സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി....യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്; പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല; 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റില്‍ താഴെയുള്ളവര്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 20 ശതമാനം നിരക്ക് വര്‍ധനയുണ്ടാകും. വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ നിരക്ക് വര്‍ധന ഇന്നലെ മുതല്‍ പ്രാബല്യത്തില്‍ വന്നു.
25 മുതല്‍ 40 ശതമാനം വരെ നിരക്ക് കൂട്ടണമെന്നായിരുന്നു നേരത്തെ കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മീഷന് മുന്നില്‍ വെച്ച ആവശ്യം. എന്നാല്‍ ഇത് അംഗീകരിച്ചില്ല. നിലവില്‍ പരമാവധി 20 ശതമാനമാണ് കൂട്ടിയത്. 2022 ജൂണിലാണ് കേരളം അവസാനമായി വൈദ്യുതി നിരക്ക് കൂട്ടിയിരുന്നത്. അനാഥാലയങ്ങള്‍, വ്യദ്ധസദനങ്ങള്‍, ഐടി, ഐടി അനുബന്ധ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നിരക്ക് വര്‍ധന ബാധകമല്ലെന്നാണ് അറിയിച്ചത്.
നിലവില്‍ നവംബറിലും യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ്ജ് പിരിക്കാന്‍ നേരത്തെ ബോര്‍ഡ് തീരുമാനിച്ചിരുന്നു. അതിന് പുറമെയാണ് നിരക്ക് കൂടുന്നത്. ഇന്നലെ വൈദ്യുതി നിരക്കില്‍ തീരുമാനം എടുക്കാന്‍ ചേര്‍ന്ന റെഗുലേറ്ററി കമ്മീഷന്‍ യോഗം ഒരംഗത്തിന് ദേഹാസ്വാസ്ഥ്യം വന്നതിനെ തുടര്‍ന്ന് പാതി വഴിയില്‍ അവസാനിപ്പിച്ചിരുന്നു.
അതേസമയം, സംസ്ഥാനത്ത് കെഎസ്ഇബി വൈദ്യുതിക്ക് ഈടാക്കി വന്നിരുന്ന സര്‍ചാര്‍ജ് പിന്‍വലിക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അടുത്ത മാസവും ഇത് തുടരാനാണ് തീരുമാനം. വൈദ്യുതി നിരക്ക് കുത്തനെ ഉയര്‍ത്തുന്നതിന് പകരമാണ് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ മാസത്തില്‍ യൂണിറ്റിന് 9 പൈസ സര്‍ചാര്‍ജ് ഈടാക്കിയാണ് കെഎസ്ഇബി വരുമാന നഷ്ടം നികത്താന്‍ ശ്രമം തുടങ്ങിയത്. പിന്നീടിത് 19 പൈസയാക്കി ഉയര്‍ത്തുകയായിരുന്നു.
ജൂണ്‍ മാസം ഒന്ന് മുതലാണ് അതുവരെ ഈടാക്കിയിരുന്ന ഒമ്പത് പൈസയ്ക്ക് പുറമെ പത്ത് പൈസ കൂടി യൂണിറ്റിന് അധികമായി സര്‍ചാര്‍ജ് ഈടാക്കാന്‍ തീരുമാനിച്ചത്. ഇതോടെ യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഇനത്തില്‍ കെഎസ്ഇബിക്ക് ലഭിച്ചിരുന്നത്.
ആദ്യ ഘട്ടത്തില്‍ യൂണിറ്റിന് 44 പൈസ ഈടാക്കാനാണ് കെഎസ്ഇബി അപേക്ഷിച്ചത്. എന്നാല്‍ റെഗുലേറ്ററി കമ്മിഷന്റെ അനുമതി ഇല്ലാതെ ബോര്‍ഡിന് പരമാവധി 19 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാമെന്ന ചട്ടപ്രകാരമാണ് വര്‍ധന നടപ്പാക്കിയത്.
ഒമ്പത് പൈസ സര്‍ചാര്‍ജ് ഒക്ടോബര്‍ വരെ തുടരാന്‍ റെഗുലേറ്ററി കമ്മീഷന്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് ജൂണ്‍ മുതല്‍ പത്ത് പൈസ കൂടി കെഎസ്ഇബി അധികമായി സര്‍ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നത്.
https://www.facebook.com/Malayalivartha


























