സഖാക്കളുടെ കൊലപാതകം രക്ഷിക്കാന്‍ ജനത്തിന്റെ കോടികള്‍ സിപിഎമ്മിന്റെ ക്രൂരമുഖം അഴിയുന്നു

സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണ് തങ്ങളെന്ന് പറയുന്ന സിപിഎം അധികാരത്തിലുള്ളപ്പോഴും ഇല്ലാത്തപ്പോഴും നടത്തിയ കൊലപാതകങ്ങള്‍ നിരവധിയാണ്. ടിപി ചന്ദ്രശേഖരന്‍ വധത്തോടെയാണ് ഇതിന് കുറച്ചെങ്കിലും അറുതിയുണ്ടായത്. പിണറായി മുഖ്യമന്ത്രിയായ ശേഷം സഖാക്കള്‍ നടത്തിയ കൊലപാതകങ്ങള്‍ പാര്‍ട്ടിയല്ല, സര്‍ക്കാരാണ് നടത്തുന്നത്. അതായത് നിങ്ങളും ഞാനും അടയ്ക്കുന്ന നികുതിപ്പണം ഉപയോഗിച്ച് പാര്‍ട്ടി ഗുണ്ടകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നു. സിറ്റിംഗിന് ലക്ഷങ്ങള്‍ വിലയുള്ള അഭിഭാഷകരെ ഡല്‍ഹിയില്‍ നിന്ന് വിമാനത്തിലെത്തിച്ച് വരെ കേസുകള്‍ നടത്തി. ടിപി വധക്കേസില്‍ ഇപ്പോഴും തങ്ങള്‍ക്ക് പങ്കില്ലെന്ന് പറയുന്ന സിപിഎം എന്തിനാണ് പ്രതികള്‍ക്കായി വക്കീലിനെ നിയോഗിച്ചതെന്ന് വ്യക്തമാക്കാന്‍ തയ്യാറായില്ല.
പ്രതിസ്ഥാനത്തുണ്ടായിരുന്ന കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനനും നിലവില്‍ ശിക്ഷയനുഭവിക്കുന്ന സഖാക്കള്‍ക്കും അന്തരിച്ച കുഞ്ഞനന്തനും ഒരേ അഭിഭാഷകനായിരുന്നു. ടിപി കേസ് നടത്താനായി പാര്‍ട്ടി പിരിവൊന്നും നടത്തിയില്ല. പിന്നെ എങ്ങനെയാണ് പ്രതികള്‍ ശിക്ഷായിളവ് തേടി സുപ്രീംകോടതിയെ സമീപിച്ചതെന്ന് പൊതുജനത്തോട് വ്യക്തമാക്കണം. സുപ്രീംകോടതിയില്‍ കേസ് നടത്തണമെങ്കില്‍ മിനിമം 10 ലക്ഷം രൂപയെങ്കിലും വേണം. അത്രയും തുക കൊടിസുനി അടക്കമുള്ളവര്‍ക്ക് എവിടെ നിന്ന് കിട്ടി. ജയിലില്‍ കഴിയുന്ന പ്രതികളുടെ പക്കല്‍ ഇത്രയും പണം ഉണ്ടായിരിക്കില്ലെന്ന് ഉറപ്പാണ്. കുഞ്ഞനന്തന് വിധിച്ച പിഴ തുകയായ ഒരു ലക്ഷം ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കുടുംബം സുപ്രീംകോടതിയില്‍ പോയിരുന്നു. അതിന് തക്ക ആസ്തിയൊന്നും കുഞ്ഞനന്തനുണ്ടായിരുന്നില്ല. സിപിഎമ്മല്ലാതെ ആരാണ് ഇവര്‍ക്ക് പണം നല്‍കാന്‍, പാര്‍ട്ടി പണം കൊടുത്തിട്ടില്ലെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.
ഇരട്ടക്കൊല കേസിലും ഷുഹൈബ് കൊലക്കേസിലും പ്രതികളെ രക്ഷിച്ചെടുക്കാനായി പൊതുഖജനാവില്‍ നിന്ന് 2.72 കോടി രൂപയാണ് പിണറായി സര്‍ക്കാര്‍ ചെലവിട്ടത്. രാഷ്ട്രീയ കൊലപാതക കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അഭിഭാഷകര്‍ അല്ലാത്തവക്ക് 2,72,40,000 രൂപ വക്കീല്‍ ഫീസായി നല്‍കിയെന്ന് നിയമ മന്ത്രി പി രാജീവ് നിയമസഭയില്‍ വ്യക്തമാക്കി. സണ്ണി ജോസഫ് എംഎല്‍എയുടെ ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി മറുപടി നല്‍കിയത്. കേസുകളില്‍ സിബിഐ അന്വേഷണം വേണമെന്ന ഇരകളുടെ ബന്ധുക്കളുടെ ഹര്‍ജിയെ ഹൈക്കോടതിയില്‍ എതിര്‍ക്കാനായാണ് ഈ തുക ചിലവഴിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകരെ ഇതിനായി എത്തിച്ചു. വലിയ എതിര്‍പ്പുകളുണ്ടായിട്ടും അതൊന്നും സര്‍ക്കാര്‍ കണ്ടഭാവം നടിച്ചില്ല. കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കു വേണ്ടി ഡല്‍ഹിയില്‍ നിന്ന് മൂന്ന് പ്രമുഖ അഭിഭാഷകരെയാണ് ഹൈക്കോടതിയില്‍ എത്തിച്ചത്. സീനിയര്‍ അഭിഭാഷകരായ മനീന്ദര്‍ സിംഗ്, പ്രഭാസ് രാജ് , രജ്ഞിത് കുമാര്‍ എന്നിവരാണ് ഹാജരായത്.
