കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്... പ്രമുഖ സി.പി.എം നേതാക്കളെ പ്രതികളാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം.. എട്ട് അക്കൗണ്ടുകളിലെ 63.62 ലക്ഷം രൂപയും കണ്ടുകെട്ടി...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസുൾപ്പെടെ പ്രമുഖ സി.പി.എം നേതാക്കളെ പ്രതികളാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കം തുടങ്ങി.അനധികൃത വായ്പകളിൽ നിന്ന് സി.പി.എം വിഹിതം കൈപ്പറ്റിയെന്നും ആ പണം കൊണ്ടാണ് പാർട്ടി ഓഫീസ് പണിയാൻ ജില്ലാ സെക്രട്ടറിയുടെ പേരിൽ സ്ഥലം വാങ്ങിയെന്നും ഇ.ഡി സ്ഥിരീകരിച്ചു. ഇതാണ് പാർട്ടിയെ പ്രതിയാക്കാൻ കാരണം. സെന്റിന് പത്തുലക്ഷം വച്ച് വാങ്ങിയ മൂന്നു സെന്റാണ് കണ്ടുകെട്ടിയത്. സി.പി.എമ്മിന്റെ വിവിധ ലോക്കൽ കമ്മിറ്റികളുടെ വെളിപ്പെടുത്താത്ത എട്ട് അക്കൗണ്ടുകളിലെ 63.62 ലക്ഷം രൂപയും കണ്ടുകെട്ടിയിട്ടുണ്ട്.സി.പി.എം ജില്ലാ കമ്മിറ്റിയുടെ അനുവാദത്തോടെയാണ് സെക്രട്ടറിയും ഭരണസമിതിയും അന്നത്തെ ബാങ്ക് മാനേജരും ചേർന്ന് ബിനാമിയായും അനധികൃതമായും വായ്പകൾ അനുവദിച്ചതെന്നാണ് സുപ്രധാന കണ്ടെത്തൽ.
ഈടായി നൽകിയ വസ്തുവിന്റെ വിലയേക്കാൾ ഉയർന്ന വിലയ്ക്ക് ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്ക് പോലും ബിനാമി വായ്പകൾ നൽകി. ഒരേ സ്ഥലംതന്നെ ഒന്നിലേറെ അംഗങ്ങൾ ഈടുവച്ചും തട്ടിപ്പ് നടത്തി.ഇ.ഡി നടപടികൾ..അനധികൃത വായ്പകളുടെ ഗുണഭോക്താക്കളായ സതീഷ് കുമാർ, കിരൺ പി.പി, അരവിന്ദാക്ഷൻ, ജിൽസ് എന്നിവരെ പി.എം.എൽ.എ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തു. ബിജോയ് എന്നയാളുടെ 30.7 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.കള്ളവായ്പ വാങ്ങിയവരിൽ നിന്ന് 57.79 കോടി രൂപ കണ്ടുകെട്ടി. ആകെ കണ്ടുകെട്ടിയ വസ്തുക്കളുടെയും തുകയുടെയും മൂല്യം 117.78 കോടി. പാർട്ടിയുടേയും മറ്റു വ്യക്തികളുടേതും അടക്കം കഴിഞ്ഞ ദിവസം കണ്ടുകെട്ടിയത് 29.29 കോടി രൂപയുടെ സ്വത്തുക്കളാണ്.കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി.
കെട്ടിടങ്ങളും ഭൂമിയും ഉൾപ്പെടെ 28.65 കോടി വില വരുന്ന സ്ഥാവര വസ്തുക്കൾ കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നു. ഇതിൽ 10 ലക്ഷം രൂപ വില വരുന്ന സ്ഥാവര വസ്തുവാണ് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലുള്ളത്.തൃശൂരിലെ സിപിഎമ്മിൻ്റെ ലോക്കൽ ഏരിയ കമ്മിറ്റികളുടെ പേരിൽ എട്ട് വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകളിലായുള്ള 63.62 ലക്ഷം രൂപയടക്കം എട്ട് ജംഗമ വസ്തുക്കളും കണ്ടുകെട്ടിയവയിൽ ഉൾപ്പെടുന്നതായി ഇഡി വാർത്താക്കുറിപ്പിൽ അറിയിച്ചു. കരുവന്നൂർ ബാങ്ക് ഭരണസമിതി മുഖേന തട്ടിപ്പിൻ്റെ ഗുണഭോക്താക്കളിൽനിന്ന് സിപിഎം സംഭാവനയായി ഫണ്ട് സ്വീകരിച്ചു. ഈ തുക സ്ഥാവര വസ്തുക്കൾ വാങ്ങാനായി വിനിയോഗിക്കുകയും കരുവന്നൂർ ബാങ്കിൽ പാർട്ടിയുടെ നിയന്ത്രണത്തിലുള്ള അഞ്ച് അക്കൗണ്ടുകളിലായി നിക്ഷേപിക്കുകയും ചെയ്തുവെന്നും ഇഡി അറിയിച്ചു.
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ഐപിസി 420 വകുപ്പടക്കം ചുമത്തി പോലീസ് വിവിധ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെയാണ് ഇഡിയും സമാന്തരമായി അന്വേഷണം ആരംഭിച്ചത്. കോർപറേറ്റീവ് സൊസൈറ്റി രജിസ്ട്രാർ നടത്തിയ ഓഡിറ്റിൽ നിക്ഷേപകരുടെ 150 കോടിയിലധികം രൂപ വകമാറ്റിയതായാണ് കണ്ടെത്തൽ.കരുവന്നൂർ ബാങ്കിൽനിന്ന് സൊസൈറ്റി അംഗങ്ങൾ അറിയാതെ ഒരേ വസ്തുവിന് ഒന്നിലധികം തവണ വ്യാജ വായ്പ അനുവദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി.കഴിഞ്ഞ വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി 20 ഇടങ്ങളിൽ ഇഡി പരിശോധന നടത്തിയിരുന്നു. തൃശൂരിലെ സഹകരണ ബാങ്കുകളിൽ അഞ്ച് സർവേകളും ഇഡി നടത്തി. കേസുമായി ബന്ധപ്പെട്ട് കള്ളപ്പണ നിരോധന നിയമപ്രകാരം നാലുപേരെയാണ് ഇഡി അറസ്റ്റ് ചെയ്തിട്ടുള്ളത്. സതീഷ് കുമാർ, കിരൺ പിപി, അരവിന്ദാക്ഷൻ, ജിൽസ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം നവംബറിൽ ഇഡി കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha

























