കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂരില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയിലായി

കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂരില്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയിലായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ആന്റണി എം വട്ടോളിയാണ് പിടിയിലായത്. കരാറുകാരനില്‍ നിന്ന് 6000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാള്‍ പിടിക്കപ്പെട്ടത്.
അളഗപ്പനഗര്‍ പഞ്ചായത്തിലെ കാന നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ആന്റണി എം വട്ടോളി കൈക്കൂലി വാങ്ങിയത്. കൊടകര ബ്ലോക്കിന്റെ പരിധിയിലുള്ള അളഗപ്പനഗര്‍ ഗ്രാമ പഞ്ചായത്തിലെ നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന ശെല്‍വരാജ് കരാറുകാരനാണ് പരാതി നല്‍കിയത്. കാന നിര്‍മ്മാണത്തിന്റെ ബില്‍ തുകയായ മൂന്നേകാല്‍ ലക്ഷം രൂപയുടെ രണ്ട് ശതമാനമാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് കരാറുകാരന് വിജിലന്‍സില്‍ പരാതി നല്‍കുകയായിരുന്നു. 2023-2024 സാമ്പത്തിക വാര്‍ഷത്തെ പദ്ധതി തുകയില്‍ നിന്നും അനുവദിച്ച കോണ്‍വെന്റ് റോഡിന്റെ ഓട നിര്‍മാണത്തിന്റെ പ്രവര്‍ത്തി ഏറ്റെടുത്ത് ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തികരിച്ചിരുന്നു.
ഈ പ്രവര്‍ത്തിയുടെ അവസാന ബില്‍ തുകയായ 3,21,911രൂപയുടെ ബില്ല് അളഗപ്പനഗര്‍ ഗ്രാമ പഞ്ചായത്തിലെ അസി. എഞ്ചിനീയര്‍ തയാറാക്കി മാറി നല്‍കുന്നതിന് കൊടകര ബ്ലോക്ക് പഞ്ചായത്ത് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറായ ആന്റണി എം. വട്ടോളിക്ക് കൈമാറി. തുടര്‍ന്ന് പരാതിക്കാരനായ കരാറുകാരനെ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ വിളിച്ച് ബില്ല് മാറി നല്കണമെങ്കില് രണ്ട് ശതാമനം തുകയായ 6,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
പരാതിക്കാരന് ഈ വിവരം വിജിലന്‍സ് മധ്യമേഖല പൊലീസ് സൂപ്രണ്ട് ഹിമേന്ദ്രനാഥിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം തൃശ്ശൂര്‍ വിജിലന്‍സ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് കെ.സി സേതുവിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കെണിയൊരുക്കി. ഇന്ന് ഉച്ചക്ക് 2:30 ഓടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വച്ച് കരാറുകാരനില്‍ നിന്നും 6,000 രൂപ കൈക്കൂലി വാങ്ങവെ ആന്റണി എം വട്ടോളിയെ കൈയോടെ പിടികൂടുകയായിരുന്നു.
വിജിലന്‍സ് ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടി നല്കിയ നോട്ടുമായെത്തിയ കരാറുകാരന് ഓഫീസിന് പുറത്തുവെച്ചാണ് ആന്റണിക്ക് കൈമാറിയത്. തുടര്‍ന്ന് പുറത്തേക്കിറങ്ങിയ ആന്റണിയെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കൈയ്യോടെ പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ ഇയാളുടെ കാറില്‍ നിന്ന് അരലക്ഷം രൂപയും വിജിലന്‍സ് കണ്ടെടുത്തു. കിഫ്ബി കരാറുകാരനില്‍ നിന്നാണ് അരലക്ഷം രൂപ കൈക്കൂലി വാങ്ങിയതെന്ന് ഇയാള്‍ വിജിലന്‍സിനോട് സമ്മതിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തു. ആന്റണിക്കെതിരെ കൈക്കൂലിയുമായി ബന്ധപ്പെട്ട് നേരെത്തെയും പരാതികളുണ്ടായിരുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിജിലന്‍സ് ഡിവൈഎസ്പി കെ.സി.സേതുവിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
https://www.facebook.com/Malayalivartha

























