ശബരിമലയില്‍ എന്തുമാകാം..സി.പി.എമ്മില്‍ ആര്‍ത്തവ വിലക്ക്.. സഖാത്തികള്‍ ദീപശിഖ തൊടരുത്

ശബരിമലയില്‍ യുവതീപ്രവേശനം നടത്തിയ സി.പി.എമ്മില്‍ ആര്‍ത്തവ വിലക്ക്. ജാതിക്കും മതത്തിലും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പടപൊരുതുകയാണെന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടവും ഉറക്കെ പറയുന്ന വിപ്‌ളവ പാര്‍ട്ടിയില്‍ ഇപ്പോഴും ജന്മി-കുടിയാന്‍ കാലത്തെ വ്യവസ്ഥകള്‍ നിലനില്‍ക്കുന്നത്. പ്രാദേശിക തലത്തിലുള്ള വനിതാ സഖാക്കളടക്കം ഇത്തരം അസമത്വങ്ങളില്‍ നിന്ന് പിന്മാറാന്‍ തയ്യാറാകുന്നില്ല. ഇവരോടൊക്കെ എത്ര പറഞ്ഞാലും പഴയ മാമൂലുകളില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ല. പുന്നപ്ര-വയലാര്‍ സമര ദിനാചരണത്തിന്റെ ഭാഗമായ ദീപശിഖാ റാലിയില്‍ നിന്ന് വനിതകളെ പൂര്‍ണമായും മാറ്റിനിര്‍ത്തിയതോടെയാണ് സി.പി.എമ്മിലെ ആര്‍ത്തവ അയിത്തം പുറത്തായത്. വനിതാ സഖാക്കളാണ് ആര്‍ത്തവം അശുദ്ധമാണെന്ന നിലപാട് സ്വീകരിച്ചത്. പുരുഷകേസരികളാകട്ടെ ഇതിനെ എതിര്‍ത്തുമില്ല. ഗൗരി അമ്മയെ പോലുള്ള ധീര വനിതാ സഖാക്കള്‍ക്ക് ജന്മം നല്‍കിയ മണ്ണിലാണ് ഇത്തരം അസംബന്ധ നാടകങ്ങള്‍ അരങ്ങേറുന്നത് എന്നതും ശ്രദ്ധേയം.
പുന്നപ്ര-വയലാര്‍ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി എല്ലാ വര്‍ഷവും ദീപശിഖാ റാലി നടത്തുന്നത് പതിവാണ്. കഴിഞ്ഞ തവണ വനിതകളാണ് റാലിയില്‍ ദീപശിഖ ഏന്തിയത്. എന്നാല്‍ ഇത്തവണ ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റിനിര്‍ത്തണമെന്ന് സി.പി.എമ്മിന്റെ പ്രാദേശിക
വനിതാ നേതാവ് ആവശ്യപ്പെട്ടു. ദീപശിഖാ റാലി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് സി.പി.എം ലോക്കല്‍ കമ്മറ്റിയംഗമായ വനിത വിചിത്ര വാദം മുന്നോട്ട് വച്ചത്. യോഗത്തിലുണ്ടായിരുന്ന സിപിഎം ഏര്യ കമ്മറ്റിയംഗങ്ങളായ നേതാക്കളാരും എതിര്‍ത്തില്ലെന്ന് സി.പി.ഐ നേതാവായ ജി.സുബീഷ് ആരോപിച്ചു. സ്ത്രീ വിരുദ്ധമായ ഈ നിലപാട് തിരുത്താന്‍ ആരും തയാറായില്ലെന്നും സുബീഷ് പറയുന്നു. പുന്നപ്ര റിലേ കമ്മറ്റി ചെയര്‍മാനായ താന്‍ മാത്രമാണ് ഈ നിലപാടിനെ എതിര്‍ത്തതെന്നും മുന്‍ വര്‍ഷങ്ങളിലൊന്നും ഇല്ലാത്ത അശുദ്ധി ഇപ്പോള്‍ അംഗീകരിക്കില്ലെന്നും എഐവൈഎഫ് വനിതകള്‍ ദീപശിഖയുമായി ഓടുമെന്നും യോഗത്തെ അറിയിച്ചു. എന്നിട്ടും സി.പിഎം നേതാക്കള്‍ തെറ്റ് പറ്റിയെന്നോ, വനിതകളെ പങ്കെടുപ്പിക്കില്ലെന്നോ പറഞ്ഞില്ല. അതിനാല്‍ എഐവൈഫ് വനിതകളെ റാലിക്കും ദീപശിഖാ പ്രയാണത്തിനുമായി സജ്ജമാക്കുകയും ചെയ്തിരുന്നു.
