അനിലിന്റെ വീട്ടിലെ സെപ്ടിക് ടാങ്ക് 15 വർഷത്തിനിടെ രണ്ട് തവണ വൃത്തിയാക്കി; ടാങ്കിലെ അവശിഷ്ടങ്ങൾ എവിടെ മറവ് ചെയ്തെന്ന് കണ്ടെത്തുക വെല്ലുവിളി: കലയും ഭർത്താവും ആദ്യം വാടകയ്ക്കു താമസിച്ച വീട്ടിലെ സെപ്റ്റിക് ടാങ്കും തുറന്നു പരിശോധിക്കണം എന്ന് സഹോദരൻ...

ശ്രീകലയെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം വേഗത്തിലാക്കാൻ മുഖ്യ പ്രതിയും ഭർത്താവുമായ അനിൽകുമാറിനെ ഇസ്രയേലിൽ നിന്നും തിരികെയെത്തിക്കാനുള്ള നടപടികൾ ആരംഭിച്ച് പൊലീസ്. ഇന്റർപോളിന് വിവരങ്ങൾ കൈമാറിയതായും പൊലീസ് അറിയിച്ചു. കേസിൽ നാല് പ്രതികളെന്ന് പൊലീസ് കണ്ടെത്തൽ. മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഭർത്താവ് അനിൽ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്. ഇവർ നാലുപേരും ചേർന്ന് പതിനഞ്ച് വർഷം മുൻപ് കലയെ കാറിൽവെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം. വലിയപെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയൽവാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പൊലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതിൽ നിർണായകമായത്.
കൂട്ടുപ്രതികൾക്കൊപ്പം കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ച ഒന്നാം പ്രതി അനിൽ തെളിവ് നശിപ്പിക്കാൻ മൃതദേഹം പിന്നീട് ആരും അറിയാതെ അവിടെ നിന്ന് മാറ്റിയോ എന്ന സംശയത്തിൽ അന്വേഷണ സംഘം. ഇസ്രയേലിലുള്ള അനിലിനെ നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തിൽ വ്യക്തത വരുത്താനാകൂ. ഭർത്താവ് ഇരമത്തൂർ കണ്ണമ്പള്ളിൽ അനിൽ സുഹൃത്തുക്കളുടെ സഹായത്തോടെ കലയുടെ മൃതദേഹം ഇട്ടെന്നു കരുതുന്ന സെപ്റ്റിക് ടാങ്കിൽനിന്നു ലോക്കറ്റ്, ഹെയർ ക്ലിപ്പ്, വസ്ത്രത്തിന്റെ ഇലാസ്റ്റിക് എന്നിവ കിട്ടിയിരുന്നു. എന്നാൽ മൃതദേഹ അവശിഷ്ടങ്ങള് കിട്ടിയില്ല.
കൂട്ടുപ്രതികൾക്കും സെപ്റ്റിക് ടാങ്കിൽ മൃതദേഹം ഉപേക്ഷിച്ചതു വരെയുള്ള കാര്യങ്ങളേ അറിയൂ. ഒന്നാം പ്രതിയായ അനിൽ മൃതദേഹ അവശിഷ്ടങ്ങൾ ഇവിടെനിന്ന് മറ്റെവിടേക്കോ മാറ്റിയതായി പൊലീസ് സംശയിക്കാൻ കാരണം ഇതാണ്. കലയ്ക്കു പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് അനിൽ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികൾ കാറിൽ കൊണ്ടുപോയി എവിടെയോ മറവു ചെയ്തു തെളിവു നശിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ പറയുന്നത്.
കലയുടെ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനുള്ള പരിശോധന അന്വേഷണ സംഘം ഊർജ്ജിതമാക്കിട്ടുണ്ട്. സെപ്ടിക് ടാങ്കിൽ നിന്ന് യുവതിയുടെ തുടയെല്ലോ കൈകാലുകളുടെ അസ്ഥികളോ തലയോട്ടിയോ ലഭിച്ചിട്ടില്ല. ഇവ കണ്ടെത്തുന്നതിന്റെ ഭാഗമായി കലയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ അനിലിന്റെ വീടിന് സമീപമുള്ള പ്രദേശങ്ങളിൽ എന്തെങ്കിലും നിർമാണങ്ങളുണ്ടോയെന്ന് പൊലീസ് പരിശോധിക്കും.
കൊലപാതകത്തിൽ അനിലിന്റെ വീട്ടുകാർക്കും പങ്കുണ്ടെന്നാണ് കലയുടെ ബന്ധുക്കളുടെ വാദം. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രതിചേർക്കണമെന്നും ആവശ്യപ്പെട്ട് കലയുടെ സഹോദരൻ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. മൃതദേഹം മറവു ചെയ്ത സ്ഥലവും അതിന് സഹായിച്ചവരെയും കണ്ടെത്താൻ അനിലിന്റെ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തേക്കും.
മൃതദേഹം ഒളിപ്പിച്ചെന്ന് സംശയിക്കുന്ന അനിലിന്റെ വീട്ടിലെ സെപ്ടിക് ടാങ്ക് 15 വർഷത്തിനിടെ രണ്ടുതവണ വൃത്തിയാക്കിയതായി കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്ന് സൂചന ലഭിച്ചിരുന്നു. ടാങ്കിലെ അവശിഷ്ടങ്ങൾ എവിടെയാണ് മറവു ചെയ്തതെന്ന് കണ്ടെത്തുകയാണ് ഇനിയുള്ള വെല്ലുവിളി. അതിനിടെ കലയും ഭർത്താവ് അനിലും ആദ്യം വാടകയ്ക്കു താമസിച്ച വീട്ടിലെ സെപ്റ്റിക് ടാങ്കും തുറന്നു പരിശോധിക്കണം എന്ന് സഹോദരൻ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