88 ലക്ഷം രൂപ ഇവര്‍ക്ക് ഖജനാവില്‍ നിന്ന് വക്കീല്‍ ഫീസ് നല്‍കി. യാത്രാ ചിലവായി ലക്ഷങ്ങള്‍ വേറെയും. എന്നിട്ടും തിരിച്ചടിയാണുണ്ടായത്. ഹൈക്കടതി കേസ് സിബിഐയ്ക്ക് വിട്ടു. തോല്‍ക്കുമെന്ന് അറിയാമായിരുന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകരെയും അണികളെയും ബോധ്യപ്പെടുത്താനാണ് ഇത്തരത്തിലൊരു നാടകം കളിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ പിണറായി സര്‍ക്കാരിന്റെ വാശി അവിടംകൊണ്ടും അവസാനിച്ചില്ല. സിബിഐ അന്വേഷണത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രതികള്‍ക്ക് വേണ്ടി സര്‍ക്കാരാണ് അപ്പീലിന് പോയിരിക്കുന്നത്. പൊതുജനം നികുതിയടയ്ക്കുന്ന പണം എന്തിനാണ് ഇത്തരത്തില്‍ ചെലവഴിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. പാര്‍ട്ടിക്കാരെ രക്ഷിക്കാനാണെങ്കില്‍ കേസ് നടത്താനുള്ള ആസ്തി സിപിഎമ്മിനുണ്ടല്ലോ, അല്ലെങ്കില്‍ എത്രയോ പ്രഗല്‍ഭരായ വക്കീലന്മാര്‍ പാര്‍ട്ടിക്കരാണ്. അവരെയൊക്കെ ഏല്‍്പപിക്കേണ്ടതിന് പകരം സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ ലക്ഷങ്ങള്‍ മുടക്കി കൊണ്ടുവരുന്നത് എന്തിനാണ്.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും 2019 ഫെബ്രുവരി 17-നാണ് കൊല്ലപ്പെട്ടത്. ബൈക്കില്‍ ശരത് ലാലിന്റെ വീട്ടിലേക്കു പോകുേമ്പാള്‍ തടഞ്ഞ് നിര്‍ത്തി വെട്ടികൊല്ലുകയായിരുന്നു. സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി അയ്യങ്കാവ് വീട്ടില്‍ പീതാംബരനാണ് ഒന്നാം പ്രതി. കേസില്‍ ആകെ 14 പ്രതികളാണുള്ളത്. എല്ലാവരും സിപിഎം പ്രവര്‍ത്തകരാണ്. രണ്ട് പേരെയും കൊലപ്പെടുത്തുമെന്ന് പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കൊലപാതകത്തിന് ശേഷം നടന്ന രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും സിപിഎം ചരിത്ര പരാജയത്തിലേക്ക് കൂപ്പുകുത്തി.
കണ്ണൂര്‍ മട്ടന്നൂരിലെ ലീഗ് പ്രവര്‍ത്തകനായ ഷുഹൈബ് വധ കേസിലെ പ്രതികളായ സിപിഎമ്മുകാര്‍ക്ക് വേണ്ടി വാദിക്കാന്‍ ഹൈക്കോടതിയില്‍ വന്നത് വിജയ് ഹന്‍സാരിയ, അമരീന്ദ ശരന്‍ എന്നീ മുതിര്‍ന്ന അഭിഭാഷകരെയായിരുന്നു. 86 ലക്ഷമായിരുന്നു ഇവരുടെ ഫീസ്. ഈ കേസില്‍ സിബിഐ അന്വേഷണം എന്ന ആവശ്യത്തില്‍ സര്‍ക്കാരിന് അനുകൂല വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായത്. രാഷ്ട്രിയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗോപാലന്‍ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് നല്‍കിയ കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായത് പ്രഗത്ഭനായ ഹരിന്‍ പി റാവല്‍ ആയിരുന്നു. 98 ലക്ഷമായിരുന്നു ഫീസ്. വക്കീല്‍ ഫീസ്, യാത്ര ചെലവ്, ഭക്ഷണം, താമസം എന്നിവയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് തുക അനുവദിച്ചു. വിമാന കൂലിയായി 10,09, 525 രൂപയാണ് ചെലവായത്. താമസത്തിനും ഭക്ഷണത്തിനും 3, 57, 647 രൂപയും. ആകെ ചെലവായത് 2,86,02,172 രൂപ. ആറ് മാസത്തെ ക്ഷേമപെന്‍ഷന്‍ കൊടുക്കാനുണ്ട്, ലൈഫ് മിഷന്‍ അടക്കം നിരവധി പദ്ധതികള്‍ പണമില്ലാത്തത് കാരണം മുന്നോട്ട് പോകുന്നില്ല. സപ്‌ളൈകോയില്‍ സബ്‌സിഡി സാധനങ്ങളില്ല, കാരുണ്യ ഫണ്ട് പൂര്‍ണമായും നല്‍കുന്നില്ല തുടങ്ങി നിരവധി അടിസ്ഥാന പ്രശ്‌നങ്ങളുള്ളപ്പോഴാണ് പാര്‍ട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയവരെ രക്ഷിച്ചെടുക്കാന്‍ ജനത്തെ പിഴിയുന്നത്. അത്യന്തം ഹീനമായ നടപടിയാണിത്. ജനം സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ ഇത്തരം കാര്യങ്ങളെല്ലാം പരിശോധിക്കും. അതുകൊണ്ട് തിരുത്തേണ്ട കാര്യങ്ങളില്‍ തിരുത്ത് വരുത്തിയില്ലെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തവിടുപൊടിയാകും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടിവരില്ല.
https://www.facebook.com/Malayalivartha

























