സെപ്റ്റിക്ക് ടാങ്കില്‍ നിന്ന് അനില്‍ മൃതദേഹം കൂട്ടുകാര്‍ അറിയാതെ പുറത്തെടുത്ത് മറ്റെവിടെയോ മറവു ചെയ്തു? കലയുടെ മൃതദേഹം അനില്‍ കായിലിലോ പുഴയിലോ തള്ളി? കേരളത്തെ നടുക്കിയ മാന്നാര്‍ സ്വദേശി കലയുടെ കൊലപാതകം വീണ്ടും ട്വിസ്റ്റിലേക്ക്...!

കേരളത്തെ നടുക്കിയ മാന്നാര്‍ സ്വദേശി കലയുടെ കൊലപാതകം വീണ്ടും ട്വിസ്റ്റിലേക്ക്. ഭര്‍ത്താവ് അനിലും കൂട്ടുകാരും ചേര്‍ന്ന് കലയെ കൊന്നശേഷം മൃതദേഹം സെപ്റ്റിക്ക് ടാങ്കില്‍ തള്ളി സ്ലാബിട്ടു മൂടിയെന്ന കേസിലാണ് ഞെട്ടിക്കുന്ന മാറ്റങ്ങളുടെ സൂചന. സെപ്റ്റിക്ക് ടാങ്കില്‍ നിന്ന് അനില്‍ മൃതദേഹം കൂട്ടുകാര്‍ അറിയാതെ പുറത്തെടുത്ത് മറ്റെവിടെയോ മറവു ചെയ്തുവെന്നതാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഇസ്രായേലി അനിലിനെ നാട്ടിലെത്തിച്ച ചോദ്യം ചെയ്താല്‍ മാത്രമേ കലയുടെ മൃതദേഹം എവിടേക്ക് മാറ്റി മറവു ചെയ്തു എന്നത് കൃത്യമായി അറിയാന്‍ സാധിക്കൂ. കലയുടെ മൃതദേഹം അനില്‍ കായിലിലോ പുഴയിലോ തള്ളിയിട്ടുണ്ടാകും എന്ന സംശയവും പോലീസിനുണ്ട്.
ആലപ്പുഴ ഇരമത്തൂര്‍ സ്വദേശി കലയുടെ മൃതദേഹം മറവു ചെയ്തതായി സംശയിക്കുന്നസെപ്റ്റിക്ക് ടാങ്ക് പൂര്‍ണമായി പരിശോധനയ്ക്കു വിധേയമാക്കിയെങ്കിലും ഒരു എല്ലിന്‍ കഷ്ണംപോലും കണ്ടെത്താനായില്ല. കലയുടേതെന്ന് കരുതുന്ന ഒരു ലോക്കറ്റും തലയില്‍ വയ്ക്കുന്ന ക്ലിപ്പും ഇലാസ്റ്റിക്കിന്റെ ഭാഗവും മാത്രമാണ് ടാങ്കില്‍നിന്നു കണ്ടെടുക്കാനായത്. കലയുടെ മൃതദേഹം ടാങ്കില്‍ മറവു ചെയ്തുവെന്നാണ് അറസ്റ്റിലായ കൂട്ടുപ്രതികള്‍ ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കൂട്ടുകാര്‍ക്കൊപ്പം മൃതദേഹം മറവു ചെയ്ത രാത്രിയില്‍തന്നെ മാറ്റേതെങ്കിലും സുഹൃത്തുക്കളുടെ സഹായത്തോടെയോ തനിച്ചോ മൃതദേഹം മറ്റെവിടേക്കെങ്കിലും മാറ്റി മറവു ചെയ്യുകയോ കായലില്‍ തള്ളുകയോ ചെയ്തിട്ടുണ്ടാകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.
കൂട്ടുപ്രതികള്‍ക്കൊപ്പം കലയുടെ മൃതദേഹം ടാങ്കില്‍ ഉപേക്ഷിച്ച ഒന്നാം പ്രതി കൂടിയായ ഭര്‍ത്താവ് അനില്‍, മൃതദേഹം പിന്നീട് ആരും അറിയാതെ അവിടെനിന്ന് മാറ്റിയോ എന്നാണ് പോലീസിന്റെ ബലമായ സംശയം. ഇസ്രയേലിലുള്ള അനിലിനെ എത്രയും വേഗത്തില്‍ നാട്ടിലെത്തിച്ചാലേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാകൂ. അതേ സമയം അനില്‍ ഇസ്രായേലില്‍ ജോലി ചെയ്യുന്നതായി നാട്ടുകാരെയും വീട്ടുകാരെയും വിശ്വസിപ്പിക്കുകയും ഇയാള്‍ മറ്റേതോ രാജ്യത്ത് കഴിയുകയും ചെയ്യുന്നതായും പോലീസിന് സംശയമുണ്ട്.
കൊലപാതകത്തില്‍ കൂട്ടുപ്രതികള്‍ അറസ്റ്റിലായതറിഞ്ഞ് അനില്‍ മറ്റെവിടേക്കെങ്കിലും ഒളിച്ചുകടന്നോ എന്നതിലും പരക്കെ സംശയം ഉയരുന്നുണ്ട്. 2009 ഡിസംബര്‍ ആദ്യ ആഴ്ചയിലാണ് കലയെ ശ്വാസം മുട്ടിച്ചു കൊന്നത്. കലയ്ക്കു പരപുരുഷ ബന്ധമുണ്ടെന്ന് സംശയിച്ച് അനില്‍ മറ്റു പ്രതികളെയും കൂട്ടി വലിയ പെരുമ്പുഴ പാലത്തില്‍ വച്ച് കലയെ കൊലപ്പെടുത്തിയെന്നും മൃതദേഹം പ്രതികള്‍ കാറില്‍ കൊണ്ടുപോയി എവിടെയോ മറവു ചെയ്തു തെളിവു നശിപ്പിച്ചെന്നുമാണ് കേസ്.
