അമ്പിളിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമ ചിത്രീകരിക്കാൻ മാസങ്ങൾക്ക് മുമ്പ് ചിലർ സമീപിച്ചു; വേദന അറിയാതെ ഒരാളെ കൊല്ലാൻ ആസൂത്രണം ചെയുന്നതിനെക്കുറിച്ചും പോലീസിനോട്...

മലയിൻകീഴ് സ്വദേശിയും വ്യവസായിയുമായ ദീപു സോമന്റെ കൊലപാതകത്തിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യ പ്രതി അമ്പിളിയുടെ, ജീവിതത്തെ ആസ്പദമാക്കി സിനിമ ചിത്രീകരിക്കാൻ മാസങ്ങൾക്കു മുൻപ് ചിലർ സമീപിച്ചിരുന്നതായി തമിഴ്നാട് പൊലീസിനു മൊഴി നൽകിയതായി സൂചന. വേദന അറിയാതെ ഒരാളെ കൊല്ലാൻ ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചും അമ്പിളി പൊലീസിനോടു പറഞ്ഞതായും വിവരമുണ്ട്. അമ്പിളിയുടെ പൂർവ ചരിത്രവും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൊലീസിനു ഇക്കാര്യം വ്യക്തമായത്. മാസങ്ങൾക്ക് മുൻപ് 3.85 കോടിയോളം രൂപയുടെ ഇൻഷുറൻസ് ദീപു എടുത്തിരുന്നതായി പൊലീസ് കണ്ടെത്തി.
സുനിൽകുമാറും അമ്പിളിയും തമ്മിൽ അടുത്ത ബന്ധം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലയ്ക്കു ദിവസങ്ങൾക്ക് മുൻപും ഇയാൾ പാറശാലയിലെ സുനിൽകുമാറിന്റെ സ്ഥാപനത്തിൽ എത്തിയിരുന്നു. ഇവർ ഒരുമിച്ച് കാറിൽ യാത്ര ചെയ്തതായും പൊലീസിന് വിവരം ലഭിച്ചു. കൊലയ്ക്കു ഉപയോഗിച്ച സർജിക്കൽ ബ്ലേഡ്, ക്ലോറോഫാം, കയ്യുറ, മാസ്ക് തുടങ്ങിയവ നെയ്യാറ്റിൻകര നിന്ന് യാത്ര പുറപ്പെടുന്നതിനു മുൻപാണ് അമ്പിളിയെ സുനിലും പ്രദീപും ഏൽപിച്ചത്. എന്നാൽ എന്തിനാണ് കൊലപാതകമെന്നതിൽ വ്യക്തത വന്നിട്ടില്ല. പോലീസ് തിരയുന്ന സുനിൽ കുമാറിന്റെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
കന്യാകുമാരി ജില്ലയിലെ കുലശേഖരത്താണ് റോഡരികിൽ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് പോലീസ് കസ്റ്റഡിയിൽ എടുത്ത വാഹനം തക്കല ഡി വൈ എസ് പി ഓഫീസിലേക്ക് മാറ്റി. കേസിൽസുനിൽ കുമാറിനായി തമിഴ്നാട് പോലീസ് തിരച്ചിൽ ഊർജീതമാക്കിയിട്ടുണ്ട്. തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഇയാളുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കൊലപാതകം നടന്ന ദിവസം പ്രതി അമ്പിളിയിലെ കളിയിക്കാവിളയിൽ എത്തിച്ചത് സർജിക്കൽ ഷോപ്പ് ഉടമ സുനിലും സുഹൃത്ത് പ്രദീപ് ചന്ദ്രനും ചേര്‍ന്നാണ്. സുനിലിന്റെ കാറിലായിരുന്നു യാത്ര. ഇതിന് ശേഷം സുനിലും പ്രദീപ് ചന്ദ്രനും പാറശാലയിലേക്ക് പോയി.
ദീപുവിനെ കൊലപ്പെടുത്തി കഴിഞ്ഞാൽ കാറുമായി വന്ന് കൂട്ടാമെന്ന് സുനിൽ ഉറപ്പ് നൽകിയെങ്കിലും പിന്നീട് വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നാണ് അമ്പിളിയുടെ മൊഴി. തുടര്‍ന്ന് കാറിൽ നിന്ന് ഇറങ്ങിയ അമ്പിളി കുഴിതുറയിലെ ഒരു കടയിൽ പോയി ഓട്ടോറിക്ഷ പിടിക്കാൻ സഹായം തേടി. എന്നാൽ അത് ലഭിച്ചില്ല. ഇതോടെ ഇയാൾ നടന്ന് ബസ് സ്റ്റാൻ്റിൽ പോയി. നേരെ വീട്ടിൽ പോയ പ്രതി ഇവിടെ പണം വച്ച ശേഷം ധരിച്ചിരുന്ന വസ്ത്രം ഊരിയെടുത്ത് കത്തിച്ചുകളഞ്ഞു. ബാഗിൽ നിന്ന് പണം മാറ്റിയ ശേഷം ബാഗും കത്തിയും വീടിനടുത്തുള്ള പുഴയിൽ വലിച്ചെറിഞ്ഞു.
ജെസിബി വാങ്ങാൻ വലിയൊരു തുകയുമായി കോയമ്പത്തൂരിലേക്ക് പോകാനാണ് ദീപു വന്നത്. ജെസിബി ഓപ്പറേറ്ററുമായി കളിയിക്കാവിള സ്റ്റേഷന് സമീപം നിൽക്കാമെന്ന് നേരിട്ട് കണ്ടാണ് ദീപുവിനോട് പ്രതി അമ്പിളി പറഞ്ഞത്. കളിയിക്കാവിളയിൽ എത്തിയ ദീപു വാഹനം നിര്‍ത്തിയ ശേഷം അമ്പിളിയെ കാത്തുനിന്നു. പിന്നീട് ഇവിടെയെത്തിയ അമ്പിളി കാറിൻ്റെ പിൻസീറ്റിൽ കയറി ദീപുവിനെ ക്ലോറോഫോം മണപ്പിച്ച് ബോധം കെടുത്തുകയായിരുന്നു.
കൈയിൽ ഗ്ലൗസ് ധരിച്ച പ്രതി ചൂഴാറ്റുകോട്ട അമ്പിളി കാറിൻ്റെ പിൻസീറ്റിലിരുന്നാണ് കൃത്യം നടത്തിയത്. ഡ്രൈവിങ് സീറ്റിലായിരുന്ന ദീപുവിനെ സര്‍ജിക്കൽ ബ്ലേഡ് ഉപയോഗിച്ചാണ് കഴുത്തിൽ മുറിവേൽപ്പിച്ചത്. പാറശാലയില്‍ തന്നെയുള്ള ഒരു സർവീസ് സെന്ററിൽ സുനില്‍ കാറിട്ടു. പിന്നീട് ഇവിടെ നിന്ന് കുലശേഖരത്തേക്ക് പോകുകയും അവിടെ കാർ ഉപേക്ഷിക്കുകയുമായിരുന്നു. ഈ കാറാണ് കൊലപാതകം നടന്ന് രണ്ട് ദിവസങ്ങൾക്ക് ശേഷം പൊലീസ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























