സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിൽ, അരങ്ങുതകർത്ത് കേരളീയം, സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

മമ്മൂട്ടിയെയും മോഹൻലാലിനെയും കമലഹാസനെയും അണിനിരത്തി കേരളീയം അരങ്ങുതകർത്തപ്പോൾ ഹൈക്കോടതിക്ക് മുന്നിൽ തന്റെ സർക്കാരിനെ പിച്ചക്കാരനാക്കി തീർത്ത ഉദ്യോഗസ്ഥനെ എത്രയും വേഗം കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഉഗ്രശാസനം. എന്നാൽ ധനമന്ത്രി കെ. എൻ.ബാലഗോപാലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പും കണ്ടാണ് സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചത്. ഇക്കാര്യം മറച്ചുവച്ച് ഹൈക്കോടതി ജഡ്ജി ദേവൻ രാമചന്ദ്രന്റെ തലയിൽ ചാരാനാണ് ബാലഗോപാൽ ഉൾപ്പെടെയുള്ളവരുടെ ശ്രമം.
സംസ്ഥാനം വൻ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന സംസ്ഥാന സർക്കാരിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി
രംഗത്തെത്തുമ്പോൾ തിരുവനന്തപുരത്ത് കേരളീയം അരങ്ങുതകർത്തുകയായിരുന്നു. പിണറായിയെ പൂർണമായി മടുത്തു കഴിഞ്ഞ കേരളത്തിന് ദേവൻ രാമചന്ദ്രന്റെ തീപാറുന്ന വാക്കുകൾ വലിയ ആശ്വാസമായിമാറുകയായിരുന്നു. കേരളത്തിൽ സാമ്പത്തിക അടിയന്തരാവസ്ഥയാണോ നടക്കുന്നതെന്ന് വരെ ഹൈക്കോടതി ചോദിച്ചു.
കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്താനായി കേരളീയം നടത്തുന്ന സർക്കാരിനോട് ഹൈക്കോടതി പറഞ്ഞു: നിങ്ങൾ കേരളത്തെ നാണം കെടുത്തരുത് . ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ്, സംസ്ഥാനം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണെന്ന് സർക്കാർ അറിയിച്ചത്. ഈ സത്യവാങ്മൂലം കേരളത്തെ അപമാനിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. കേരളാ ട്രാൻസ്പോർട്ട് ഡെവലപ്മെന്റ് ഫിനാൻഷ്യൽ കോർപറേഷന്റെ (കെടിഡിഎഫ്സി) സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട കേസിലാണ്, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന നിലപാട് സർക്കാർ സ്വീകരിച്ചത്.
സർക്കാർ ഗ്യാരണ്ടിയിൽ നിക്ഷേപിച്ച പണം തിരികെ നൽകുന്നില്ലെന്നു ചൂണ്ടിക്കാട്ടി, കൊൽക്കത്ത ആസ്ഥാനമായ ലക്ഷ്മിനാഥ് ട്രേഡ് ലിങ്ക്സ് ആണ് കെടിഡിഎഫ്സിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിച്ചത്. ഹർജിയുമായി ബന്ധപ്പെട്ട് കെടിഡിഎഫ്സിക്കെതിരെ ഹൈക്കോടതി നേരത്തേ പരാമർശം നടത്തിയിരുന്നു. എന്തുകൊണ്ട് പണം നൽകുന്നില്ലെന്നും ആരാഞ്ഞു. ഇതിനു പിന്നാലെയാണ്, സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നു ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.
സംസ്ഥാന സർക്കാർ ധൂർത്തടിച്ച് മലീമസമാക്കിയ ശേഷം കേന്ദ്രത്തെ കുറ്റം പറയുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. 2023-2024 സാമ്പത്തിക വർഷത്തിൽ കേരളത്തിന് ഏതെങ്കിലും തരത്തിലുള്ള കടുത്ത സാമ്പത്തികപ്രതിസന്ധിയുള്ളതായി കേരളസർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടില്ലെന്ന് കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയെ അറിയിച്ചിട്ട് അധിക നാളായിട്ടില്ല.. കേരളത്തിന്റെ വാർഷിക വായ്പപ്പരിധി വർധിപ്പിക്കുന്ന ഒരു നിർദേശവും കേന്ദ്രത്തിന്റെ പരിഗണനയിലില്ല. ഏതെങ്കിലും ഇളവുകൾ സംസ്ഥാനം ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി.
