മന്ത്രിമാര്‍ കൂട്ടയടി... തോറ്റവര്‍ ജയിച്ചവരെ കളിയാക്കുന്നത് പോലെയായി; എസ്എസ്എല്‍സി പാസായവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന് പറഞ്ഞത് ശരിയല്ല; സജി ചെറിയാനെ തിരുത്തി ശിവന്‍കുട്ടി; വിമര്‍ശനം വ്യക്തിപരമല്ല, എല്ലാം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും വേണ്ടിയെന്ന് ബിനോയ് വിശ്വം

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം തോറ്റ് തുന്നം പാടി. എന്നിട്ടും മന്ത്രിമാരും നേതാക്കളും തമ്മില്‍ അടി തുടരുകയാണ്. തോറ്റവര്‍ ജയിച്ചവരെ കളിയാക്കുന്നത് പോലെയായി എസ്എസ്എല്‍സി വിജയിച്ചവരെ മന്ത്രി സജി ചെറിയാന്‍ കളിയാക്കിയത്. മറുപടിയുമായി ശിവന്‍ കുട്ടിയും രംഗത്തെത്തി.
കേരളത്തില്‍ എസ്എസ്എല്‍സി കഴിഞ്ഞ് ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉള്‍ക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതല്‍ പദ്ധതികള്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ് സി ഇ ആര്‍ ടി അടക്കമുള്ള വിദ്യാഭ്യാസ ഏജന്‍സികള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.
പ്രീ പ്രൈമറി തലം തൊട്ട് പാഠ്യപദ്ധതി പരിഷ്‌കരണം അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കി വരികയാണ്. അധ്യാപകര്‍ക്ക് സമയാസമയം പരിശീലനം ലഭ്യമാക്കുന്നുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള നൂതന ശാസ്ത്ര, സാങ്കേതിക മേഖലകളില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുകയാണ്. ഒന്നാം ക്ലാസ് പിന്നിടുന്ന വിദ്യാര്‍ത്ഥി മലയാളം അക്ഷരമാല പഠിക്കുമെന്ന് ഉറപ്പാക്കുന്ന രീതിയിലുള്ള പാഠ്യപദ്ധതി പദ്ധതി പരിഷ്‌കരണ പ്രവര്‍ത്തനങ്ങളാണ് നിലവില്‍ നടക്കുന്നത്.
രാജ്യത്ത് ഏറ്റവും മികച്ച രീതിയില്‍ പ്രീ പ്രൈമറി,പ്രൈമറി,അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍,ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തില്‍ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളില്‍ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ട്.
മന്ത്രി സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങള്‍ അടര്‍ത്തി എടുത്താണ് ഇപ്പോള്‍ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാല്‍ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതല്‍ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനം ആണ് അദ്ദേഹം നടത്തിയത് എന്ന് വ്യക്തമാണെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാനത്ത് എസ്എസ്എല്‍സി പാസായ പല കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. ആലപ്പുഴയില്‍ സ്വകാര്യ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജയിച്ചവരില്‍ നല്ലൊരു ശതമാനത്തിനും എഴുതാനോ വായിക്കാനോ അറിയില്ല. പണ്ടൊക്കെ എസ്എസ്എല്‍സിക്ക് 210 മാര്‍ക്ക് കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു. ഇപ്പോള്‍ എല്ലാവരും ജയിക്കുകയാണ്. ആരെങ്കിലും എസ്എസ്എല്‍സി തോറ്റാല്‍ സര്‍ക്കാരിന്റെ പരാജയമായി ചിത്രീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തിനിറങ്ങും. അതുകൊണ്ടുതന്നെ എല്ലാവരെയും ജയിപ്പിക്കുകയാണ് സര്‍ക്കാറിന് നല്ല കാര്യമെന്നും സജി ചെറിയാന്‍ പറഞ്ഞു.
അതേ സമയം നേതാക്കള്‍ തമ്മിലുള്ള വിമര്‍ശനവും തുടരുകയാണ്. സിപിഎമ്മിനെ വിമര്‍ശിക്കുന്നത് വ്യക്തിപരമായല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടിയാണ് സംസാരിക്കുന്നത്. സ്വര്‍ണം പൊട്ടിക്കുന്ന കഥകള്‍, അധോലോക കഥകള്‍ ഒന്നും ചെങ്കോടിക്ക് ചേര്‍ന്നതല്ല. പറയാന്‍ ആഗ്രഹിച്ചത് ഇന്നലെ പറഞ്ഞു കഴിഞ്ഞു. എല്‍ഡിഎഫിനെ സ്‌നേഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് സംസാരിച്ചത്. സിപിഐ എല്‍ഡിഎഫ് വിടണമെന്ന എം എം ഹസന്റ പ്രസ്താവന ചിരിച്ചു കൊണ്ട് തള്ളുകയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് തുടര്‍ ഭരണം ജനങ്ങള്‍ നല്‍കിയതാണ്. ജനങ്ങളുടെ പ്രതീക്ഷ കൈവിടില്ല. എല്‍ഡിഎഫ് ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് വളരണമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ തുല്യ ഉത്തരവാദിത്വമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
കണ്ണൂര്‍ സിപിഎമ്മിലെ പ്രശ്‌നങ്ങളില്‍ അതിരൂക്ഷവിമര്‍ശനമാണ് സിപിഐ നടത്തിയത്. കണ്ണൂരില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ചെങ്കൊടിക്ക് അപമാനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തുറന്നടിച്ചു. അധോലോകത്തിന്റെ പിന്‍പറ്റുന്നവര്‍ ഇടതുപക്ഷത്തിന്റെ ഒറ്റുകാരാണ്. ഇടതിനേറ്റ തിരിച്ചടിയില്‍ ഇത്തരക്കാരുടെ പങ്ക് ചെറുതല്ലെന്നും കഴിഞ്ഞ ദിവസം ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
"
https://www.facebook.com/Malayalivartha

























