എംപിയെന്ന നിലയില്‍ തന്നെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിക്കാമെന്ന് കരുതേണ്ടെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി

ഉദ്ഘാടനം ചെയ്യാന്‍ എത്തുന്നത് എംപിയെന്ന നിലയില്‍ അല്ലായെന്നും നടനായിട്ടായിരിക്കുമെന്നും അതിനുള്ള പണം വാങ്ങിയതിന് ശേഷം മാത്രമേ പോകുവെന്നും വ്യക്തമാക്കി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ഇതുവഴി ലഭിക്കുന്ന പണം സമൂഹ നന്മക്കായി ഉപയോഗിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. എങ്ങണ്ടിയൂരില്‍ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇനിയും സിനിമ ചെയ്യും. സിനിമകളില്‍ കിട്ടുന്ന ശമ്പളത്തിന്റെ അഞ്ച് മുതല്‍ എട്ട് ശതമാനം. അതു നല്കാനെ എനിക്ക് അവകാശമുള്ളൂ. കണക്കുകളൊക്കെ കൊടുക്കേണ്ടെ. അങ്ങനെ വരുന്ന കാശ് ഇനി വ്യക്തികള്‍ക്കല്ല കൊടുക്കുന്നത്. അത് പ്രധാനമായിട്ടും ജനങ്ങള്‍ക്കും സമൂഹത്തിനും ഉപകാരപ്പെടുന്ന കാര്യങ്ങളിലേക്ക് വന്നിരിക്കും. അതിന് പിരിവ് ഉണ്ടാകില്ല.
ഏതെങ്കിലും പരിപാടിക്ക് പോകുമ്പോള്‍ എംപിയെക്കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാമെന്ന് കരുതേണ്ട. അവിടെ സിനിമാ നടനായിട്ടേ വരൂ. അതിന് യോഗ്യമായ ശമ്പളം, എന്റെ സഹപ്രവര്‍ത്തകര്‍ വാങ്ങുന്ന തരത്തില്‍ വാങ്ങിയേ ഞാന്‍ പോകൂ. അതില്‍ നിന്ന് നയാ പൈസ ഞാന്‍ എടുക്കില്ല. അത് എന്റെ ട്രസ്റ്റിലേക്ക് പോകൂ. അത് ഞാന്‍ നേരത്തെ സൂചിപ്പിച്ച കാര്യങ്ങള്‍ക്കായി ഉപയോഗിക്കും'- സുരേഷ് ഗോപി പറഞ്ഞു.
'ഇനിയിപ്പോള്‍ ആക്രമണം വരാന്‍ പോകുന്നത് ആ രീതിയിലൊക്കെയായിരിക്കും. അത് ഞാന്‍ ഇപ്പോഴെ അങ്ങ് പിരിവെട്ടി നല്ല കപ്ലിംഗ് ഇട്ട് അടച്ചുകൊടുത്തിരിക്കുകയാണ്. ഇനി അങ്ങനെ തന്നെയാണ്. തൃശൂരിലെ ജനങ്ങളാണ് ഒരു ഉത്തരവാദിത്തം ഏല്‍പ്പിച്ചിരിക്കുന്നതെങ്കില്‍ നിങ്ങളുടെ ഒന്നും ഉപദേശം ആവശ്യമില്ല. കൃത്യമായി നിര്‍വഹണം നടത്തിയിരിക്കും. അതിനുള്ള ചങ്കൂറ്റം ഉണ്ടെന്ന് നേരത്തെ തെളിയിച്ചതാണ്. പറഞ്ഞതൊന്നും വെറുതെ അല്ല, ഈശ്വരന് അനുഗ്രഹിച്ചാല്‍ അതുക്കും മേലെ ചെയ്തിരിക്കും'- സുരേഷ് ഗോപി പഞ്ഞു.
https://www.facebook.com/Malayalivartha

