എന്നാൽ, കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക സഹായവും അധികവായ്പയും ആവശ്യപ്പെട്ട് ജൂലായ് 12-ന് കേന്ദ്രമന്ത്രി നിർമലാ സീതാരാമനെക്കണ്ട് കത്തുനൽകിയെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇങ്ങനെയൊരു കത്ത് നൽകിയെങ്കിൽ അക്കാര്യം സമ്മതിക്കാൻ കേന്ദ്ര സർക്കാരിന് ഒരു വിഷമവുമുണ്ടാവില്ല. ലോക്‌സഭയിൽ എൻ.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിനായിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി. 15-ാം ധനകാര്യ കമ്മിഷൻ കേരളത്തിന്റെ വരുമാനവും ചെലവും വിലയിരുത്തി ധനക്കമ്മിയായ 37,814 കോടി രൂപയ്ക്ക് ശുപാർശ നൽകി.
ശുപാർശ കേന്ദ്രം അംഗീകരിച്ച്, ഗ്രാന്റായി 2021-2022 മുതൽ 2025-2026 വരെയുള്ള കാലയളവിലേക്ക് 37,814 കോടി അനുവദിച്ചു. ഇതിൽനിന്ന് 34,648 കോടി ഇതിനകം കേരളത്തിന് നൽകിയെന്നും പങ്കജ് ചൗധരി പറഞ്ഞു. പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ, സ്പെഷ്യൽ പർപ്പസ് വെഹിക്കിൾസ്, സമാനമായ മറ്റു സ്ഥാപനങ്ങൾ എന്നിവ എടുക്കുന്ന വായ്പയും വായ്പാ പരിധിയിൽ ഉൾപ്പെട്ടതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് പിണറായി പറയുന്നത്.. ബജറ്റിൽനിന്നോ നികുതിയിൽനിന്നോ സെസിൽനിന്നോ മറ്റു വരുമാന മാർഗങ്ങളിൽനിന്നോ സംസ്ഥാനസർക്കാർ വകയിരുത്തുന്ന വായ്പകളും വായ്പപ്പരിധിയിൽ കേന്ദ്ര സർക്കാർ ഉൾപ്പെടുത്തും.
2023 മേയ് 10-ലെ കേരളസർക്കാരിന്റെ കത്ത് മുഖേന 2023-2024ലെ കിഫ്ബിയുടെ കടമെടുക്കാനായി തിട്ടപ്പെടുത്തിയ തുക 2500 കോടി രൂപയാണെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇതും പലിശയും സംസ്ഥാന ബജറ്റിലോ നികുതിയിലോ സെസിലോ ഇതര വരുമാനത്തിലോ വകയിരുത്തുന്നതാണെന്നും പങ്കജ് ചൗധരി പറഞ്ഞു. നിർമലാ സീതാരാമന് നൽകിയ കത്തിന്റെ ഉള്ളടക്കവും കൂടിക്കാഴ്ചയുടെ വിവരങ്ങളും മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നെന്ന് കെ.എൻ. ബാലഗോപാൽ പറഞ്ഞു. . മുൻവർഷത്തെക്കാൾ സാമ്പത്തികഞെരുക്കമാണ് കേരളം ഈവർഷം പ്രതീക്ഷിക്കുന്നതെന്ന് അറിയിച്ചു.
വായ്പപ്പരിധി വെട്ടിക്കുറച്ചതും ജി.എസ്.ടി. നഷ്ടപരിഹാരം നിലച്ചതും റവന്യൂക്കമ്മി നികത്താനുള്ള സഹായധനത്തിലെ കുറവും കാരണം 28,000 കോടി രൂപയോളം മുൻവർഷത്തെക്കാൾ കുറയുമെന്നും അറിയിച്ചു. പത്താം ധനകാര്യ കമ്മിഷന്റെ കാലത്ത് 3.875 ശതമാനമായിരുന്നു കേരളത്തിന് കേന്ദ്രത്തിൽ നിന്നുള്ള നികുതിവിഹിതം. 15-ാം ധനക്കമ്മിഷന്റെ കാലത്ത് 1.92 ശതമാനമായി. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന് നിലവിലുള്ള മൂന്നുശതമാനത്തിനുപുറമേ, ആഭ്യന്തര ഉത്പാദനത്തിന്റെ ഒരുശതമാനംവരുന്ന തുകകൂടി വായ്പയെടുക്കാൻ താത്കാലികാനുമതി നൽകണമെന്നാണ് കത്തിലെ ഒരാവശ്യം.
