ചട്ടം ലംഘിച്ച് എയര്‍ പോര്‍ട്ടിനരികെ ബഹുനില വാണിജ്യ സമുച്ചയം: കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറും കെട്ടിക ഉടമയുമടക്കം 4 പ്രതികള്‍ ഹാജരാകാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

ചട്ടം ലംഘിച്ച് എയര്‍ പോര്‍ട്ടിനരികെ ബഹുനില വാണിജ്യ സമുച്ചയം നിര്‍മ്മിച്ച കേസില്‍ കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയറും കെട്ടിക ഉടമയുമടക്കം 4 പ്രതികള്‍ ഹാജരാകാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണുത്തരവ്. ഒന്നു മുതല്‍ നാലുവരെ പ്രതികളായ തിരുവനന്തപുരം ഫോര്‍ട്ട് സോണല്‍ ഓഫീസ് പബ്ലിക് വര്‍ക്‌സ് ഓവര്‍സിയര്‍ എസ്.കെ.സനല്‍കുമാര്‍ , കോര്‍പ്പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ സി.എം.സുലൈമാന്‍ , വ്യാപാര സമുച്ചയ ഉടമകളായ പട്ടം കുമാരപുരം സ്വദേശികളായ പ്രസാദ് തോമസ് മാത്യു, മകള്‍ സിസി.പി .തോമസ് എന്നിവരാണ് ഹാജരാകേണ്ടത്. വിജിലന്‍സ് ജഡ്ജി രാജകുമാരയാണ് പ്രതികള്‍ ഡിസംബര്‍ 14 ന് ഹാജരാകാന്‍ ഉത്തരവിട്ടത്.
ഒന്നും രണ്ടും പ്രതികളായ പൊതു സേവകര്‍ തങ്ങളുടെ ഔദ്യോഗിക പദവികള്‍ ദുരുപയോഗം ചെയ്ത് മൂന്നും നാലും പ്രതികളുമായി 1999 ലെ കേരള മുന്‍സിപ്പല്‍ ബില്‍ഡിംഗ് റൂള്‍സിലെ വ്യവസ്ഥകള്‍ ലംഘിച്ച് ഗൂഡാലോചന നടത്തി നല്‍കിയ പെര്‍മിറ്റ് രണ്ടു പ്രാവശ്യം പുതുക്കി നല്‍കി. അപ്രകാരം എയറോഡ്രോം റെഫറന്‍സ് പോയിന്റില്‍ നിന്നും 2.438 കി.മി സെറ്റ്ബാക്ക് അകലത്തില്‍ കെട്ടിടങ്ങള്‍ക്ക് ബില്‍ഡിംഗ് പെര്‍മിറ്റ് കൊടുക്കാന്‍ പാടില്ലായെന്ന നിയമം നിലവിലിരിക്കെ 1.24 കി.മി. അകലത്തിലുള്ള കെട്ടിടത്തിന് ബില്‍ഡിംഗ് പെര്‍മിറ്റ് നല്‍കി.
പെര്‍മിറ്റ് നല്‍കും മുമ്പ് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ എന്‍ ഒ സി (നിരാക്ഷേപ പത്രം) വേണമെന്ന കെ എം ബി ആര്‍ 1999 ലെ 32 (2) ചട്ടവും കാറ്റില്‍ പറത്തി. തുടര്‍ന്ന് പ്രതികളുടെ നിയമ വിരുദ്ധ പ്രവൃത്തികള്‍ മറച്ചു വക്കാന്‍ തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബന്ധപ്പെട്ട ഫയലുകളില്‍ കൃത്രിമങ്ങള്‍ ചെയ്തു. കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി കെട്ടിട ഉടമ 7 നിലകളുള്ള ബഹു നില വ്യാപാര സമുച്ചയം നിര്‍മ്മിച്ചുവെന്നും നിയമവിരുദ്ധ ബില്‍ഡിംഗ് പെര്‍മിറ്റ് നേടുകയും ചെയ്തത് വഴി കെട്ടിട നിര്‍മ്മാണത്തിലൂടെ പ്രതിഫലമായ സാമ്പത്തിക നേട്ടം ആസ്വദിക്കാന്‍ മൂന്നും നാലും പ്രതികളെ അനുവദിച്ച് അഴിമതി നിരോധന നിയമത്തിലെ കുറ്റകൃത്യങ്ങളും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ക്രിമിനല്‍ ഗൂഢാലോചന , രേഖകള്‍ ഒളിച്ചുവയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചെയ്തുവെന്നാണ് വിജിലന്‍സ് കേസ്.
https://www.facebook.com/Malayalivartha


























