അയല്‍ക്കാരനെ കുത്തിക്കൊന്ന കേസില്‍ വിധിച്ച ജീവപര്യന്തം തടവു ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

അയല്‍ക്കാരനെ കുത്തിക്കൊന്ന കേസില്‍ വിധിച്ച ജീവപര്യന്തം തടവു ശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.
ആലപ്പുഴ കരീലക്കുളങ്ങര സ്വദേശി വിക്രമനെ കുത്തിക്കൊലപ്പെടുത്തുകയും മകന് ജെയ്മോനെ കുത്തി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട അജയചന്ദ്രനാണ് വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
ഹര്‍ജി തള്ളിയ കോടതി പ്രതിയുടെ ജീവപര്യന്തം തടവ് ശിക്ഷ ശരിവെക്കുകയായിരുന്നു. ചെറിയ സംഭവങ്ങള്‍ പോലും വലിയ അക്രമത്തിന് കാരണമായേക്കാം, ഇത് അത്തരമൊരു കേസാണെന്നാണ് കോടതി വിലയിരുത്തിയത്. 100 രൂപയെ ചൊല്ലിയുള്ള തര്‍ക്കമാണ് വിക്രമന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. കള്ളുകുടിക്കാനായി വാങ്ങിയ 100 രൂപ തിരിച്ചു തന്നില്ല എന്ന് പറഞ്ഞായിരുന്നു തര്‍ക്കം. 2013ല്‍ വിക്രമന് കള്ളുകുടിച്ചതിന്റെ പണം കൊടുത്തത് സുഹൃത്തായ ഭുവനചന്ദ്രനായിരുന്നു. 100 രൂപയാണ് വിക്രമന് വധക്കേസിലെ പ്രതിയായ അജയചന്ദ്രന്റെ പിതാവായ ഭുവനചന്ദ്രനോട് വാങ്ങിയത്.
ഇത് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ അസ്വാരസ്യവും നിലനിന്നിരുന്നു. കൂടാതെ ഇരു വീട്ടുകാരും തമ്മില്‍ പ്രശ്നങ്ങളും പതിവായിരുന്നു.
2014 മാര്‍ച്ചില്‍ ക്ഷേത്ര ഉത്സവത്തിനിടയിലും രണ്ടു പേരും തമ്മില്‍ വഴക്കുണ്ടായി. മാര്‍ച്ച് 16ന് അജയചന്ദ്രന് ജയ്മോനെ ഫോണില്‍ വിളിച്ച് അടുത്തുള്ള കലുങ്കിന്റെ അടുത്തേക്ക് വരാന്‍ ആവശ്യപ്പെട്ടു. ഇരുവരും തമ്മില്‍ തര്‍ക്കമാവുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. വിക്രമനും ഭുവനചന്ദ്രനും സ്ഥലത്ത് എത്തിയതോടെ പ്രശ്നം കൂടുതല്‍ രൂക്ഷമായി മാറി.
അതിനിടെ അജയചന്ദ്രന് അരയില്‍നിന്ന് കത്തിയൂരി വിക്രമന്റെ തുടയില്‍ കുത്തി. ജയ്മോന്റെ കൈയ്യിലും തോളിലും കുത്തി. താഴെവീണ വിക്രമന്റെ വയറില്‍ കയറിയിരുന്ന് ഭുവനചന്ദന്‍ നെഞ്ചില്‍ ഇടിച്ചു. പിതാവിനെ തള്ളിമാറ്റി അജയചന്ദ്രന് വിക്രമന്റെ വയറ്റിലും നെഞ്ചിലും കുത്തുകയും തലയ്ക്ക് അടിക്കുകയും ചെയ്തു. ജയ്മോന്റെ പുറത്തും കുത്തി. ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിക്രമന് മരിച്ചു. പിന്നീട് ജയ്മോന്റെ മൊഴിയുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ അജയചന്ദ്രനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിതാവിനെയും ബന്ധുവിനെയും വെറുതെ വിടുകയായിരുന്നു.
https://www.facebook.com/Malayalivartha

