ധനക്കമ്മി നികത്താനുള്ള സഹായം കുറഞ്ഞുവരുന്നതും ധനക്കമ്മിഷൻ അനുവദിച്ച നികുതി വിഹിതത്തിലെ കുറവും കണക്കിലെടുത്ത് പ്രത്യേകസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഇവയ്ക്കുപുറമേ, കേന്ദ്രത്തിൽനിന്ന് കിട്ടാനുള്ള വിവിധയിനം സഹായധനങ്ങളിലെ കുടിശ്ശികയായ ഏകദേശം 1300 കോടി എത്രയുംവേഗം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അന്നു മിന്നും സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്രസർക്കാരിനെ പഴിചാരാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചിട്ടുള്ളത്.
നികുതി പിരിക്കുന്നതിലുൾപ്പെടെ സർക്കാരിന്റെ വീഴ്ചകൾക്കെതിരെ വിമർശനം ഉയരുമ്പോഴാണ് മുഖ്യമന്ത്രി കേന്ദ്രത്തെ പഴിചാരി തലയൂരാൻ ശ്രമിക്കുന്നത്. സി എ ജി വരെ സംസ്ഥാന സർക്കാരിന്റെ നികുതി പിരിവ് കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് വരുത്തി തീർത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്.കേരളീയത്തിന് വേണ്ടി വൻകിട മുതലാളിമാരിൽ നിന്നും സർക്കാർ കോടികൾ പിരിച്ചെടുത്ത സാഹചര്യത്തിൽ ഇനി വ്യാപാരികൾ നികുതി അടയ്ക്കാൻ സാധ്യത കുറവാണ്.
കേന്ദ്രത്തിൽ നിന്ന് അർഹതപ്പെട്ട വിഹിതം ലഭിക്കുന്നില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജിഎസ്ടി നികുതി വരുമാനം ഗണ്യമായി കുറഞ്ഞു തുടങ്ങിയതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. എന്നാൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ കേരളത്തിന്റെ വരവും ചെലവും കണക്കാക്കി അർഹതപ്പെട്ട സഹായം നൽകിയിട്ടുണ്ടെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഹെലികോപ്റ്റർ യാത്രയ്‌ക്കും ലോക കേരളസഭയ്‌ക്കും ഉൾപ്പെടെയുള്ള ധൂർത്തും കാര്യക്ഷമമല്ലാത്ത സാമ്പത്തിക പരിഷ്‌കാരങ്ങളുമാണ് നിലവിലെ പ്രതിസന്ധിയ്‌ക്ക് കാരണമെന്നിരിക്കെയാണ് മുഖ്യമന്ത്രി കേന്ദ്രത്തെ പഴിചാരി തലയൂരാൻ ശ്രമിക്കുന്നത്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശങ്ങളെ കേരളം കൈയടിച്ചാണ് സ്വീകരിച്ചത്.വലിയ പ്രതീക്ഷയാണ് ജ. ദേവന്റെ പരാമർശങ്ങൾ കേരളത്തിന് നൽകിയത്. സ്കൂളുകളിൽ ഉച്ചക്കഞ്ഞി നൽകാൻ പോലും പണമില്ലാത്ത സർക്കാർ 27 കോടി രൂപ ചെലവിട്ടു എന്തിനാണ് കേരളീയം നടത്തുന്നതെന്ന് കേരളം ചോദിക്കുന്നു. പട്ടിണി മരണത്തിന് മുമ്പുള്ള അത്താഴമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് തോന്നി പോകും.
