മാന്നാർ കല കൊലപാതകത്തിൽ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും മൂന്ന് പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റി; അന്വേഷണം ഇതര സംസ്ഥാനങ്ങളിലേയ്ക്ക്:- മുഖ്യപ്രതി അനിലിന് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും...

മാന്നാർ കല കൊലപാതകത്തിൽ പ്രതികളുമായി ഇന്നലെയും തെളിവെടുപ്പ് നടന്നില്ല. കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളെയും മൂന്ന് പോലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ കഴിഞ്ഞ രാത്രി വിവിധയിടങ്ങളിലേക്ക് മാറ്റി ചോദ്യം ചെയ്തു. ഇവരെ ഒരുമിച്ച് ഇട്ടാല്‍ ഇവര്‍ കേസിനെ വഴി തെറ്റിക്കാന്‍ പുതിയ കഥകള്‍ മെനയുമോ എന്നാണ് ആശങ്ക. ജിനുഗോപി(48), കണ്ണമ്പള്ളില്‍ സോമരാജന്(55), കണ്ണമ്പള്ളില്‍ പ്രമോദ്(45) എന്നിവരെ വ്യാഴാഴ്ച മുഴുവന്‍ ചോദ്യം ചെയ്തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചില്ല.
രാത്രിയോടെ ജിനു ഗോപി, പ്രമോദ് എന്നിവരെ രണ്ടിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. സോമരാജന് മാത്രമാണ് മാന്നാര്‍ പോലീസ് സ്റ്റേഷനിലുള്ളത്. മൂന്നുപേരെയും ഒറ്റയ്ക്കു ചോദ്യംചെയ്യാനാണ് ഇങ്ങനെ മാറ്റിയത്. കൊല്ലപ്പെട്ട കലയുടെ സഹോദരങ്ങളായ ഓട്ടോറിക്ഷാ തൊഴിലാളി അനില്‍കുമാര്‍(കവികുമാര്‍), കലാധരന്‍ എന്നിവരെയും വീണ്ടും സ്റ്റേഷനില്‍ വിളിച്ചു വരുത്തിയിരുന്നു.
ഒന്നാം പ്രതിയായ അനിലുമായി വര്‍ഷങ്ങളായി അടുപ്പമുള്ള സുഹൃത്തുക്കളെയും പോലീസ് അന്വേഷിക്കുന്നതായാണ് വിവരം. ഇതില്‍ ചിലരെ മാന്നാര്‍ പോലീസ് സ്റ്റേഷനില്‍ വരുത്തി ചോദ്യം ചെയ്തു. അനിലിന്റെ ക്രിമിനല്‍ പശ്ചാത്തലവും പോലീസ് അന്വേഷിക്കുന്നുണ്ട്. സംഭവം നടന്ന 2009 ല്‍ അനിലിന്റെ സുഹൃത്തുക്കള്‍, അടുത്ത ബന്ധമുണ്ടായിരുന്നവര്‍ എന്നിവരുടെ പട്ടിക പോലീസ് തയാറാക്കി. അതിനിടെ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുകയാണ് പോലീസ്.
സംസ്ഥാന അതിർത്തിയിലും ഇതര സംസ്ഥാനത്തുമുള്ള അനിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പ്രതികളുടെ കസ്റ്റഡി രണ്ട് ദിവസം പിന്നിടുമ്പോൾ നൂറിലധികം ആളുകളെയാണ് ചോദ്യം ചെയ്തത്. കൂട്ടുപ്രതികളെ കൂടാതെ ഒന്നാംപ്രതി അനിൽ കലയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്ന് മാറ്റിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചത്.
മൃതദേഹം എങ്ങോട്ട് മാറ്റിയെന്നും മറ്റാരുടെയെങ്കിലും സഹായം തേടിയിരുന്നോ എന്നും കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. മുൻപ് സ്പിരിറ്റ് കടത്തൽ വാഹനത്തിലെ ഡ്രൈവറായിരുന്ന അനിലിന്റെ അബ്കാരി ബന്ധങ്ങൾ കേന്ദ്രീകരിച്ചാണ് ഇതര സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുന്നത്.
കേസിൽ മുഖ്യപ്രതി അനിലിനു വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. രാജ്യത്തെ ഏത് വിമാനത്തവളത്തില്‍ വന്നിറങ്ങിയാലും അറസ്റ്റ് ചെയ്യുന്ന രീതിയിലാണ് പോലീസ് നീക്കം നടത്തുന്നത്. കേസില്‍ ഇനി പോലീസിന് മുമ്പോട്ട് പോകണമെങ്കില്‍ ഇസ്രായേലില്‍ ഉണ്ടെന്ന് കരുതുന്ന അനിലിനെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യേണ്ടതുണ്ട്. ഇയാളെ നാട്ടില്‍ എത്തിക്കുന്നതിനുള്ള കൂടുതല്‍ ശ്രമങ്ങള്‍ പോലീസ് നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha

























