കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കൽ പൊലീസിന് വലിയ വെല്ലുവിളി; ജൈവമാലിന്യ ടാങ്കിൽ 15 വർഷം എല്ലുകൾ ശേഷിക്കാൻ സാധ്യതയില്ല - ഫോറൻസിക് വിദഗ്ധ

ശ്രീകലയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം വേഗത്തിലാക്കി പൊലീസ് സംഘം. ഇസ്രായേലിൽ കഴിയുന്ന ഒന്നാം പ്രതിയും ശ്രീകലയുടെ ഭർത്താവുമായ അനിലിനെ രണ്ടു ദിവസത്തിനകം നാട്ടിലെത്തിക്കുമെന്നാണ് വിവരം. ഇതിനുള്ള നടപടികൾ അന്വേഷണസംഘം തുടങ്ങി. 15 വർഷം മുമ്പ് നടന്ന സംഭവത്തിന്‍റെ ചുരുളഴിയാൻ കൂടുതൽ അന്വേഷണം നടത്താനാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിലുള്ള പ്രതികളുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. യുവതിയെ കൊണ്ടുപോയ കാറും ആയുധവും കണ്ടെത്തുന്നതിന്‍റെ ഭാഗമായാണിത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന സംശയവുമുണ്ട്.
അതിനിടെ, ഭർതൃവീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് കിട്ടിയ മുടി, മുടിപ്പിൻ, ടാഗ്, മാലയെന്ന് തോന്നിക്കുന്ന വസ്തു എന്നിവ ഫോറൻസിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. എന്നാൽ, കേസിൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കൽ പൊലീസിന് വലിയ വെല്ലുവിളിയാണെന്ന് ഫോറൻസിക് വിദഗ്ധ ഡോ. ഷേർളി വാസു പറഞ്ഞു. ജൈവമാലിന്യ ടാങ്കിൽ 15 വർഷം എല്ലുകൾ ശേഷിക്കാൻ സാധ്യതയില്ല.
കുഴിച്ചിട്ട മൃതദേഹം പോലെയല്ല ടാങ്കിലിട്ട ശരീരമെന്നും എല്ലുകൾ നശിക്കുമെന്നും ഷേർളി വാസു വ്യക്തമാക്കി. എന്നാൽ മൃതദേഹം ഇല്ലെങ്കിലും കേസ് തെളിയിക്കാനാവുമെന്നും ഷേര്‍ളി വാസു പറഞ്ഞു. എല്ലുകള്‍ ഉള്‍പ്പടെ മൃതദേഹ ഭാഗങ്ങള്‍ മണ്ണിനടിയിലുള്ളതിനേക്കാള്‍ വേഗത്തില്‍ സെപ്റ്റിക് ടാങ്കിനുള്ളില്‍ വെച്ച് നശിച്ച് പോകും. എന്നാല്‍ വസ്ത്രത്തിന്റെ ഇലാസ്റ്റിക്, അസ്ഥിയുടെ ഭാഗം തുടങ്ങി ലഭിച്ചിരിക്കുന്ന വസ്തുക്കള്‍ ഈ കേസില്‍ അമൂല്യമാകും.
മാപ്പു സാക്ഷി, സാഹചര്യതെളിവുകള്‍, ശക്തമായ മൊഴികള്‍ തുടങ്ങിയ ഘടകങ്ങള്‍ കൊണ്ട് കുറ്റം തെളിയിക്കാന്‍ പൊലീസിന് കഴിയുമെന്നും ഇത്തരത്തില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്ത ഉദാഹരണങ്ങള്‍ നിരവധിയുണ്ടെന്നും ഷേര്‍ളി വാസു പറയുന്നു. നിലവിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ രാസ പരിശോധന ഫലം ലഭിച്ചെങ്കിൽ മാത്രമേ കലയുടെ മൃതദേഹം ഇവിടെയാണ് കുഴിച്ചു മൂടിയതെന്ന് സ്ഥിരീകരിക്കാനാകൂ. 2008ലാണ് കലയെ കാണാതായത്.
എങ്ങനെയാണ് കലയെ കൊന്നതെന്നും എന്തിന് വേണ്ടിയായിരുന്നു എന്നും ഭർത്താവ് അനിൽ നാട്ടിലെത്തിയാൽ മാത്രമേ ഉറപ്പിച്ച് പറയാനാവൂ എന്ന് പൊലീസ് പറയുന്നു. കല കൊല്ലപ്പെട്ടതാണെന്ന് സ്ഥിരീകരിക്കുന്ന കൃത്യമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. അനിലും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന മൊഴി.
https://www.facebook.com/Malayalivartha

























