങ്കെടുപ്പിക്കേണ്ടവരുടെ പട്ടിക തയാറാക്കിയ ശേഷമാകും കോടതിയെ സമീപിക്കുക.
ഇന്നലെ രാവിലെ പ്രത്യേക അന്വേഷണ സംഘം സിറ്റി പൊലീസ് കമ്മിഷണർ എ.അക്‌ബർ, അന്വേഷണ സംഘത്തലവൻ സിറ്റി ഡിസിപി എസ്.ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. സ്‌ഫോടനക്കേസിൽ പഴുതുകളെല്ലാം അടച്ചുള്ള സമഗ്രമായ അന്വേഷണമാണു നടക്കുന്നതെന്ന് എ.അക്‌ബർ പറഞ്ഞു. ഇന്നലെ നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ ലഭിച്ചതായും ഇതേപ്പറ്റിയുള്ള വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു.
https://www.facebook.com/Malayalivartha


























