നടൻ സുരേഷ് ഗോപി പങ്കെടുത്ത ’കേരളപ്പിറവി ട്രാൻസ്‌ജെൻഡേഴ്‌സിനൊപ്പം’ എന്ന പരിപാടിയിൽ ഇരച്ചെത്തി പോലീസ്; കൂടോടെയിളകി ട്രാൻസ്‌ജെൻഡേഴ്‌സ്

ഇന്നലെ നടൻ സുരേഷ് ഗോപി പങ്കെടുത്ത ’കേരളപ്പിറവി ട്രാൻസ്‌ജെൻഡേഴ്‌സിനൊപ്പം’ എന്ന പരിപാടിയിൽ ചില സംഭവബഹുലമായ കാര്യങ്ങൾ അരങ്ങേറിയിരുന്നു . പരിപാടിയിൽ സുരേഷ് ഗോപിയുടെ പ്രസംഗത്തിനിടെ പോലീസ് എത്തിയിരുന്നു. എന്തിനാണ് പോലീസ് എത്തിയത് എന്ന് മനസിലാകാതെ എല്ലാവരും ആശങ്കാകുലരായി. ഇതോടെ ബോംബ് ഭീഷണിയെത്തുടർന്നാണ് പോലീസ് വന്നതെന്ന ആശങ്കകൾ ശക്തമായിരുന്നു.
ഈ വിവരം സംഘാടകരിലൊരാൾ അദ്ദേഹത്തെ അറിയിച്ചു. തുടർന്ന് സുരേഷ് ഗോപി പ്രസംഗം നിർത്തി വിശ്രമ മുറിയിലേക്കു പോകുകയും ചെയ്തു. ഇതോടെ ബോംബുഭീഷണിയാണെന്ന വിവരം പരന്നു. സദസ്സിലുള്ളവർ പരിഭ്രാന്തരായി . ഇതോടെ പരിപാടി അലങ്കോലമാക്കാനുള്ള ആരുടെയോ ബോധപൂർവമായ ശ്രമമാണെന്ന് ആരോപിച്ച് ട്രാൻസ്‌ജെൻഡർമാർ ബഹളമുണ്ടാക്കുകയും ചെയ്തു. പോലീസ് മടങ്ങിയതോടെ പരിപാടി തുടർന്നു.
എന്നാൽ കളമശ്ശേരിയിലെ സ്ഫോടനത്തിനു ശേഷം ആൾക്കൂട്ടമുള്ള പരിപാടികളിൽ ഏർപ്പെടുത്തിയ പരിശോധന മാത്രമായിരുന്നുവെന്നാണ് പോലീസ് നൽകിയ വിശദീകരണം. തിരിച്ചെത്തിയ സുരേഷ് ഗോപി, പോലീസ് അവരുടെ ജോലി ചെയ്യുകയാണെന്നും തടസ്സപ്പെടുത്തരുതെന്നും പറഞ്ഞു. പോലീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രസംഗം ഇടയ്ക്ക് നിർത്തി മടങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. ബോംബു ഭീഷണിയൊന്നും കിട്ടിയില്ലെന്ന് പിന്നീട് സെൻട്രൽ പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























