കലയുടെ കൊലപാതകത്തിൽ കൃത്യം നടന്ന തീയതി ഉറപ്പിക്കാനോ ആയുധം എവിടെയെന്ന് കണ്ടെത്താനോ കഴിയാതെ പോലീസ്; പാലത്തിന് സമീപത്ത് വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് പറഞ്ഞ പ്രതികൾക്കും സാക്ഷികൾക്കും ദിവസം ഓർമ്മയില്ല: ഉപയോഗിച്ച ആയുധം ഏതെന്ന കാര്യത്തിലും വ്യക്തതയില്ല...

മാന്നാർ സ്വദേശിയായ കലയുടെ കൊലപാതകത്തിൽ കൃത്യം നടന്ന തീയതി ഉറപ്പിക്കാനോ ആയുധം എവിടെയെന്ന് കണ്ടെത്താനോ കഴിയാതെ പോലീസ്. മൃതദേഹം കൊണ്ടുപോയി എന്ന് പറയപ്പെടുന്ന മാരുതി കാർ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 15 വർഷം മുമ്പുള്ള കാർ എവിടെ എന്നതിൽ യാതൊരു സൂചനയും നിലവിലില്ല. സെപ്റ്റിക് ടാങ്കിൽ നിന്നും കിട്ടിയ സാമ്പിളികളുടെ ശാസ്ത്രീയ പരിശോധന ഫലം കാത്തിരിക്കുകയാണ് പൊലീസ്. ഈ പരിശോധന ഫലം കിട്ടിയതിനുശേഷം മാത്രമായിരിക്കും മൃതദേഹം കലയുടേതാണെന്ന് ഉറപ്പിക്കാൻ കഴിയുക. കേസിൽ നാല് പ്രതികളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഭർത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. നാലുപേരും ചേർന്ന് കലയെ കാറിൽവച്ചു കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടി എന്നാണ് പൊലീസിന്റെ നിഗമനം. യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടി എന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്.
പ്രതികൾ മൂന്ന് പേര് കസ്റ്റഡിയിൽ ഉണ്ടെങ്കിലും കല കൊലപാതകത്തിലെ അന്വേഷണം കൂടുതൽ സങ്കീർണമാവുകയാണ്. ശാസ്ത്രീയ തെളിവുകളുടെ ആഭാവമുള്ള കേസ് എങ്ങനെ കോടതിയിൽ നിലനിൽക്കും എന്നതാണ് പൊലീസിന് മുന്നിലുള്ള വെല്ലുവിളി. അതുകൊണ്ട് തന്നെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് പ്രത്യേക അന്വേഷണ സംഘം. കലയെ കൊന്ന ദിവസം പോലും കൃത്യമായി രേഖപ്പെടുത്തനായിട്ടില്ല. പെരുമ്പുഴ പാലത്തിന് സമീപത്ത് വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് പറഞ്ഞ പ്രതികൾക്കും സാക്ഷികൾക്കും ദിവസം ഓർമ്മയില്ല.
കൊലപാതകത്തിന് ഉപയോഗിച്ച ആയുധം ഏതെന്ന കാര്യത്തിലും വ്യക്തതയില്ല. ഇതിനെല്ലാം ഉത്തരം കിട്ടയിതിന് ശേഷമായിരിക്കും പ്രതികളെ സംഭവ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തുക. ഒന്നാം പ്രതി അനിലിനറെ അടുത്ത സുഹൃത്തുക്കളേയും ചോദ്യം ചെയ്യുകയാണ്. മാന്നാർ സ്വദേശിയായ ഒരാളെ ഇന്നലെ നെടുംങ്കണ്ടത്തെത്തി പൊലീസ് കൂട്ടിക്കൊണ്ട് വന്നിരുന്നു. അനിലിനെയും അടുത്ത ദിവസം തന്നെ നാട്ടിൽ എത്തിക്കുമെന്നാണ് സൂചന. കലയുടെ ഭിന്നശേഷിക്കാരനായ സഹോദരന്റെയും മൊഴി എടുത്തു.
https://www.facebook.com/Malayalivartha

