തിരുവനന്തപുരം നഗരം മുഴുവൻ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കട്ടൗട്ട് വച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രത്തിനു താഴെ ‘നിങ്ങൾക്കൊപ്പം ഞാനും’ എന്നാണ് അടിക്കുറിപ്പ്. 40 കാറും 1000 പൊലീസുകാരും അകമ്പടി സേവിക്കുന്ന മുഖ്യമന്ത്രി എങ്ങനെയാണു സാധാരണക്കാർക്ക് ഒപ്പം ആകുന്നത്? സർക്കാർ കോടികളുടെ കടബാധ്യതയിലാണ്. എല്ലാ പെൻഷനുകളും മുടങ്ങിയിരിക്കുകയാണ്. കെഎസ്ആർടിസിയിൽ 3 മാസമായി ശമ്പളമില്ല.
സപ്ലൈകോയിൽ 13 ഇന സബ്സിഡി സാധനങ്ങൾ കിട്ടാനില്ല. 1500 കോടി രൂപയുടെ കുടിശികയുള്ളതിനാൽ വ്യാപാരികൾ സപ്ലൈകോയുടെ ഇ–ടെൻഡറിൽ പങ്കെടുക്കുന്നില്ല. പണ്ടു കിറ്റ് നൽകിയതിന്റെയും നെല്ലു സംഭരിച്ചതിന്റെയും പണം പോലും സപ്ലൈകോയ്ക്കു നൽകിയിട്ടില്ല. 1957 മുതൽ 2016 വരെ 1083 കോടി രൂപ കടമുണ്ടായിരുന്ന കെഎസ്ഇബിയെ ഈ സർക്കാർ 7 വർഷം കൊണ്ടു 40,000 കോടി രൂപയുടെ ബാധ്യതയിലാക്കി. കാരുണ്യപദ്ധതി പ്രകാരം ചികിത്സ കിട്ടാതായി. ട്രഷറിയിൽ ചെക്ക് മാറുന്നില്ല. പൊലീസ് ജീപ്പുകൾക്കു ഡീസൽ നിറയ്ക്കാൻ കഴിയാത്ത സ്ഥിതിയാണ്. സർക്കാർ മുൻഗണന നൽകേണ്ടതു കേരളീയം പോലുള്ള ധൂർത്തിനാണോ? ഇതാണ് പ്രതിപക്ഷത്തിന്റെ ചോദ്യം.
5 വർഷം കൊണ്ടു റവന്യു കമ്മി നികത്തുന്നതിനായി കേന്ദ്രം കേരളത്തിന് 55,000 കോടി രൂപ നൽകിയിട്ടുണ്ട്. . ഇത്രയും തുക മുൻപൊരിക്കലും കേരളത്തിനു ലഭിച്ചിട്ടില്ല. ധൂർത്തും നികുതി പിരിക്കാത്തതുമാണു കേരളം കടക്കെണിയിലാകാൻ കാരണം. സ്വർണം ഗ്രാമിന് 500 രൂപ മാത്രം വിലയുണ്ടായിരുന്ന കാലത്തു 300 കോടി രൂപയായിരുന്നു നികുതി വരുമാനം. ഇപ്പോൾ ഗ്രാമിന് 5500 രൂപ കടന്നിട്ടും നികുതി വരുമാനം 300 കോടി തന്നെയാണ്. ചുരുങ്ങിയത് 5000 കോടിയെങ്കിലും കിട്ടില്ലേ? വ്യാപാരികളിൽ നിന്നും കോടികൾ വാങ്ങിയാൽ അവർ എങ്ങനെ നികുതി പിരിക്കും?
പിണറായിക്ക് പാര പണിതത് ബാലഗോപാൽ തന്നെയാണ്. ധനമന്ത്രിയുടെ പിന്തുണയിലല്ല കേരളീയം നടക്കുന്നത്. കേരളീയത്തിന് പണം അനുവദിക്കാൻ ബാലഗോപാൻ വിമുഖത കാണിച്ചിരുന്നു. മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സെൽഫി എടുക്കാൻ ബാലഗോപാൽ നിൽക്കാത്തതിന്റെ കാരണവും ഇതു തന്നെ. നെൽകർഷകർക്ക് മുന്നിൽ പോലും കൈ മലർത്തിയ ബാലഗോപാൽ ഇനി എന്തു ചെയ്താലും അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയില്ല.
https://www.facebook.com/Malayalivartha


























