പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം... 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്

പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ പ്രതികള്‍ക്ക് ജാമ്യം. ഏറെ വിവാദമായ സംഭവം നടന്ന് 90 ദിവസമായിട്ടും കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്. പാനൂര്‍ ബോംബ് സ്‌ഫോടനക്കേസിലെ മൂന്നാം പ്രതി അരുണ്‍,നാലാം പ്രതി സബിന്‍ ലാല്‍, അഞ്ചാം പ്രതി അതുല്‍ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. തലശ്ശേരി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പാനൂര്‍ പൊലീസ് ഇതുവരെ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
ഏപ്രില്‍ 5ന് പുലര്‍ച്ചെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകനായ ഷെറില്‍ മരിക്കുകയും മറ്റൊരു സിപിഎം പ്രവര്‍ത്തകനായ വലിയപറമ്പത്ത് വിനീഷിനു ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ 3 ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളടക്കം 13 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. മരിച്ച ഷെറില്‍ അടക്കം കേസില്‍ ആകെ 15 പ്രതികളാണുള്ളത്.
കഴിഞ്ഞ മാസമാണ് കേസിലെ ഒന്നാം പ്രതി വിനീഷിനെ പൊലീസ് പിടികൂടിയത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ് കോയമ്പത്തൂരില്‍ ചികിത്സയിലായിരുന്ന വിനീഷ് ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് നിര്‍മാണത്തിന്റെ മുഖ്യസൂത്രധാരന്‍ വിനീഷെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ വീടിന് തൊട്ടടുത്ത നിര്‍മാണത്തിലിരുന്ന വീട്ടിലാണ് ബോംബ് നിര്‍മിച്ചിരുന്നത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും അറസ്റ്റിലായി. രണ്ടാം പ്രതി ഷെറില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. കേസില്‍ മുഴുവന്‍ പ്രതികളും പിടിയിലായിട്ടും പൊലീസ് ഇതുവരെയായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.
ബോംബ് സ്‌ഫോടനക്കേസില്‍ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടുകളും ശ്രദ്ധേയമായിരുന്നു. ആദ്യത്തെ 3 റിമാന്‍ഡ് റിപ്പോര്‍ട്ടുകളില്‍ പൊതുതിരഞ്ഞെടുപ്പും രാഷ്ട്രീയ എതിരാളികളെയും ലക്ഷ്യമിട്ടാണു ബോംബ് നിര്‍മിച്ചതെന്ന് ആരോപിച്ച പൊലീസ്, പിന്നീടുള്ള 3 റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലും ഇക്കാര്യംപരാമര്‍ശിച്ചിരുന്നില്ല. പ്രാദേശികമായി 2 വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെപ്പറ്റി ആദ്യത്തെ 3 റിപ്പോര്‍ട്ടുകളിലും പരാമര്‍ശിക്കാത്ത പൊലീസ്, മറ്റു 3 റിപ്പോര്‍ട്ടുകളിലും ഇതാണു ബോംബ് നിര്‍മാണത്തിനു കാരണമെന്ന് ആരോപിക്കുന്നു.
ഏപ്രില്‍ 6നു സമര്‍പ്പിച്ച, കേസിലെ ആദ്യ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ 'രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്നതിനും ആസന്നമായ പൊതുതിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സൈ്വരജീവിതത്തിനു ഭംഗം വരുത്തണമെന്ന ഉദ്ദേശ്യത്തിലുമാണ് പ്രതികള്‍ ബോംബ് നിര്‍മിച്ചതെന്ന്' പറയുന്നു. പ്രതികള്‍ക്കു ജാമ്യം അനുവദിക്കുന്നത് പ്രദേശവാസികളുടെയും എതിര്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെയും സൈ്വരജീവിതത്തിനു തടസ്സം വരുത്താനിടയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏപ്രില്‍ 7നും 8നും നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടുകളിലും ഇക്കാര്യം പൊലീസ് ആവര്‍ത്തിക്കുന്നു.
എന്നാല്‍, ഏപ്രില്‍ 10നു നല്‍കിയ നാലാമത്തെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍, പാനൂര്‍ സ്റ്റേഷന്‍ പരിധിയിലെ കുയിമ്പില്‍ ക്ഷേത്രപരിസരത്തുണ്ടായ സംഘര്‍ഷമാണു ബോംബ് നിര്‍മിക്കാനുള്ള കാരണമെന്നു പറയുന്നു. രാഷ്ട്രീയ എതിര്‍പ്പും തിരഞ്ഞെടുപ്പു സാഹചര്യവുമാണു ബോംബ് നിര്‍മാണത്തിനു കാരണമെന്ന് ഈ റിപ്പോര്‍ട്ടിലില്ല. ഏപ്രില്‍ 14നും 19നും നല്‍കിയ റിപ്പോര്‍ട്ടുകളും സമാനരീതിയിലാണ്.
https://www.facebook.com/Malayalivartha

























