ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍... 38 കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള ജനറേറ്ററില്‍ നിന്ന് പുക ശ്വസിച്ച് 38 സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍. കാസര്‍കോട് കാഞ്ഞങ്ങാടാണ് സംഭവം. സ്കൂളിന് സമീപത്തെ കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ സ്ഥാപിച്ചിട്ടുള്ള ജനറേറ്ററില്‍ നിന്ന് പുക ശ്വസിച്ചാണ് കുട്ടികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
പുക ശ്വസിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് തലകറക്കവും ശ്വാസതടസവും അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച 38 പേരില്‍ 20 കുട്ടികളെ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ബാക്കിയുള്ള 18 പേരില്‍ അഞ്ചുപേര്‍ ജില്ലാ ആശുപത്രിയിലും 13 പേര് സ്വകാര്യ ആശുപത്രിയിലും നിരീക്ഷണത്തില്‍ തുടരുകയാണ്. ഇവരുടെ ഓക്സിജന്‍ അളവില്‍ വ്യതിയാനം കണ്ടെത്തിയതിനാലാണ് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരുടെയും നില ഗുരുതരമല്ല.
കുട്ടികളുടെ ക്ളാസ് മുറിക്ക് സമീപത്തായാണ് ആശുപത്രിയിലെ ജനറേറ്റര്‍ സ്ഥാപിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി സബ് കലക്ടര്‍ സുഫിയാന് അഹമ്മദ് സ്ഥലത്തെത്തി. ജനറേറ്ററിന്റെ പുകക്കുഴലിന്റെ ഉയരക്കുറവാണ് സ്കൂളിലേയ്ക്ക് പുക പകരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടികള്‍ക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത് ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചതുകൊണ്ടാണെന്ന് ടെക്നിക്കല്‍ സംഘം ഡിഎംഒയ്ക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്കി.
https://www.facebook.com/Malayalivartha

























