സുരേഷ് ഗോപി സാമ്പിള്‍... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടിത്തറ ഇളക്കിയ തോല്‍വിയെന്ന് അവലോകന റിപ്പോര്‍ട്ടില്‍ തുറന്നുസമ്മതിച്ച് സിപിഎം; കണ്ണൂര്‍ സഖാക്കളെ ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പ്രകാശ് കാരാട്ട്; നേതാക്കള്‍ സ്വയം അധികാര കേന്ദ്രങ്ങളാകരുതെന്ന് എം.വി.ഗോവിന്ദന്‍

സംസ്ഥാനത്ത് അപ്രതീക്ഷിത തോല്‍വിലാണ് സിപിഎമ്മിനുണ്ടായത്. സംസ്ഥാനത്തു പാര്‍ട്ടിയുടെ അടിത്തറ ഇളക്കിയ തോല്‍വിയാണു ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായതെന്നു സിപിഎം വിലയിരുത്തല്‍. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച അവലോകന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം തുറന്നു സമ്മതിക്കുന്നത്.
അടിസ്ഥാന വോട്ടുകളില്‍ നല്ലൊരു പങ്ക് ബിജെപിയിലേക്ക് ഒഴുകിയെന്നും ബിജെപിക്കും സംഘപരിവാര്‍ സംഘടനകള്‍ക്കും കാര്യമായ സംഘടനാ ശേഷിയില്ലാത്ത പ്രദേശങ്ങളില്‍ പോലും അവര്‍ക്ക് വലിയ മുന്നേറ്റമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
'ഈ തിരിച്ചടി മുന്‍കൂട്ടി മനസ്സിലാക്കുന്നതില്‍ വലിയ വീഴ്ച സംഭവിച്ചു. കേഡര്‍ പാര്‍ട്ടിക്ക് സംഭവിക്കാന്‍ പാടില്ലാത്ത വീഴ്ചയാണ് ഉണ്ടായത്. ബിജെപിക്ക് ബൂത്തിലിരിക്കാന്‍ ആളില്ലാത്ത പ്രദേശങ്ങളില്‍ പോലും ഇത്തവണ അവര്‍ കാര്യമായ മുന്നേറ്റമുണ്ടാക്കി. അപകടകരമായ ഈ വളര്‍ച്ച പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കു പാര്‍ട്ടി മുന്‍തൂക്കം നല്‍കണം. തിരുവനന്തപുരത്താണു ബിജെപി ഏറ്റവും വലിയ വളര്‍ച്ച നേടിയിരിക്കുന്നത്.
വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷവും പാര്‍ട്ടി പത്രത്തിന്റെ വരിക്കാരായ പ്രദേശത്തെ ബൂത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്താകുന്ന സാഹചര്യം പോലുമുണ്ടായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ബിജെപിക്കു പോകുന്നതു തടയാന്‍ കാര്യമായ പ്രവര്‍ത്തനവും ഇടപെടലും വേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപി ജനപ്രതിനിധികള്‍ കൂടുതല്‍ ജനകീയരായി മാറുമ്പോള്‍ സിപിഎം പ്രതിനിധികള്‍ക്ക് പലയിടത്തും ആ വിശ്വാസം നിലനിര്‍ത്താനാകുന്നില്ല.
ക്ഷേമ പെന്‍ഷന്‍ അടക്കമുള്ള പദ്ധതികള്‍ മുടങ്ങിയത് കേന്ദ്രം അര്‍ഹമായ പണം തരാത്തതു കൊണ്ടാണെങ്കിലും തിരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് ജനങ്ങളോട് ഇതു കൃത്യമായി വിശദീകരിക്കുന്നതിലും വീഴ്ചയുണ്ടായി. സംസ്ഥാന കമ്മിറ്റി വിലയിരുത്തലില്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന കമ്മിറ്റിയിലും ജില്ലാ കമ്മിറ്റികളിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടില്‍ അത്തരം വിലയിരുത്തലൊന്നുമില്ല.
ത്രിപുരയിലെയും ബംഗാളിലെയും തകര്‍ച്ചയില്‍നിന്നു പാഠം ഉള്‍ക്കൊണ്ടില്ലെങ്കില്‍ തിരിച്ചുവരാന്‍ കഴിയാത്തവിധം പാര്‍ട്ടി തകരുമെന്ന് കേരള ഘടകത്തിന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ മുന്നറിയിപ്പ്. വിശേഷിച്ച് ഒന്നും ചെയ്യാതെതന്നെ സിപിഎം കേന്ദ്രങ്ങളില്‍ ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തിന്റെ കാരണം മനസ്സിലാക്കണം.
അടിസ്ഥാന വിഭാഗങ്ങളെ കൂടെനിര്‍ത്താന്‍ ശ്രമമുണ്ടാകണം. ബലഹീനതകള്‍ മനസ്സിലാക്കി തിരുത്തണം. തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്തിയുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം കേരളത്തിലെ ആദ്യ മേഖലാ യോഗത്തില്‍ കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കാരാട്ട്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ലോക്കല്‍ സെക്രട്ടറിമാര്‍ മുതല്‍ മുകളിലേക്കുള്ള നേതാക്കളാണ് പങ്കെടുത്തത്.
തെറ്റു തിരുത്തിയാല്‍ മാത്രംപോരാ, അത് ജനത്തിനു ബോധ്യപ്പെടുകയും വേണമെന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സംസ്ഥാന സമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ച് പറഞ്ഞു. തിരുത്തലിന് ഓരോ സഖാവും തയാറാകണം. നേതാക്കള്‍ സ്വയം അധികാര കേന്ദ്രങ്ങളാകരുത്. പാര്‍ട്ടിക്ക് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം മനസ്സിലാക്കാന്‍ ബൂത്ത്, ബ്രാഞ്ച്തലം മുതല്‍ പരിശോധന വേണം. എല്ലാവരും സ്വയം വിമര്‍ശനത്തിനു തയാറാകണമെന്നും ഗോവിന്ദന്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥി, യുവജന സംഘടനകളും തിരുത്തലിന് തയാറാകണം.
ബംഗാളും ത്രിപുരയും നല്‍കുന്ന പാഠം ഉള്‍ക്കൊള്ളണമെന്ന് എം.വി.ഗോവിന്ദനും ചൂണ്ടിക്കാട്ടി. കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.കെ.ശൈലജ, പി.കെ.ശ്രീമതി, ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍, സംസ്ഥാന സമിതി അംഗം പി.ജയരാജന്‍ എന്നിവര്‍ പങ്കെടുത്തു.
"
https://www.facebook.com/Malayalivartha

