എന്നാല്‍ റാലി ആരംഭിച്ച ശേഷമാണ് സി.പി.എം നേതാക്കളുടെ അയിത്തവെറി പുറത്തായത്. എഐവൈഫിന്റെ വനിതാ പ്രവര്‍ത്തകര്‍ക്ക് ദീപശിഖ നല്‍കണമെന്ന് പലതവണ റാലിക്കിടെ ആവശ്യപ്പെട്ടെങ്കിലും സിപിഎം നേതാക്കള്‍ തയാറായില്ല. റാലിയുടെ തുടക്കം മുതല്‍ പുരുഷന്‍മാരായിരുന്നു ദീപശിഖയേന്തിയത്. ഇതോടെ വനിതാ സഖാക്കള്‍ പരാതി പറഞ്ഞപ്പോള്‍ നല്‍കാമെന്ന് മാത്രമായിരുന്നു മറുപടി. പുന്നപ്ര സ്മൃതിമണ്ഡപത്തില്‍ നിന്നും ആരംഭിച്ച് പുന്നപ്ര തെക്ക് വടക്ക് പഞ്ചായത്തുകള്‍ ചുറ്റിയെത്തിയ റാലി അവസാനിക്കുന്നത് വരെ വനിതകള്‍ക്ക് ദീപശിഖ കൈമാറിയില്ല. അവസാനഘട്ടം വരെ ഈ ആവശ്യം ഉന്നയിച്ചെങ്കിലും ചെവിക്കൊള്ളാന്‍ തായാറായില്ല. കൊടിയുമായി ഓടിയാണ് വനിതാ പ്രവര്‍ത്തകര്‍ റാലി പൂര്‍ത്തിയാക്കിയത്. ഇത് അങ്ങേയറ്റം പ്രാകൃതമായ നിലപാടാണെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക എതിര്‍പ്പ് ശക്തമായതോടെ എഐവൈഎഫ് നേതാവ് ജി.സുബീഷ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരാതി നല്‍കി. മുന്‍വര്‍ഷങ്ങളില്‍ 60 ശതമാനവും വനിതകളാണ് ദീപശിഖയും വഹിച്ചുളള യാത്ര നടത്തിയിരുന്നത്. ഇക്കൊല്ലം അതുണ്ടായില്ല. ദീപശിഖ ഭദ്രദീപമാണെന്നും അതുമായി ഓടേണ്ടത് ശുദ്ധിയോടെ ചെയ്യോണ്ട കാര്യമാണെന്നും ചൂണ്ടികാട്ടിയാണ് വനിതകളെ വിലക്കിയത്. ഇത്തരം പ്രാകൃതമായ മാറ്റി നിര്‍ത്തലുകള്‍ വരും വര്‍ഷങ്ങളില്‍ ഉണ്ടാകിതിരിക്കാനാണ് പരാതിയുമായി രംഗത്തെത്തിയതെന്ന് സുബീഷ് പറയുന്നു.
പൊതുസമൂഹത്തില്‍ ഇത്തരം അനാചാരങ്ങള്‍ക്കെതിരെ രംഗത്തുവരുന്ന സി.പി.എമ്മിലെ ചിലരുടെ സംഘി മനസ്സാണ് ഇത്തരം സംബവങ്ങളിലൂടെ പുറത്തുവന്നതെന്ന ആരോപണം പ്രദേശത്ത് ശക്തമാണ്. പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങില്‍ നിന്ന് രാഷ്ട്രപതിയെ ഒഴിവാക്കിയതിനെതിരെ ഉറഞ്ഞുതുള്ളിയവരാണ് അശുദ്ധിയുടെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത്. ശബരിമല കോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ മതില്‍ തീര്‍ക്കുകയും അതിന് ശേഷം യുവതീപ്രവേശനം നടത്തുകയും ചെയ്തവരാണ് സി.പി.എം നേതൃത്വം. അത്രയ്ക്ക് കടുത്ത വിപ്ലവം നടത്തിയവരുടെ പൊള്ളത്തരമാണ് പുന്നപ്ര-വയലാര്‍ വാര്‍ഷിക ദിനത്തില്‍ കണ്ടത്. ആലപ്പുഴയിലെ സി.പി.എമ്മില്‍ കഴിഞ്ഞ കുറേ കാലമായി കടുത്ത സ്ത്രീ വിരുദ്ധത നിലനില്‍ക്കുന്നുണ്ട്. ഏറ്റവും അവസാനം, വേണ്ടപോലെ കണ്ടാല്‍ പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ നല്‍കാമെന്നും ഭര്‍ത്താവില്ലാത്ത സമയത്ത് വീട്ടിലേക്ക് വരാമെന്നും റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സഖാവ് ആവശ്യപ്പെട്ടതായി യുവതി പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഭവം വലിയ വിവാദമാകാതെ ഒതുക്കിത്തീര്‍ത്തു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായ സഖാവിനെ അവിഹിത ബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ ഇയാള്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. പരാതി നല്‍കിയിട്ടും ജില്ലാ നേതാക്കള്‍ നടപടി എടുക്കാതിരുന്നതിനെ തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി ഇടപെട്ടാണ് അച്ചടക്കനടപടി സ്വീകരിച്ചത്.
മറ്റൊരു സഖാവിന്റെ ഫോണില്‍ നിന്ന് 30 വനിതാ പ്രവര്‍ത്തകരുടെ നഗ്ന വീഡിയോയും ഫോട്ടോകളും പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ പുറത്താക്കിയിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നതിനിടെയാണ് ആര്‍ത്തവ വിവാദം തലവേദനയായത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകുന്നതെന്ന് സി.പി.ഐ പറയുന്നു. സിപിഎം, സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍, ജില്ലാസെക്രട്ടറിമാര്‍ എന്നിവര്‍ക്ക് പരാതി ഇമെയിലായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ദീപശിഖാ റാലിയുടെ 60 ശതമാനവും വനിതകളാണ് ഓടിയത്. മുന്‍വര്‍ഷങ്ങളില്ലാത്ത ഈ അശുദ്ധി ഇപ്പോള്‍ വന്നതില്‍ പരിശോധന വേണം. സംഘടനാ നടപടിയും സ്വീകരിക്കണം. ഇത്തരം പ്രാകൃത രീതികള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പോരാട്ടമെന്നും സുബീഷ് പറയുന്നു.
https://www.facebook.com/Malayalivartha

























