റിസര്‍വ് ബാങ്ക് എസ്ബിടിക്ക് ഒരു കോടി രൂപ പിഴ വിധിച്ചു

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഒരു കോടി രൂപ പിഴയിട്ടു. ധനലക്ഷ്മി ബാങ്കിന് ഒരു കോടി രൂപ പിഴയിട്ടതിനു പിന്നാലെയാണിത്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഞ്ച് അനുബന്ധ ബാങ്കുകളിലൊന്നും കേരളം ആസ്ഥാനമായുള്ള ഏക പൊതുമേഖല വാണിജ്യ ബാങ്കുമായ എസ്ബിടി അഞ്ചു കോടിയിലേറെ രൂപ വരുന്ന ചില വായ്പകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആര്‍ബിഐയിലെ വന്‍കിട വായ്പാവിവര ശേഖരത്തിനു കൈമാറിയില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു പിഴ.
ഇതു സംബന്ധിച്ച് ആര്‍ബിഐ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ എസ്ബിടിയുടെ മറുപടി ആര്‍ബിഐക്കു തൃപ്തികരമായിരുന്നില്ല. കേരളത്തില്‍ നിന്നുതന്നെയുള്ള ധനലക്ഷ്മി ബാങ്കിന് ഏതാനും ആഴ്ച മുന്‍പു മാത്രമാണ് ആര്‍ബിഐ ഇതേ ശിക്ഷ നല്‍കിയത്. ഇടപാടുകാരുടെ അവശ്യ വിവരങ്ങള്‍ മനസ്സിലാക്കുന്നതിനുവേണ്ട മാനദണ്ഡങ്ങള്‍ (കെവൈസി) പാലിക്കുന്നതിലും നിയമസാധുതയില്ലാത്ത പണം നിയമവിധേയമാക്കുന്നതു തടയാന്‍ ഉദ്ദേശിച്ചുള്ള നിയമ (എഎംഎല്‍) ത്തിലെ വ്യവസ്ഥകള്‍ അനുസരിക്കുന്നതിലും വീഴ്ച വരുത്തിയതിനായിരുന്നു പിഴ. ധനലക്ഷ്മി ബാങ്കിന്റെ കാര്യത്തിലും കാരണം കാണിക്കല്‍ നോട്ടിസിനു നല്‍കിയ മറുപടി തൃപ്തികരമായിരുന്നില്ല.
തൃശൂര്‍ ആസ്ഥാനമായുള്ള കാത്തലിക് സിറിയന്‍ ബാങ്കിന് ആര്‍ബിഐ ഏതാനും വര്‍ഷം മുന്‍പു 10 ലക്ഷം രൂപ പിഴയിടുകയുണ്ടായി. ഇതില്‍ അഞ്ചു ലക്ഷം രൂപ കെവൈസി മാനദണ്ഡങ്ങള്‍, എഎംഎല്‍ നിയമവ്യവസ്ഥകള്‍ എന്നിവ പാലിക്കുന്നതിലെ വീഴ്ചകള്‍ക്കായിരുന്നു. ക്രമക്കേടുകള്‍ കണ്ടെത്തുന്നതില്‍ ബാങ്കിലെ നിയന്ത്രണ സംവിധാനങ്ങള്‍ക്കു കഴിഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു ബാക്കി തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























