കലയുടെ കൊലപാതകത്തിൽ യുവതിയ്ക്ക് അടുപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെ ചോദ്യം ചെയ്ത് പോലീസ്; കലയ്ക്കു മദ്യം നൽകിയ ശേഷം കൊലപാതകം..?

മാന്നാർ സ്വദേശിയായ കലയുടെ കൊലപാതകത്തിൽ യുവതിയ്ക്ക് അടുപ്പമുണ്ടായിരുന്ന ആൺ സുഹൃത്തിനെ ചോദ്യം ചെയ്ത് പോലീസ്. കലയുമായി ഇയാൾക്ക് അടുപ്പമുണ്ടായിരുന്നു എന്നാണ് പോലീസിന് നൽകിയ മൊഴി. ഇയാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അനിലും കലയും തമ്മിൽ അകന്നതെന്നാണു പൊലീസിന്റെ നിഗമനം. കല മറ്റൊരാളോടൊപ്പം പാലക്കാട്ടേക്കു പോയെന്ന് അവരെ കാണാതായ ശേഷം നാട്ടിൽ പ്രചാരണമുണ്ടായി. അതിനു പിന്നിൽ ആരാണെന്നും വ്യക്തമല്ല. ഈ പ്രചാരണം കലയുടെ ബന്ധുക്കൾ ഉൾപ്പെടെ വിശ്വസിക്കുകയും ചെയ്തു.
ഒന്നാം പ്രതി അനിലിന്റെ പിതാവ് തങ്കച്ചൻ, മാതാവ് മണിയമ്മ, അനിലിന്റെ ഇപ്പോഴത്തെ ഭാര്യ ശുഭ എന്നിവരെയും മാന്നാർ പൊലീസ് ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. അനിലിന്റെ വീട്ടിലെ അടച്ചിട്ട മുറിയിലായിരുന്നു പൊലീസ് വിവരങ്ങൾ തേടിയത്. പഞ്ചായത്തംഗം പുഷ്പ ശശികുമാറിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. തന്റെ വാർഡിലാണ് സംഭവം നടന്നതെന്നും പ്രതികളെ അറിയാമെന്നും കൊലപാതക വിവരം ഇപ്പോഴാണ് അറിയുന്നതെന്നും പഞ്ചായത്തംഗം പൊലീസിനെ അറിയിച്ചു. എന്നാൽ അനിലുമായി പിണങ്ങി വീടുവിട്ട കല പോയതു പാലക്കാട്ടേക്കല്ല, മറിച്ച് കൊച്ചിയിലേക്കാണെന്നു പൊലീസ് പറഞ്ഞു. കൊച്ചിയിലെ തുണിക്കടയിൽ ജോലിക്കായാണു പോയത്.
അപ്പോഴും കല ഫോൺ ഉപയോഗിച്ചിരുന്നതിനാൽ അനിൽ കലയുമായി സംസാരിച്ചിരുന്നു. തുടർന്ന് അനിൽ കൊച്ചിയിലെത്തി കലയെ കൂട്ടിക്കൊണ്ടുവന്നെന്നും തുടർന്നാണു കൊലപ്പെടുത്തിയതെന്നും പൊലീസിന് ആദ്യ അന്വേഷണത്തിൽ സൂചന ലഭിച്ചു. കലയ്ക്കു മദ്യം നൽകിയെന്നും വിവരമുണ്ട്.
കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവു ചെയ്യാനാണ് അനിൽ മറ്റുള്ളവരുടെ സഹായം തേടിയത്. പിന്നീടു കസ്റ്റഡിയിലായ രണ്ടുപേരെ അനിൽ കലയുടെ മൃതദേഹം കാണിച്ചെന്നും സഹായം തേടിയെന്നും പൊലീസ് കണ്ടെത്തി. ഇവർ വിസമ്മതിച്ചപ്പോൾ അനിൽ ഭീഷണിപ്പെടുത്തിയെന്നും പൊലീസിനു മൊഴി ലഭിച്ചിരുന്നു. കല കൊച്ചിയിലുണ്ടെന്ന് അധികമാർക്കും അറിയില്ലായിരുന്നു എന്നാണു പൊലീസിനു ലഭിച്ച വിവരം.
https://www.facebook.com/Malayalivartha

























