കണ്ടതും കേട്ടതുമല്ല, കണ്ണൂരില്‍ സിപിഎം നടത്തിയ കൊലപാതക പരമ്പരകള്‍. ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും പിറക്കുന്നതിന് മുമ്പ് പാര്‍ട്ടി ഗ്രാമങ്ങളില്‍ നടന്ന അരുംകൊലകള്‍ പുറംലോകം അറിഞ്ഞിരുന്നില്ല. ചോരപുരണ്ട കഥകള്‍ പലരും സ്വകാര്യസംഭാഷണങ്ങളില്‍ പറഞ്ഞിരുന്നെങ്കിലും പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല. സിപിഎം നേതാവ് പ്രകാശന്‍ മാസ്റ്ററുടെ മകളുടെ ആത്മഹത്യയെ തുടര്‍ന്ന് നടന്ന കൊലപാതകങ്ങളെ കുറിച്ച് പലരും പല കഥകളും പറഞ്ഞിട്ടുണ്ടെങ്കിലും അതേക്കുറിച്ച് ലീഗ് നേതാവ് കെ.എം ഷാജി സ്ഥിരീകരണം നടത്തിയിരിക്കുകയാണ്. ഷാജി രണ്ടാംതവണയാണ് സിപിഎമ്മിന്റെ അടിത്തറ ഇളക്കുന്ന പ്രസ്താവനകള്‍ നടത്തുന്നത്. സിപിഎം നേതാവും ടിപി ചന്ദ്രശേഖരന്‍ വധക്കേസിന്റെ ഗൂഢാലോചനക്കാരനുമായ പികെ കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഷാജി അടുത്തിടെ ആരോപിച്ചിരുന്നു. അതിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ സിപിഎം തയ്യാറായില്ല. അതിന് പിന്നാലെയാണ് പ്രകാശന്‍ മാസ്റ്ററുടെ മകളുടെ ആത്മഹത്യയെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അന്യജാതിക്കാരനായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇത് പ്രകാശന്‍ മാസ്റ്ററും മറ്റ് പാര്‍ട്ടിക്കാരും അറിഞ്ഞിരുന്നു. മകളെയും കാമുകനെയും പിന്തിരിപ്പിക്കാന്‍ പലരും നോക്കിയിട്ട് നടന്നില്ല. അവസാനം യുവാവിനെ ഒരു സംഘം ആളുകള്‍ കൊലപ്പെടുത്തി. കാമുകന്റെ മരണം കൊലപാതകമാണെന്ന് പിന്നീട് അറിഞ്ഞ മകള്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രകാശന്‍ മാസ്റ്ററുമായി അടുപ്പമുണ്ടായിരുന്ന സിപിഎമ്മുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് കെ.എം ഷാജി ആരോപിക്കുന്നു. കൊലപാതക സംഘത്തിലെ ഒരാള്‍ മദ്യപാന സദസ്സില്‍ വെച്ച് പ്രകാശന്റെ മകളുടെ കാമുകന്റെ മരണം ക്വട്ടേഷന്‍ ആയിരുന്നെന്ന കാര്യം പരസ്യമാക്കി. ഇത് നാട്ടില്‍ പാട്ടായി തുടങ്ങിയതോടെ രഹസ്യം വെളിപ്പെടുത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ കൊലപാതകത്തിന് പിന്നിലുണ്ടായിരുന്ന പലരും പിന്നീട് കൊല്ലപ്പെട്ടിട്ടുണ്ട്. കൊലപാതക പരമ്പരകളെ കുറിച്ച് ഒരു അന്വേഷണവും നടന്നിട്ടില്ല. അതിനാല്‍ അന്വേഷണം നടത്തണമെന്നും കെ.എം ഷാജി ആവശ്യപ്പെട്ടു.പി.ജയരാജനും മകനുമെതിരെ മുന്‍ ജില്ലാ കമ്മിറ്റി അംഗം മനു തോമസ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് സിപിഎമ്മിന്റെ ക്രൂരമുഖം അഴിഞ്ഞുവീഴുന്ന കാര്യങ്ങള്‍ പുറത്താകുന്നത്. കള്ളക്കടത്ത് സ്വര്‍ണം തട്ടിക്കൊണ്ടു പോകുന്നതില്‍ പി. ജയരാജന്റെ മകന് പങ്കുണ്ടെന്നും ക്വാറി മാഫിയയെ വളര്‍ത്തുന്നത് പി.ജയരാജനാണെന്നുമായിരുന്നു മനുവിന്റെ ആരോപണം. ഇതേ തുടര്‍ന്ന് ജയരാജനെ പ്രതിരോധിക്കാന്‍ നേതാക്കളാരും തയ്യാറായില്ല എന്നതും ശ്രദ്ധേയമായിരുന്നു. പി. ജയരാജന്‍ ജില്ലാ സെക്രട്ടറി ആയതിന് പിന്നാലെ അനധികൃതായി പണമുണ്ടാക്കാന്‍ ക്വട്ടേഷന്‍ സംഘങ്ങളെയും മറ്റ് മാഫിയകളെയും വളര്‍ത്തി. അനധികൃതമായി ലഭിച്ച പണം ഉപയോഗിച്ച് സ്വന്തം ഫാന്‍സുകാരെ സൃഷ്ടിച്ചു. വാഴ്ത്തുപാട്ടുകളും ഇറക്കി. ഇതോടെ സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിന് താക്കീത് നല്‍കുകയായിരുന്നെന്ന് മനുതോമസ് ആരോപിക്കുന്നു. പി.