കേരളത്തിനായി പ്രഥമ പരിഗണനയിലൂള്ളത് 3 കാര്യങ്ങൾ; നാട്ടികയിൽ മിനി ഫിഷിങ് ഹാർബർ...

മിന്നും വിജയത്തിന് ശേഷം, തൃശൂരിനെ തലയിലെടുത്ത കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തൃശൂരിനു സമ്മാനമായി നാട്ടികയിൽ വൻ പ്രഖ്യാപനങ്ങൾ നടത്തിയിരിക്കുകയാണ്. കേരളത്തിനായി 3 കാര്യങ്ങളാണ് പ്രഥമ പരിഗണനയിലൂള്ളത്. അതിലൊന്നാണ് നാട്ടികയിലെ മിനി ഫിഷിങ് ഹാർബർ. പ്രഥമ പരിഗണനയിലുള്ള മറ്റൊന്ന് എയിംസാണ്. അത് കേരളത്തിൽ അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കുന്നതിനായി ശ്രമിക്കും. റെയിൽവേ വികസനമാണ് മൂന്നാമത്തെ കാര്യം. റെയിൽവേ ലൈനുകളുടെ എണ്ണം കൂട്ടാതെ നിലവിലെ യാത്രാക്ലേശത്തിന് പരിഹാരമാകില്ല.
കേരള സർക്കാർ ഭൂമി ഏറ്റെടുത്ത് നൽകാൻ തയാറായാൽ മറ്റുള്ള കാര്യങ്ങൾ വേഗത്തിലാക്കാൻ കഠിന പരിശ്രമം നടത്തുമെന്നും കൊച്ചി മെട്രോ തൃശൂരിലേക്കു നീട്ടുന്നതുൾപ്പെടെയുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പെട്രോൾ പമ്പുകൾ തോറും സ്ത്രീ സൗഹൃദ ശുചിമുറി സമുച്ചയവും ചായയും ലഘു ഭക്ഷണവും ലഭിക്കുന്ന രീതീയിൽ ടീ ഷോപ്പുകളും പൊതുജനങ്ങൾക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിൽ സജ്ജീകരിക്കുവാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ മണലൂർ നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ ദുർഭരണത്തിന് ചങ്ങലപ്പൂട്ടിടാവുന്ന തരത്തിൽ അംഗബലം വർധിപ്പിക്കുന്നതിലേക്ക് പാർട്ടി വളരണമെന്ന് സുരേഷ്ഗോപി ഏങ്ങണ്ടിയൂരിലെ സ്വീകരണയോഗത്തിൽ പറഞ്ഞു. ഇനി 2 വർഷം തിരഞ്ഞെടുപ്പ് പ്രചാരണമാണു നടത്തേണ്ടത്. അടുത്ത വർഷം സെമിഫൈനലാണ്. അവിടെ കിട്ടുന്ന ഫലമായിരിക്കും ഉത്തേജക മരുന്ന്. 140 മണ്ഡലത്തിലേക്കും വളരണം. കേരളത്തിലെ ജനങ്ങൾ പുതിയൊരു മാർഗം കണ്ടെത്തിയിരിക്കുന്നു.
ഇനി ബിജെപിയുടെ ഉത്തരവാദിത്തം പ്രാപ്തി വർധിപ്പിക്കലാണ്. അത് സാധിച്ചാൽ നമ്മൾ വേണ്ടെന്നു വച്ചാലും ജനങ്ങൾ വിടില്ല– സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ എൻഡിഎ വിജയിച്ചതിന്റെ മഹത്വം അറിഞ്ഞത് ഡൽഹിയിൽ എത്തിയപ്പോഴായിരുന്നെന്ന് സുരേഷ്ഗോപി ബിജെപി നാട്ടിക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ നടത്തിയ സ്വീകരണയോഗത്തിൽ അദ്ദേഹം പറഞ്ഞു. മുഴുവൻ സീറ്റുകളിലും ബിജെപി വിജയിച്ച സംസ്ഥാനങ്ങൾ ഉണ്ടെങ്കിലും കേരളത്തിൽ 20ൽ ഒരു സീറ്റ് നേടിയതിന്റെ മഹത്വം നേരിട്ടറിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