കലയെ കൊല്ലാനും മറവു ചെയ്യാനും സഹായിച്ച് പ്രതികളിലൊരാള്‍ ഭാര്യയുമായുള്ള വഴക്കിനിടെ കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതാണ് കൊലപാതക വിവരം 15 വര്‍ഷത്തിനു ശേഷം പുറത്തുവരാന്‍ ഇടയാക്കിയത്. ഇതേ സമയം പൊലീസിനു ലഭിച്ച ഊമക്കത്തും നിര്‍ണായകമായിരിക്കുന്നത്. കത്തിലെ വിവരങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
ഇതോടകം അറസ്റ്റിലായിരിക്കുന്ന മൂന്നു കൂട്ടുപ്രതികള്‍ക്കും സെപ്റ്റിക് ടാങ്കില്‍ രാത്രി മൃതദേഹം ഉപേക്ഷിച്ചതു വരെയുള്ള കാര്യങ്ങളേ അറിയൂ. ഒന്നാം പ്രതിയായ അനില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ ഇവിടെനിന്ന് മറ്റെവിടേക്കോ മാറ്റിയതായി പൊലീസ് സംശയിക്കാന്‍ കാരണം ഇതാണ്. അറസ്റ്റിലായിരിക്കുന്ന പ്രതികളെ ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. തുടരെ ചോദ്യം ചെയ്യുമ്പോഴും മൂന്നു പ്രതികളും ഒരേ മൊഴി നല്‍കുന്ന സാഹചര്യത്തിലാണ് അനില്‍ മൃതദേഹം കടത്തിയതായുള്ള സൂചനകള്‍ പുറത്തുവരുന്നത്. അറസ്റ്റിലായിരിക്കുന്ന പ്രതികള്‍ അനിലിന്റെ സുഹൃത്തുക്കള്‍ മാത്രമല്ല അടുത്ത ബന്ധുക്കളുമാണ്. പ്രതികളായ ഇരമത്തൂര്‍ സ്വദേശികള്‍ സോമരാജന്‍, പ്രമോദ്, ജിനു ഗോപി എന്നിവരെയാണ് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.
അറസ്റ്റിലായ പ്രതി പ്രമോദ് ഭാര്യയെയും മക്കളെയും കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ്. ഉപദ്രവത്തെ തുടര്‍ന്ന് പ്രമോദിന്റെ ഭാര്യ സ്വന്തം വീട്ടിലേക്കുപോയപ്പോള്‍ അവിടെ സ്‌ഫോടക വസ്തുക്കളുമായി എത്തി പ്രമോദ് വഴക്കുണ്ടാക്കി. അവിടെവച്ച് കലയെ കൊന്നതു പോലെ നിന്നെയും കൊല്ലുമെന്ന് പ്രമോദ് വെല്ലുവിളിച്ചു. ഇതിനുശേഷമാണ് മാന്നാര്‍ പോസ്റ്റ് ഓഫിസില്‍നിന്ന് ഒരു ഊമക്കത്ത് അമ്പലപ്പുഴ പൊലീസിനു ലഭിച്ചതും കേസ് തെളിയാന്‍ കാരണമായിരിക്കുന്നതും. വിവാഹശേഷം മുഖ്യപ്രതി അനില്‍ വിദേശത്തേക്കു പോയ കാലത്ത് കലയ്ക്ക് മാന്നാര്‍ കുട്ടമ്പേരൂര്‍ സ്വദേശിയുമായി അടുപ്പമുണ്ടായിരുന്നു. ഇയാള്‍ക്കൊപ്പം കല ഒരുമിച്ചു താമസിക്കുകയും ചെയ്തിരുന്നതായാണ് പറയപ്പെടുന്നത്. ഇയാളുമായുള്ള ബന്ധത്തിന്റെ പേരിലാണ് അനിലും കലയും തമ്മില്‍ അകന്നതെന്നാണു പൊലീസിന്റെ നിഗമനം.
കല മറ്റൊരാളോടൊപ്പം പാലക്കാട്ടേക്കു പോയെന്നാണ് അനിലും മറ്റും നാട്ടില്‍ പ്രചരിപ്പിച്ചിരുന്നത്. ഒന്നര വയസുള്ള കുട്ടിയെ ഉപേക്ഷിച്ചു പോയെന്നു കരുതിയ കലയോട് ബന്ധുക്കള്‍ക്കും അമര്‍ഷമുണ്ടായിരുന്നു. കൊലപാതകം നടന്ന ദിവസം അനിലും കലയും മാത്രമാണു കാറില്‍ സഞ്ചരിച്ചതെന്നാണു പൊലീസ് സംശയിക്കുന്നത്. എന്നാല്‍ കലയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മറവുചെയ്യാനായി മറ്റുള്ളവരെ അനില്‍ വിളിച്ചുവരുത്തുകയായിരുന്നോ എന്നതില്‍ വ്യക്തതയില്ല.
https://www.facebook.com/Malayalivartha

