ജയരാജന്റെ പോക്ക് ശരിയല്ലെന്ന് മനസ്സിലാക്കിയ പിണറായി അദ്ദേഹത്തെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം 2019ല്‍ വടകരയില്‍ മത്സരിപ്പിച്ചു. അന്ന് സ്ഥാനാര്‍ത്ഥികളായിരുന്ന മറ്റ് പല ജില്ലാ സെക്രട്ടറിമാരെയും മാറ്റിയിരുന്നില്ല. ജയരാജനെ മാറ്റിയതിന്റെ ഉദ്ദേശം ഇപ്പോഴാണ് വ്യക്തമായത്.പികെ കുഞ്ഞനന്തന്റെ മരണം കൊലപാതകമാണെന്ന് കെ.എം ഷാജി ഇപ്പോഴും വിശ്വസിക്കുന്നു. അതിന് കാരണമുണ്ട്. ജയിലില്‍വെച്ച് അസുഖബാധിതനായപ്പോള്‍, അഴീക്കോട് എം.എല്‍.എയായിരുന്ന ഷാജി അയാളെ പോയി കണ്ടിരുന്നു. നിരാശയോടെയാണ് കുഞ്ഞനന്തന്‍ അന്ന് സംസാരിച്ചതെന്നും കൊല്ലപ്പെട്ടേക്കുമോ എന്ന ഭീതിയുണ്ടായിരുന്നെന്നും പറയുന്നു. ചിലര്‍ സുഖിക്കുമ്പോള്‍ ജയിലില്‍ കിടന്ന് നരകിക്കുകയാണെന്ന് പറഞ്ഞതാണ് കുഞ്ഞനന്തന് വിനയായത്. നിരവധി തടവുകാരുള്ള ജണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് കുഞ്ഞനന്തന് മാത്രം എങ്ങനെയാണ് ഭക്ഷ്യവിഷബാധയേല്‍ക്കുന്നത്. അതിനുള്ള മറുപടി ഇന്നുവരെ ലഭിച്ചിട്ടില്ല. കുഞ്ഞനന്തന്‍ മരിക്കുംമുന്‍പ് ജയിലില്‍ ഒരു വിഐപി സന്ദര്‍ശകനായിരുന്നു. അദ്ദേഹം കുഞ്ഞനന്തനെ കണ്ടിരുന്നു. എന്നാല്‍ ആ വിഐപി ആരാണെന്ന് പറയാന്‍ കെ.എം ഷാജി തയ്യാറായില്ല. കൊലപാതകം ആസൂത്രണം ചെയ്ത കുഞ്ഞനന്തന്‍ കൊല്ലപ്പെട്ടതോടെ തങ്ങളും വധിക്കപ്പെടുമെന്ന് ടിപി കേസിലെ മറ്റ് പ്രതികള്‍ ഭയക്കുന്നു. അതുകൊണ്ടാണ് തങ്ങളെ പുറത്തിറക്കണമെന്ന് അവര്‍ സിപിഎമ്മിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ അന്വേഷണം ശ്തമായത് കൊണ്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പ്രതിപ്പട്ടികയില്‍ വന്നു. അവസാനമാണ് അദ്ദേഹം രക്ഷപെട്ടത്. മോഹനന് മുകളിലും ആസൂത്രകരുണ്ടെന്നും അക്കാര്യം കേരള സമൂഹത്തിന് അറിയാമെന്നും ഷാജി പറയുന്നു. കുഞ്ഞനന്തന് വിധിച്ച പിഴയായ ഒരു ലക്ഷം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം സുപ്രീംകോടതിയില്‍ പോയി. അവിടെ കേസ് നടത്തണമെങ്കില്‍ കുറഞ്ഞത് 10 ലക്ഷം രൂപയെങ്കിലും വേണം. കുഞ്ഞനന്തനെ കൊന്നത് യുഡിഎഫ് ആണെന്ന് മകള്‍ ആരോപിച്ചിട്ടുണ്ട്. കൊന്നതെന്ന് പറയുമ്പോള്‍ മരിച്ചതല്ല എന്നുള്ള വ്യഗ്യം അതിലുണ്ടെന്നും ഷാജി പറയുന്നു.കുഞ്ഞനന്തന് അനധികൃത പരോളും ജാമ്യവും ചികിത്സാ അവധിയും ജയില്‍ വകുപ്പ് അനുവദിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്ന് തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കണ്ണൂരില്‍ സിപിഎം നടത്തിയ പല കൊലപാതകങ്ങളുടെയും ആസൂത്രകന്‍ കുഞ്ഞനന്തനായിരുന്നെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കൊലപാതകം ആസൂത്രണം ചെയ്ത ശേഷം അത് നടപ്പാക്കുന്ന ദിവസം കുഞ്ഞനന്തന്‍ ഏതെങ്കിലും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. അന്വേഷണം വരുമ്പോള്‍ സംഭവ ദിവസം ഉന്നത ഉദ്യോഗസ്ഥനെ കാണാന്‍ പോയിരുന്നു എന്ന് തെളിയിക്കാനുമാകും. അതുകൊണ്ട് ഇയാള്‍ കാണാന്‍ അനുമതി തേടുമ്പോഴേ ഉദ്യോഗസ്ഥര്‍ക്ക് കാര്യം പിടികിട്ടുമെന്ന് പ്രതിപക്ഷനേതാക്കളില്‍ പലരും ആരോപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കൊലപാതകങ്ങളും ക്വട്ടേഷനുകളും പുറത്തുവരുന്നതിനാല്‍ പിടിച്ചുനില്‍ക്കാനാവാതെ കയ്യുംകാലുമിട്ടടിക്കുകയാണ് സിപിഎം നേതാക്കള്‍.