രാജന്‍ ബാബുവിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് യു.ഡി.എഫ്, നടപടിക്കൊരുങ്ങി ജെ.എസ്.എസ്

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നിയമോപദേശം നല്‍കിയ സംഭവത്തില്‍ ജെ.എസ്.എസ് നേതാവ് രാജന്‍ ബാബുവിന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. യു.ഡി.എഫ് നേതാക്കള്‍ നല്‍കിയ പരാതിയിലാണ് വെള്ളാപ്പള്ളിക്കെതിരെ പോലീസ് കേസെടുത്തത്. യു.ഡി.എഫില്‍ നിന്നുള്ള ഒരു നേതാവ് തന്നെ വെള്ളാപ്പള്ളിയെ സഹായിക്കാന്‍ എത്തിയത് ശരിയായില്ലെന്നും തങ്കച്ചന്‍ പറഞ്ഞു.
മുന്‍പ് ലോട്ടറി കേസില്‍ കോണ്‍ഗ്രസ് നേതാവ് സര്‍ക്കാരിനെതിരെ ഹാജരായ സംഭവം ചൂണ്ടിക്കാട്ടിയപ്പോള്‍, അതുമായി ഈ കേസിന് ബന്ധമില്ല. ഇത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനത്തിനെതിരായ നിലപാടാണെന്നും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളാപ്പള്ളിയെ കോടതിയില്‍ അനുഗമിച്ച പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ ബാബുവിനെതിരായ നടപടി ചര്‍ച്ച ചെയ്യാന്‍ ജെ.എസ്.എസിന്റെ നിര്‍ണായക നേതൃയോഗം ശനിയാഴ്ച ചേരാനിരിക്കുകയാണ്. രാജന്‍ ബാബുവിനെതിരെ യു.ഡി.എഫ് നടപടി ആലോചിക്കുന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറിയേറ്റും ജില്ലാ ഭാരവാഹികളുടെ യോഗവും അന്നേ ദിവസം ചേരുന്നുണ്ട്.
എന്നാല്‍, സംസ്ഥാന പ്രസിഡന്റെ് കെ.കെ ഷാജുവും അനുകൂലികളും യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. യു.ഡി.എഫിന് നിരുപാധിക പിന്തുണ വാഗ്ദാനം ചെയ്തുകൊണ്ട് ഷാജു വിഭാഗം കത്ത് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
വിവാദ പ്രസംഗത്തിന്റെ പേരില്‍ കോടതി നടപടി നേരിട്ട വെള്ളാപ്പള്ളി നടേശനെ രാജന്‍ ബാബു അനുഗമിച്ചതാണ് യു.ഡി.എഫിലും ജെ.എസ്.എസിലും പുതിയ വിവാദങ്ങള്‍ക്ക് വഴിവെച്ചത്. വെള്ളാപ്പള്ളിയെ അനുഗമിച്ചത് ചോദ്യം ചെയ്ത് ജെ.എസ്.എസ് പ്രസിഡന്റെ് കെ.കെ. ഷാജു രംഗത്തെത്തിയിരുന്നു.
രാജന്‍ ബാബു എസ്.എന്‍.ഡി.പിയുടെ ലീഗല്‍ അഡൈ്വസര്‍ സ്ഥാനം ഒഴിയണമെന്നും ഇല്ലെങ്കില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെക്കണമെന്നുമാണ് ഷാജു വിഭാഗത്തിന്റെ ആവശ്യം. നിലവിലെ സാഹചര്യത്തില്‍ രാജന്‍ ബാബുവിനെ അനുകൂലിക്കുന്നവര്‍ നടപടിക്കെതിരായിട്ടുള്ള നിലപാടാകും സ്വീകരിക്കുക. മറുപക്ഷം നടപടിയെടുക്കണമെന്ന നിലപാടില്‍ ഉറച്ച നിന്നാല്‍ പാര്‍ട്ടി വീണ്ടും പിളര്‍പ്പിലേക്ക് നീങ്ങാനാണ് സാധ്യത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha























