അനിൽകുമാറിനെ ഇസ്രയേലിൽ നിന്നും തിരികെയെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് പൊലീസ്: ഇന്റർപോളിന് വിവരങ്ങൾ കൈമാറി...

ശ്രീകലയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം വേഗത്തിലാക്കാൻ മുഖ്യ പ്രതിയും ഭർത്താവുമായ അനിൽകുമാറിനെ ഇസ്രയേലിൽ നിന്നും തിരികെയെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് പൊലീസ്. ഇന്റർപോളിന് വിവരങ്ങൾ കൈമാറിയതായും പൊലീസ് അറിയിച്ചു. കേസിൽ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തൽ. മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവർ നാലുപേരും ചേർന്ന് പതിനഞ്ച് വർഷം മുൻപ് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം. വലിയപെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയൽവാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പൊലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതിൽ നിർണായകമായത്.
കൂട്ടുപ്രതികൾക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച ഒന്നാം പ്രതി അനിൽ തെളിവ് നശിപ്പിക്കാൻ മൃതദേഹം പിന്നീട് ആരും അറിയാതെ അവിടെ നിന്ന് മാറ്റിയോ എന്ന സംശയത്തിൽ അന്വേഷണ സംഘം. ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. ഭർത്താവ് ഇരമത്തൂർ കണ്ണമ്പള്ളിൽ അനിൽ സുഹൃത്തുക്കളുടെ സഹായത്തോടെ കലയുടെ മൃതദേഹം ഇട്ടെന്നു കരുതുന്ന സെപ്റ്റിക് ടാങ്കിൽനിന്നു ലോക്കറ്റ്, ഹെയർ ക്ലിപ്പ്, വസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ കിട്ടിയിരുന്നു. എന്നാൽ മൃതദേഹ അവശിഷ്ടങ്ങള്‍ കിട്ടിയില്ല.
കൂട്ടുപ്രതികൾക്കും സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉപേക്ഷിച്ചതു വരെയുള്ള കാര്യങ്ങളേ അറിയൂ. ഒന്നാം പ്രതിയായ അനിൽ മൃതദേഹ അവശിഷ്ടങ്ങൾ ഇവിടെനിന്ന് മറ്റെവിടേക്കോ മാറ്റിയതായി പൊലീസ് സംശയിക്കാൻ കാരണം ഇതാണ്. കലയ്ക്കു പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് അനിൽ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികൾ കാറിൽ കൊണ്ടുപോയി എവിടെയോ മറവു ചെയ്തു തെളിവു നശിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
https://www.facebook.com/Malayalivartha

























